മസ്‌ക്കുലാർ ഡിസ്‌ട്രോഫി ബാധിതയായ തൃശൂർ സ്വദേശി അനീഷ അഷ്റഫിന് പത്താം ക്ലാസ് തുല്യത പരീക്ഷ വീട്ടിലിരുന്ന് എഴുതാൻ സർക്കാർ പ്രത്യേക അനുമതി നൽകി. നവകേരള സദസ്സിലടക്കം അനീഷ ഉന്നയിച്ച ആവശ്യങ്ങൾ പരിഗണിച്ചാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഈ തീരുമാനം

തൃശൂർ: മസ്‌ക്കുലാർ ഡിസ്‌ട്രോഫി ബാധിതയായ 32-കാരിയ്ക്ക് 10 -ാം ക്ലാസ്സ് തുല്യത പരീക്ഷ വീട്ടിൽവെച്ച് എഴുതാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ജോയിന്റ് സെക്രട്ടറി പ്രത്യേക അനുമതി നൽകി. തൃശൂർ, തളിക്കുളം, ആസാദ് നഗർ പണിക്കവീട്ടിലെ അനീഷ അഷ്റഫിനാണ് ഈ അനുമതി. 10 -ാം ക്ലാസ്സ് തുല്യത പരീക്ഷയുൾപ്പെടെ സമാന പരീക്ഷകൾ ഓൺലൈനായി വീട്ടിലിരുന്ന് എഴുതാൻ പ്രത്യേക സൗകര്യം നൽകണമെന്ന അപേക്ഷ പരിഗണിച്ചാണ് അനുമതി നൽകിയത്. ചലനശേഷി തീരെ കുറവായ അനീഷ ഏഴാം ക്ലാസ്സ് തുല്യത പരീക്ഷ പ്രത്യേക അനുമതിയോടെ വീട്ടിലിരുന്ന് എഴുതി പാസായിരുന്നു. ഉത്തരവ് പ്രകാരം വീട്ടിലെ ഒരു മുറി പരീക്ഷാ ഹാളിന് സമാനമായി സജ്ജീകരിക്കും. മുറിയിൽ വിദ്യാർത്ഥിയും ഇൻവിജിലേറ്ററും മാത്രമേ പാടുള്ളൂ. പരീക്ഷ നടത്തുന്നതിന്റെ എല്ലാ ക്രമീകരണങ്ങളും ഏർപ്പെടുത്തേണ്ടത് പരീക്ഷാഭവൻ സെക്രട്ടറിയാണ്.

Add Asianetnews as a Preferred SourcegooglePreferred

ഒരു വർഷം മുമ്പ് നടന്ന നവകേരള സദസ്സിൽ ആരോഗ്യമന്ത്രിയോടും ഉന്നത വിദ്യാഭ്യാസമന്ത്രിയോടും താനുൾപ്പെടെയുള്ള ഭിന്നശേഷി കുട്ടികൾ അനുഭവിക്കുന്ന വേദനകൾ അനീഷ പങ്കുവെച്ചിരുന്നു. പിന്നീട് മുഖ്യമന്ത്രി നടത്തിയ മുഖാമുഖം പരിപാടിയിലും അനീഷ താനുൾപ്പെടുന്ന സമൂഹത്തിൻ്റെ ദുരിതങ്ങൾ വിവരിച്ചു. ഒരു മാസം മുമ്പ് 'സി എം വിത്ത് മീ' യിലും പരാതി നൽകി. നിവേദനം നൽകിയപ്പോൾ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും നൽകിയ ഉറപ്പിനെ തുടർന്ന് സാക്ഷരത മിഷൻ നടത്തുന്ന 10 -ാം ക്ലാസ് തത്തുല്യ യോഗ്യത പരീക്ഷക്ക് കഴിഞ്ഞ 16 മാസമായി അനീഷ തയ്യാറെടുത്തു വരികയാണ്. ഈ വരുന്ന നവംബർ 8 നാണ് പരീക്ഷ തുടങ്ങുന്നത്.

സർക്കാർ തീരുമാനത്തിൽ സന്തോഷമെന്നും ആശിച്ചു പഠിച്ചു തുടങ്ങിയതാണെന്നും സർക്കാരിന് ഒരുപാട് നന്ദിയെന്നും അനീഷ പ്രതികരിച്ചു. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അനീഷയെ വീഡിയോ കോളിൽ വിളിച്ചു സംസാരിച്ചു. എട്ടാം വയസിലാണ് അനീഷയ്ക്ക് രോഗം പിടിപെടുന്നത്. 11 വയസായപ്പോഴേക്കും നടക്കാൻ കഴിയാതായി. തുടർന്ന് പഠനം ഉപേക്ഷിക്കേണ്ടി വന്നു. 2021 ലെ ലോകഭിന്നശേഷി ദിനത്തിൽ സാമൂഹ്യ നീതി വകുപ്പ് നടത്തിയ 'ഉണർവ്വ്' ഓൺലൈൻ കഥാരചന മത്സരത്തിൽ അനീഷയ്ക്കായിരുന്നു ഒന്നാം സ്ഥാനം. 2023 ലെ സംസ്ഥാന ഭിന്നശേഷി അവാർഡും അനീഷക്ക് ലഭിച്ചിരുന്നു. അനീഷയ്ക്ക് 10 -ാം ക്ലാസ്സ് തുല്യത പരീക്ഷ വീട്ടിൽ വെച്ച് എഴുതാൻ അനുമതി ലഭ്യമാക്കണമെന്ന് തൃശൂർ ജില്ലാ സാമൂഹ്യനീതി ഓഫീസറും ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറും ശിപാർശ നൽകിയിരുന്നു.