സദസിലേക്ക് ഇമാമിനു ഉൾപ്പെടെ നവകേരളാ സദസിലേക്ക് ക്ഷണം ഉണ്ടായിരുന്നു.

പത്തനംതിട്ട: നവകേരള സദസ്സ് ക്ഷണത്തോട് മുഖംതിരിച്ച് മുസ്ലീം ജമാ അത്ത് കമ്മിറ്റി. പ്രഭാത യോഗത്തിൽ പത്തനംതിട്ട ജമാഅത്ത് കമ്മിറ്റി പ്രതിനിധികൾ പങ്കെടുക്കില്ല. സദസിലേക്ക് ഇമാമിനു ഉൾപ്പെടെ നവകേരളാ സദസിലേക്ക് ക്ഷണം ഉണ്ടായിരുന്നു. എന്നാൽ ജസ്റ്റിസ്‌ ഫാത്തിമ ബീവിയുടെ സംസ്കാര ചടങ്ങുമായി ബന്ധപ്പെട്ട ഭിന്നതയാണ് പ്രതിനിധികൾ പങ്കെടുക്കാത്തതിന് കാരണമായത്. സംസ്ക്കാര ചടങ്ങിൽ സർക്കാർ പ്രതിനിധികൾ പങ്കെടുക്കാതിരുന്നതിനെ ജമാ അത്ത് കമ്മിറ്റി നേരത്തെ വിമർശിച്ചിരുന്നു. 

സ്വന്തം ജില്ലക്കാരിയായ മന്ത്രി വീണാ ജോർജ് എത്തിയില്ലെന്നായിരുന്നു മുസ്‌ലിം ജമാഅത്ത് ഭാരവാഹികൾ പറഞ്ഞത്. മന്ത്രി വരാത്തതിൽ വിഷമം ഉണ്ട്. അത് ഒരു കുറവായി തന്നെ കാണുന്നുവെന്ന് ജമാഅത്ത് പ്രസിഡന്റ് എച്ച്. ഷാജഹാൻ പറഞ്ഞിരുന്നു. മന്ത്രി പൊതു സമൂഹത്തോട് മറുപടി പറയേണ്ടിവരും. മുനിസിപ്പൽ പരിധിയിലുള്ള സ്കൂളുകൾക്ക് അവധി നൽകാൻ പോലുമുള്ള മനസ്സുണ്ടായില്ലെന്നും ഭാരവാഹികൾ വിമർശിച്ചിരുന്നു. എന്നാൽ, മറ്റു ലക്ഷ്യങ്ങൾ വച്ചാണ് ജമാഅത്തിന്റെ ഭാഗത്തുനിന്ന് പ്രതികരണം ഉണ്ടായതെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. ഇതിൽ മുഖ്യമന്ത്രിയുടെ പ്രതികരണം വേദനിപ്പിച്ചു എന്നും ജമാഅത്ത് നേരത്തെ വ്യക്തമാക്കിയിരുന്നു. 

നവ കേരള സദസ്സ് ഉള്ളതിനാൽ മന്ത്രിമാർക്ക് വിട്ടുനിൽക്കാൻ കഴിയില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ മറ്റ് ആവശ്യങ്ങൾക്കും സംസ്കാര ചടങ്ങുകളിലും മന്ത്രിമാർ പങ്കെടുത്തിട്ടുണ്ടെന്നും കേരള സർക്കാരിന്റെ സമീപനം മതനിരപേക്ഷ സമൂഹം പ്രതീക്ഷിച്ചതല്ലെന്നും ജമാഅത്ത് കമ്മിറ്റി വിമർശിച്ചു. സമുദായത്തിന്റെ ഉദ്ദേശശുദ്ധിയെ ആണ് മുഖ്യമന്ത്രി ചോദ്യം ചെയ്തതെന്നും ഇത് സമുദായത്തെയാകെ വേദനിപ്പിച്ചു. തങ്ങൾ പ്രകടിപ്പിച്ച വിഷമം ഏതെങ്കിലും രാഷ്ട്രീയ ലക്ഷ്യത്തോടെയല്ലെന്നും ജമാഅത്ത് അംഗങ്ങളുടെ പൊതു വികാരമാണെന്നും ചീഫ് ഇമാം അബ്ദുൽ ഷുക്കൂർ മൗലവിയും ജമാഅത്ത് പ്രസിഡന്റ് ഹാജി എച്ച് ഷാജഹാനും പ്രതികരിച്ചിരുന്നു.

നവ കേരള സദസ്സിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ സംരക്ഷണം നൽകേണ്ട കാര്യമില്ല, ഇനിയും ഇടപെടില്ല: എംവി ഗോവിന്ദൻ

കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു ജസ്റ്റിസ് ഫാത്തിമബീവിയുടെ അന്ത്യം. ഇന്ത്യയുടെ പരമോന്നത നീതി പീഠത്തിലെ ആദ്യ വനിതയായിരുന്നു ഫാത്തിമ ബീവി. തമിഴ്നാട് ഗവര്‍ണറും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അംഗവുമായി ചുമതല വഹിച്ചിട്ടുണ്ട്. 1927 ഏപ്രിൽ 30-ന് പത്തനംതിട്ട ജില്ലയിൽ അണ്ണാവീട്ടിൽ മീര സാഹിബിന്‍റെയും ഖദീജ ബീവിയുടെയും മകളായിട്ടായിരുന്നു ജനനം.