പ്രധാനമന്ത്രി ഒരു വിഭാഗത്തെ പ്രതിക്കൂട്ടിൽ ആക്കുന്ന തരത്തിലുള്ള പരാമർശമാണ് നടത്തിയത്,  തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതിനെതിരെ നടപടിയെടുക്കണമെന്നും സാദിഖലി തങ്ങള്‍. 

മലപ്പുറം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിവാദ പ്രസംഗത്തിനെതിരെ പ്രതികരിച്ച് മുസ്ലീം ലീഗും. പ്രധാനമന്ത്രിയുടേത് സ്ഥാനത്തിന് നിരക്കാത്ത പരാമര്‍ശമെന്ന് പാണക്കാട് സാദിഖലി തങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ പ്രതികരണത്തില്‍ പറഞ്ഞു. മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കാനുള്ള ഉത്തരവാദിത്തമാണ് പ്രധാനമന്ത്രിക്കുള്ളതെന്നും സാദിഖലി തങ്ങള്‍. 

പ്രധാനമന്ത്രി ഒരു വിഭാഗത്തെ പ്രതിക്കൂട്ടിൽ ആക്കുന്ന തരത്തിലുള്ള പരാമർശമാണ് നടത്തിയത്, തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതിനെതിരെ നടപടിയെടുക്കണമെന്നും സാദിഖലി തങ്ങള്‍. 

ഇന്ത്യയിൽ നടക്കുന്നത് ഒരു നിഷ്പക്ഷ തെരെഞ്ഞെടുപ്പാണ്, ഹേറ്റ് ക്യാമ്പയിൻ അല്ല എന്ന് തെളിയിക്കേണ്ട ഉത്തരവാദിത്വം രാജ്യത്തിനും തെരഞ്ഞെടുപ്പ് കമ്മീഷനും ഉണ്ടെന്ന് പികെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ എന്ത് നടപടി എടുക്കും എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി. 

തെരഞ്ഞെടുപ്പ് കമ്മീഷൻ ഇത് വരെയായിട്ടും യാതൊരു നടപടിയും എടുത്ത് കാണുന്നില്ല, അത് വളരെയധികം അങ്കലാപ്പ് ഉണ്ടാക്കുന്ന വിഷയമാണ്, ഇന്ത്യയിൽ നടക്കുന്ന പ്രചാരണം മതേതരത്വത്തിന് നിരക്കാത്തതാണെന്ന് ലോകം കാണുകയാണ്, ഇതില്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തരമായി നടപടിയെടുക്കണമെന്നും കുഞ്ഞാലിക്കുട്ടി. രാഹുല്‍ ഗാന്ധിയെ കടന്നാക്രമിച്ചിട്ട് കാര്യമില്ലെന്നും യുഡിഎഫ് വിജയം നേടുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു. 

കടുത്ത പ്രതിഷേധമാണ് പ്രതിപക്ഷനിരയില്‍ നിന്ന് നരേന്ദ്ര മോദിക്കെതിരെ ഉയരുന്നത്. വിദ്വേഷപ്രസംഗത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുത്തേ മതിയാകൂ എന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് കോൺഗ്രസ്. തെര‍ഞ്ഞെടുപ്പ് കമ്മീഷൻ വിഷയത്തില്‍ നടപടി തുടങ്ങിയിട്ടുണ്ട്. പ്രസംഗത്തിന്‍റെ ദൃശ്യങ്ങള്‍ ഹാജരാക്കാൻ ബൻസ്വാര ഇലക്ട്രല്‍ ഓഫീസറോട് ആവശ്യപ്പെട്ടിട്ടുണ്ട്. സുപ്രീംകോടതിയില്‍ വിഷയം ഉന്നയിക്കാനാണ് സിപിഎം നീക്കം. 

 രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെ പ്രസംഗിക്കവെ മോദി നടത്തിയ ചില പരാമര്‍ശങ്ങളാണ് വിവാദമായിരിക്കുന്നത്. കോൺഗ്രസ്, ജയിച്ചുവന്നാല്‍ രാജ്യത്തിന്‍റെ സമ്പത്ത് മുസ്ലീങ്ങള്‍ക്ക് നല്‍കും, കൂടുതല്‍ മക്കളുള്ളവര്‍ക്കും നുഴഞ്ഞുകയറ്റക്കാര്‍ക്കും ആ സമ്പത്ത് കൊടുക്കേണ്ടതുണ്ടോ എന്നുതുടങ്ങുന്ന മോദിയുടെ പരാമര്‍ശങ്ങളാണ് പ്രതിപക്ഷം ഏറ്റെടുത്തിരിക്കുന്നത്. 

Also Read:- പ്രധാനമന്ത്രിയുടെ വിവാദ പ്രസംഗത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രതികരണം കാത്ത് പ്രതിപക്ഷം; പൊലീസിലും പരാതി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo