Asianet News MalayalamAsianet News Malayalam

ന്യൂനപക്ഷ സ്കോളർഷിപ്പ് പുനസ്ഥാപിക്കണം, സച്ചാർ കമ്മീഷൻ റിപ്പോർട്ട് മരവിച്ച അവസ്ഥ: മുസ്ലീം ലീഗ്

ന്യൂനപക്ഷ സ്കോളർഷിപ്പ് പുനസ്ഥാപിക്കാൻ സർക്കാർ തയ്യാറാവണം. ഇക്കാര്യം ചർച്ച ചെയ്യാൻ വിളിച്ച സർവ്വകക്ഷി യോഗത്തിൽ സർക്കാർ തീരുമാനം എടുത്തിട്ടില്ല. ഇക്കാര്യം നീട്ടിക്കൊണ്ടു പോകുന്നതിൽ വലിയ ആശങ്കയുണ്ടെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. 

muslim league demand restoration of minority scholarship
Author
Malappuram, First Published Jun 6, 2021, 12:56 PM IST

മലപ്പുറം: ന്യൂനപക്ഷ സ്കോളർഷിപ്പ് അടിയന്തരമായി പുനസ്ഥാപിക്കണമെന്ന് മുസ്ലീം ലീഗ് ആവശ്യപ്പെട്ടു. ന്യൂനപക്ഷ സ്കോളർഷിപ്പ് അനുപാതം ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തിലെ തുടർ നടപടികൾക്കായി വിദഗ്ദ്ധ സമിതിയെ ചുമതലപ്പെടുത്താൻ സർവകക്ഷി യോഗം തീരുമാനിച്ചിരുന്നു. വിദഗ്ദ്ധ സമിതിയെ നിയമിക്കുക എന്ന അപ്രായോഗികമായ കാര്യമാണെന്നും ഇതിനെ അംഗീകരിക്കാനാവില്ലെന്നും മുസ്ലീം ലീഗ് നേതാക്കളായ പി.കെ.കുഞ്ഞാലിക്കുട്ടിയും ഇ.ടി.മുഹമ്മദ് ബഷീറും മലപ്പുറത്ത് പറഞ്ഞു. 

സച്ചാർ കമ്മീഷൻ റിപ്പോർട്ട് പൂർണമായും നടപ്പാക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവണം. കോടതി വിധിയോടെ പാലോളി കമ്മീഷൻ റിപ്പോർട്ട് അസാധുവായി. മറ്റ് വിഭാഗങ്ങളിലെ അർഹരായ  പിന്നോക്കാകാർക്ക് ആനുകൂല്യങ്ങൾ നൽകുന്നതിന് മുസ്ലീം ലീഗ് എതിരല്ല. എന്നാൽ അതിനെ സച്ചാർ കമ്മീഷനുമായി കൂട്ടിക്കുഴക്കേണ്ടതില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.  

ന്യൂനപക്ഷ സ്കോളർഷിപ്പ് പുനസ്ഥാപിക്കാൻ സർക്കാർ തയ്യാറാവണം. ഇക്കാര്യം ചർച്ച ചെയ്യാൻ വിളിച്ച സർവ്വകക്ഷി യോഗത്തിൽ സർക്കാർ തീരുമാനം എടുത്തിട്ടില്ല. ഇക്കാര്യം നീട്ടിക്കൊണ്ടു പോകുന്നതിൽ വലിയ ആശങ്കയുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.  കോടതി വിധിയോടെ ന്യൂനപക്ഷ ക്ഷേമ പദ്ധതികൾ നടപ്പാക്കാൻ കഴിയാത്ത സ്ഥിതിയാണെന്ന് മുസ്ലീം ലീഗ് നേതാവ് ഇ.ടി.മുഹമ്മദ് ബഷീർ എം.പി പറഞ്ഞു. സച്ചാർ കമ്മിറ്റി റിപ്പോർട്ട് തന്നെ നടപ്പാക്കാനാവാത്ത സ്ഥിതി വന്നിരിക്കുന്നു. തീരുമാനമെടുക്കാതെ നീട്ടികൊണ്ടുപോകാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

80:20 അനുപാതം ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തിൽ സാമുദായിക സംഘർഷം ഒഴിവാക്കി സമവായത്തിലൂടെ പ്രശ്നം തീർക്കണണെന്നാണ് സർക്കാർ വിളിച്ചു ചേർത്ത സർവ്വകക്ഷിയോഗത്തിലുണ്ടായ പൊതുധാരണ. ഭൂരിപക്ഷ അഭിപ്രായം മാനിച്ചാണ് വിദഗ്ധസമിതി വരുന്നത്. നിയമപരമായ എല്ലാ സാധ്യതകളും സമിതി പരിശോധിക്കും. വിധി ബാധിക്കുന്ന എല്ലാ വിഭാഗങ്ങളുമായി ചർച്ചയും നടത്തിയാകും അന്തിമതീരുമാനമെന്നാണ് സർക്കാർ വിശദീകരിച്ചത്. 

Follow Us:
Download App:
  • android
  • ios