കണ്ണൂരിൽ കൊലക്കേസ് പ്രതികളായ കൂടുതൽ പേർ കൊല്ലപ്പെടുകയോ മരിക്കുകയോ ചെയ്തിട്ടുണ്ട്; സിപിഎമ്മിനെ പിടിവിടാതെ ഷാജി
കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പങ്കെടുത്ത രാഷ്ട്രീയ പൊതുസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു ഷാജി.
സുൽത്താൻ ബത്തേരി: കണ്ണൂരിൽ കൊലക്കേസ് പ്രതികളായ കൂടുതൽ പേർ കൊല്ലപ്പെടുകയോ മരിക്കുകയോ ചെയ്തിട്ടുണ്ടെന്ന് സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി. 10 വർഷം കണ്ണൂരിലെ എംഎൽഎയായിരുന്നു. എംഎസ്എഫ് മുതൽ കണ്ണൂരിലുണ്ട്. സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയം അറിയാം. കുഞ്ഞനന്ദൻ മാത്രമല്ല, സിഎച്ച് അശോകൻ മരിച്ചത് എങ്ങനെയാണെന്നും കെഎം ഷാജി ചോദിച്ചു. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പങ്കെടുത്ത രാഷ്ട്രീയ പൊതുസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു ഷാജി.
ശുക്കൂറിൻ്റെ കൊലയാളി ആത്മഹത്യ ചെയ്തതാണോ?മറ്റൊരു കൊലയാളിയുടെ ഭാര്യയുടെ ആത്മഹത്യ -ഇതെല്ലാം ആത്മഹത്യയാണോ? ഫസലിന്റെ കൊലപാതക കേസിലെ മൂന്ന് പ്രതികൾ വഴിയിൽ മരിച്ചു കിടക്കുന്നു, കൊന്നിട്ടതാണ്. മൻസൂറിനെ കൊന്നയാൾ മൂന്നുമാസം മുമ്പ് വളയത്ത് പോയി ആത്മഹത്യ ചെയ്തു- ഇതെല്ലാം ആത്മഹത്യയാണോ? അന്വേഷിക്കേണ്ടേയെന്നും കെഎം ഷാജി ചോദിച്ചു. കുഞ്ഞനന്തന്റെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയിൽ കേസെടുക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെ കെ.എം.ഷാജി വെല്ലുവിളിച്ചു. കുഞ്ഞനന്തന്റെ മരണവുമായി ബന്ധപ്പെട്ടുള്ള പരാമർശത്തിൽ കേസെടുക്കുമെന്നാണ് എം.വി.ഗോവിന്ദൻ പറഞ്ഞത്. കേസടുത്താൽ കണ്ണൂരിൽ നടന്ന മറ്റ് ദുരൂഹ മരണങ്ങളുടെ വിവരങ്ങളും പുറത്തുവിടേണ്ടി വരുമെന്നും അത്തരം സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
ന്യൂനപക്ഷങ്ങളുടെ തന്ത ചമയാൻ പിണറായി വിജയൻ നിൽക്കരുത്. ബിജെപിയെക്കാൾ വലിയ ഭീതിയാണ് പിണറായി വിജയൻ സൃഷ്ടിക്കുന്നത്. കരിമണൽ കേസുമായി ബന്ധപ്പെട്ട് ‘പി.വി’ താനല്ല എന്നാണ് പിണറായി പറഞ്ഞത്. എന്നാൽ വീണ തന്റെ മകളല്ല എന്ന് പറഞ്ഞിട്ടില്ല. വീണയ്ക്കെതിരെ ആരോപണം ഉയർന്നപ്പോൾ അന്വേഷിക്കാൻ മുഖ്യമന്ത്രി ഉത്തരവിട്ടോ. മകനെതിരെ ആരോപണം വന്നപ്പോൾ സിബിഐക്ക് കത്തെഴുതിയ ആളാണ് മുൻ സിപിഎം മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ. അധികം വൈകാതെ വീണയെ അറസ്റ്റ് ചെയ്യും. അപ്പോൾ ഞഞ്ഞാപിഞ്ഞാ ന്യായം പറയരുത്".
"പത്മജ ബിജെപിയിലേക്ക് പോയപ്പോൾ ആ നിമിഷം പത്മജയെ തള്ളിപ്പറയാൻ വി.മുരളീധരന് സാധിച്ചു. ബിജെപിയിലേക്ക് പോയ അനിൽ ആന്റണിയെ എ.കെ.ആന്റണി മൂന്നുവട്ടം തള്ളിപ്പറഞ്ഞു. അനിൽ തോൽക്കണമെന്നും പറഞ്ഞു. കോടാനുകോടികൾ കയ്യിലൂടെ ഒഴുകിയപ്പോളും കട്ടൻ ചായയുടെ പൈസയ്ക്ക് പോലും ആന്റണി അഴിമതി കാണിച്ചില്ല. കക്കാത്ത ആന്റണിയെ ആയിരുന്നില്ല അനിലിന് ഇഷ്ടം പകരം കക്കുന്ന ബിജെപിയാണ്".
ഞങ്ങളുടെ കൊടി എവിടെ കെട്ടണമെന്ന് ഞങ്ങൾക്ക് അറിയാം. അത് എവിടെ കെട്ടണമെന്ന് പിണറായി വിജയൻ പറയേണ്ട. മാഹി ബൈപ്പാസിൽ പ്രചാരണം നടത്തുന്ന വാഹനത്തിന്റെ വേഗതയ്ക്ക് അനുസരിച്ച് നിലപാട് മാറുന്ന പാർട്ടിയാണ് സിപിഎം. മാഹി ബൈപാസിൽ കയറുന്ന വണ്ടി ‘രാഹുൽ ഗാന്ധിക്ക് വേണ്ടി’ എന്ന് വിളിച്ചു പറയും. പാലം കഴിഞ്ഞാൽ ‘രാഹുൽ ഗാന്ധിക്ക് വേണ്ട’ എന്നും പറയും. ഇത്രയും ഗതികെട്ട പാർട്ടിയാണ് സിപിഎം. തുടൽ അഴിച്ചുവിട്ട വേട്ടപ്പട്ടിയെപ്പോലെയാണ് പി.വി.അൻവറെന്നും ഷാജി പറഞ്ഞു.
https://www.youtube.com/watch?v=Ko18SgceYX8