'മിക്സ്ഡ് ബെഞ്ചും മിക്സ്ഡ് ഹോസ്റ്റലും വലിയ പ്രശ്‍നമുണ്ടാക്കും. ലിംഗം നിശ്ചയിക്കുന്നത് ജൈവശാസ്ത്രപരമായാണ്. ലിംഗതുല്യതയെ ശക്തമായി എതിർക്കുന്നു'.

തിരുവനന്തപുരം: പാഠ്യപദ്ധതി പരിഷ്കരിക്കാനുള്ള സർക്കാർ നീക്കത്തെ നിയമസഭയിൽ രൂക്ഷമായി വിമർ‌ശിച്ച് മുസ്ലിം ലീ​ഗ് എംഎൽ‌എ എൻ‌ ഷംസുദ്ദീൻ. മിക്സ്ഡ് ബെഞ്ചും മിക്സ്ഡ് ഹോസ്റ്റലും വലിയ പ്രശ്‍നമുണ്ടാക്കും. ലിംഗം നിശ്ചയിക്കുന്നത് ജൈവശാസ്ത്രപരമായാണ്. എന്നാൽ, സമൂഹം സൃഷ്ടിക്കുന്നതാണെന്നാണ് കരടിൽ പറയുന്നത്. ലിംഗതുല്യതയെ ശക്തമായി എതിർക്കുന്നു. സ്കൂൾ സമയമാറ്റം മദ്റസകളെ ബാധിക്കും. കേരള സമൂഹത്തെ ലൈംഗിക അരാജകത്വത്തിലേക്ക് തള്ളി വിടുന്നതാണ് പാഠ്യ പദ്ധതി പരിഷ്കരണം. അതുകൊണ്ട് പിൻവലിക്കണമെന്നും ലീ​ഗ് ആവശ്യപ്പെട്ടു. സർക്കാർ ചെലവിൽ യുക്തി ചിന്ത നടപ്പാക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. 

അതേസമയം, സ്കൂൾ പാഠ്യപരിഷ്കരണ പദ്ധതിയിൽ നിന്നും സംസ്ഥാന സർക്കാർ പിന്മാറുന്നുവെന്നാണ് മന്ത്രിയുടെ മറുപടി വ്യക്തമാക്കുന്നത്. വിദ്യാഭ്യാസരംഗത്തെ പരിഷ്കണം സംബന്ധിച്ച പഠിച്ച ഖാദർ കമ്മിറ്റി റിപ്പോർട്ടിൽ വിശദമായ ചർച്ചയ്ക്ക് ശേഷമേ നടപടികൾ തീരുമാനിക്കൂവെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കി.

ഖാദർ കമ്മീഷൻ സമിതിയുടെ ശുപാർശകൾ നടപ്പാക്കുന്നതിൽ സർക്കാർ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. പാഠ്യപദ്ധതി പുതുക്കുക വിശദമായ ചർച്ചകൾക്ക് ശേഷമായിരിക്കും. ഖാദർ കമ്മിറ്റി സ്കൂൾ സമയമാറ്റത്തിന് ശുപാർശ ചെയ്തിട്ടുണ്ടെങ്കിലും സർക്കാർ സമയമാറ്റത്തിനില്ലെന്നും നിലവിലെ രീതി തുടുരമെന്നും വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞു. 

മത നിഷേധം സർക്കാർ നയമല്ലെന്നും മതപഠനത്തെ തടസ്സപ്പെടുത്തില്ലെന്നും പറഞ്ഞ ശിവൻകുട്ടി യൂണിഫോം എന്ത് വേണം എന്നതിൽ അതാത് സ്കൂളുകൾക്ക് തീരുമാനമെടുക്കാമെന്നും മിക്സ്ഡ് സ്കൂൾ ആക്കുന്നതിലും സ്കൂൾ തലത്തിൽ തീരുമാനം എടുക്കുന്നതാണ് നല്ലതെന്നും ഇക്കാര്യങ്ങളിലൊന്നും സർക്കാർ ഇടപെടില്ലെന്നും മന്ത്രി പറഞ്ഞു. ആണ്കുട്ടികളേയും പെണ്കുട്ടികളേയും ഒന്നിച്ചിരുത്തുന്ന മിക്സ്ഡ് ബെഞ്ച് സർക്കാരിൻ്റെ ആലോചനയിൽ ഇല്ലെന്നും ലിംഗ സമത്വ ആശയങ്ങളിൽ നിന്നും സർക്കാർ പിന്നോട്ട് പോകില്ലെന്നും പറഞ്ഞ മന്ത്രി ചില തീവ്രവാദ സംഘടനകൾ സാഹചര്യം മുതലെടുക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.