കോഴിക്കോട്: കോഴിക്കോട്ടും തിരുവനന്തപുരത്തും ലീഗ് നേതാക്കൾക്കെതിരെ നടപടി. തെരഞ്ഞെടുപ്പിൽ എൽഡിഎഫുമായി ഒത്തുകളിച്ചെന്ന ആരോപണത്തിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. തിരവനന്തപുരത്ത് ജില്ലാ ട്രഷററെയും കോഴിക്കോട്ട് ജില്ലാ സമിതി അംഗത്തെയും സസ്പെന്റ് ചെയ്തു.

 കോഴിക്കോട്ട് ജില്ലാ കമ്മറ്റിയംഗം എം.പി.കോയട്ടി അടക്കം 3 മുസ്ലിം ലീഗ് നേതാക്കളെ സസ്പെന്റ് ചെയ്തു. കോഴിക്കോട് കുറ്റിച്ചിറ, മുഖദാർ കമ്മറ്റികൾ പിരിച്ചുവിട്ടു. വോട്ടുചോർച്ചയും എൽഡിഎഫുമായി ഒത്തുകളിക്കുകയും ചെയ്തു എന്ന് ആരോപിച്ചാണ് നടപടി. 5 നേതാക്കളെ പദവികളിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. ജില്ലാ കമ്മറ്റിയുടെ ശുപാർശ പരിഗണിച്ച് സംസ്ഥാന നേതൃത്വമാണ് നടപടി എടുത്തത്. 

തിരുവനന്തപുരത്ത് ജില്ലാ ട്രഷറർ ഗുലാം മുഹമ്മദിനെ സസ്പെന്റ് ചെയ്തു. സെൻട്രൽ മണ്ഡലം കമ്മറ്റി പിരിച്ചുവിട്ടു. ബിമാപള്ളി ഈസ്റ്റ് വാർഡിലെ തോൽവിയിലാണ് നടപടി. മറ്റു ജില്ലകളിലെ തോൽവി വിലയിരുത്തി അവിടെയും സമാനമായ നടപടി ഉണ്ടാകുമെന്ന് സംസ്ഥാനനേതൃത്വം വ്യക്തമാക്കി.നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തുടർനടപടികൾ വിലയിരുത്താൻ കണ്ണൂരിൽ ഈ മാസം 5ന് മുസ്ലീം ലീഗ് നേതൃയോഗം ചേരും. പ്രാദേശിക തലം തൊട്ട് പരാതികളുണ്ടെങ്കിലും കോൺഗ്രസ്സിൽ നടപടികളില്ലെന്നിരിക്കെയാണ് മുസ്ലീം ലീഗ് കടുത്ത നടപടികളുമായി മുന്നോട്ട് പോകുന്നത്.