കോൺഗ്രസ് പുനഃസംഘടനാ തർക്കവുമായി ബന്ധപ്പെട്ട് ജനങ്ങളിൽ ആശയകുഴപ്പമുണ്ടാക്കരുതെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടു

മലപ്പുറം: കോൺഗ്രസ് നേതാക്കൾ ആശയക്കുഴപ്പമുണ്ടാക്കരുതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. കെപിസിസി പുനഃസംഘടനയിൽ വ്യത്യസ്ത പ്രസ്താവനകൾ നടത്തി കോൺഗ്രസ് നേതാക്കൾ ആശയക്കുഴപ്പമുണ്ടാക്കുന്ന പ്രവർത്തികളിൽ നിന്ന് നേതാക്കൾ പിന്മാറണം. ഇത്തരം നടപടികൾ മുന്നണിയെ ബാധിക്കുന്നതാണ്. തെരഞ്ഞെടുപ്പാണ് മുന്നിലുള്ളതെന്ന് ഓ‍ർക്കണം. തെരഞ്ഞെടുപ്പിനെ നേരിടാൻ യുഡിഎഫ് സജ്ജമാവണം. അതിന് ഘടക കക്ഷികളും സജ്ജരാകണം. യുഡിഎഫ് കെട്ടുറപ്പോടെ പോവുന്നുവെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയതിനെതിരെ കെ.സുധാകരൻ നടത്തുന്ന പരസ്യ പ്രതികരണങ്ങളുടെ പശ്ചാത്തലത്തിലാണ് മുസ്‌ലിം ലീഗ് നേതൃത്വം ഈ മുന്നറിയിപ്പ് നൽകുന്നത്. സുധാകരൻ്റെ പ്രതികരണത്തോട് മൗനം പാലിക്കാനാണ് എഐസിസിയുടെയും കെപിസിസിയുടെയും തീരുമാനം. പരസ്യമായി മറുപടി പറഞ്ഞ് സ്ഥിതി വഷളാക്കേണ്ടെന്നാണ് ധാരണ. സുധാകരന്‍റേത് സ്ഥാനത്ത് നിന്ന് മാറേണ്ടി വന്നതിലുള്ള സ്വാഭാവിക പ്രതികരണമായി കണ്ടാൽ മതിയെന്നാണ് നിലപാട്. അതേസമയം അധ്യക്ഷ പദവിയിലെ മാറ്റത്തെക്കുറിച്ച് സുധാകരനുമായും പാർട്ടിയിലും ചര്‍ച്ച ചെയ്തില്ലെന്ന വാദം എഐസിസി നേതാക്കള്‍ തള്ളി. 

കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് തന്നെ മാറ്റേണ്ട സാഹചര്യമുണ്ടായിരുന്നില്ലെന്നാണ് കെ.സുധാകരൻ ഇന്നലെ തുറന്നടിച്ചത്. തനിക്കെതിരെ തെറ്റായ റിപ്പോര്‍ട്ട് നൽകിയെന്ന് പറഞ്ഞ് കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുന്‍ഷിയെയും സുധാകരൻ വിമര്‍ശിച്ചിരുന്നു. ഈ വാദങ്ങൾ തള്ളുകയാണ് എഐസിസി നേതാക്കള്‍. അധ്യക്ഷ പദവിയിലെ മാറ്റത്തെക്കുറിച്ച് രണ്ട് തവണ സുധാകരനുമായി സംസാരിച്ചെന്നാണ് വിശദീകരണം. കെ സുധാകരൻ സജീവമല്ലെന്നും, അനാരോഗ്യമുണ്ടെന്നും ദീപയെ അറിയിച്ചത് സംസ്ഥാന നേതാക്കളാണ്. തെരഞ്ഞെടുപ്പിന് മുൻപ് മാറ്റം വേണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു. ദീപ ദാസ് മുന്‍ഷി റിപ്പോർട്ട് തയ്യാറാക്കിയത് സംസ്ഥാന നേതാക്കളെ കേട്ട ശേഷമാണെന്ന് എഐസിസി നേതാക്കള്‍ വിശദീകരിക്കുന്നു. ഇതൊന്നും പരസ്യമായി പറയാൻ എഐസിസിയോ കെപിസിസിയോ തയ്യാറല്ല. പകരം പുതിയ നേതൃത്വത്തെ സുധാകരൻ പ്രശംസിച്ചത് അടക്കമുള്ള അനുകൂല പ്രസ്താവനകള്‍ എടുത്തു പറയാനാണ് നേതൃത്വം തീരുമാനിച്ചിരിക്കുന്നത്.

YouTube video player