സമരത്തിന് പിന്നില്‍ രാഷ്ട്രീയ ഗൂഡാലോചയുണ്ടെന്ന കോഴിക്കോട് മേയറുടെ പ്രസ്താവനയെ എസ് വൈ എസ് തള്ളി.പ്ലാന്‍റ് നിര്‍മ്മാണത്തിനെതിരെ സമര സമതി സമര്‍പ്പിച്ച ഹര്‍ജി നാളെ ഹൈക്കോടതി പരിഗണിച്ചേക്കും

കോഴിക്കോട്:കോതിയില്‍ ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്‍റ് നിര്‍മ്മാണത്തിനെതിരെ പ്രതിഷേധവുമായി മുസ്ലീം സംഘടനകള്‍. കോര്‍പ്പറേഷന്‍ സമരത്തെ മുഖവിലക്കെടുക്കാതെ മുന്നോട്ട് പോയാല്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് കാന്തപുരം വിഭാഗം എസ് വൈ എസ് നേതാക്കള്‍ മുന്നറിയിപ്പ് നല്ഡകി. സമരത്തിന് പിന്നില്‍ രാഷ്ട്രീയ ഗൂഡാലോചയുണ്ടെന്ന കോഴിക്കോട് മേയറുടെ പ്രസ്താവനയെ എസ് വൈ എസ് തള്ളി.

ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്‍റ് നിര്‍മ്മാണത്തിനെതിരെ സുന്നി കോര്‍ഡിനേഷന്‍ കമ്മറ്റിയാണ് ആദ്യം പദ്ധതി പ്രദേശത്തേക്ക് മാര്‍ച്ച് നടത്തിയത്. കോഴിക്കോട് കോര്‍പ്പറേഷന്‍ ജനവിരുദ്ധ നടപടിയാണ് സ്വീകരിക്കുന്നതെന്ന് കാന്തപുരം വിഭാഗം എസ് വൈ എസ് നേതാക്കള്‍ ആരോപിച്ചു. ജനങ്ങളുടെ വോട്ട് നേടിയാണ് മേയറടക്കമുള്ളവര്‍ അധികാരത്തിലെത്തിയതെന്ന കാര്യം മറക്കേണ്ടെന്നും നേതാക്കള്‍ പറഞ്ഞു.കെ എന്‍ എം പ്രവര്‍ത്തകരും പദ്ധതി പ്രദേശത്തേക്ക് മാര്‍ച്ച് നടത്തി.നാട്ടുകാരും പ്രതിഷേധവുമായി സ്ഥലത്ത് തമ്പടിച്ചിരുന്നു.ഞായറാഴ്ചയായതിനാല്‍ ഇന്ന് പ്ലാന്‍റ് നിര്‍മ്മാണത്തിന് തൊഴിലാളികളെത്തിയിരുന്നില്ല. അടുത്ത ദിവസങ്ങളില്‍ കോര്‍പ്പറേഷന്‍ മാര്‍ച്ച് ഉള്‍പ്പെടെ നടത്താനുള്ള തീരുമാനത്തിലാണ് നാട്ടുകാര്‍. പ്ലാന്‍റ് നിര്‍മ്മാണത്തിനെതിരെ സമര സമതി സമര്‍പ്പിച്ച ഹര്‍ജി നാളെ ഹൈക്കോടതി പരിഗണിച്ചേക്കും

കോതി സമരം; കുട്ടികളെ സമരത്തിൽ പങ്കെടുപ്പിച്ചതിനെതിരെ ബാലാവകാശ കമ്മീഷൻ, കേസെടുത്ത് പൊലീസ്

കോതിയിൽ മാലിന്യ സംസ്കരണ പ്ലാന്റ് നിർമാണത്തിനെതിരെയുള്ള സമരത്തിൽ കുട്ടികളെ പങ്കെടുപ്പിച്ചതിനെതിരെ ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി. സംഭവത്തില്‍ കേസെടുക്കാൻ ചെമ്മങ്ങാട് പൊലീസിനോട് ബാലാവകാശ കമ്മീഷൻ നിർദ്ദേശം നൽകി. കമ്മീഷന്‍റെ നിര്‍ദ്ദേശ പ്രകാരം ജുവനൈൽ ആക്ട് പ്രകാരം സമരസമിതി പ്രവർത്തകർക്ക് എതിരെ ചെമ്മങ്ങാട് പൊലീസ് കേസെടുത്തു.

'കോതി സമരത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന,മാലിന്യ സംസ്കരണ പ്ലാന്‍റ് നിർമാണവുമായിമുന്നോട്ട് 'മേയർ ബീനഫിലിപ്പ്