ഇവരുടെ നിരപരാധിത്വം തെളിയിക്കാൻ അഡ്വ. ഹാരിസ് ബീരാൻ എം പി യുടെ നേതൃത്വത്തിൽ മുസ്ലിം ലീഗ് നേതൃത്വം സുപ്രീം കോടതിയിൽ നിയമ പോരാട്ടത്തിന് തുടക്കം കുറിച്ചിട്ടുണ്ടെന്നും മുഈൻ അലി തങ്ങൾ

മലപ്പുുറം: നാദാപുരം തൂണേരി ഷിബിൻ വധക്കേസിലെ പ്രതികളെ ജയിലിൽ സന്ദർശിച്ച് യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡണ്ട് മുഈനലി ശിഹാബ് തങ്ങൾ. മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകരുടെ നിരപരാധിത്വം തെളിയിക്കാൻ സുപ്രീം കോടതിയിൽ നിയമ പോരാട്ടം തുടങ്ങിയെന്ന് അദ്ദേഹം പിന്നീട് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. നിരപരാധിത്വം തെളിയിക്കുന്നത് വരെ പാർട്ടി ഒറ്റക്കെട്ടായി കൂടെയുണ്ടാകുമെന്നും മുഈനലി തങ്ങൾ അറിയിച്ചു. നാദാപുരം നിയോജക മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഇ ഹാരിസിനൊപ്പമാണ് മുഈനലി തങ്ങൾ ജയിലിലെത്തിയത്. 

ഡിവൈഎഫ്ഐ പ്രവർത്തകനായ 19 വയസുകാരൻ ഷിബിനെ വടകരയിലെ തൂണേരിയിൽ വച്ച് കൊലപ്പെടുത്തിയ കേസിൽ മുസ്‌ലിം ലീഗ് പ്രവർത്തകരായ ആറ് പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷയാണ് കോടതി വിധിച്ചിട്ടുള്ളത്. കേസിലെ ഒന്നാം പ്രതി തെയ്യമ്പാടി ഇസ്മയിൽ, രണ്ടാം പ്രതി തെയ്യമ്പാടി മുനീർ, നാലാം പ്രതി വാറങ്കി താഴെ കുനിയിൽ സിദ്ദിഖ്, അഞ്ചാം പ്രതി മണിയൻ്റവിട മുഹമ്മദ് അനീസ്, ആറാം പ്രതി കളമുള്ളതിൽ കുനി ശുഹൈബ്, പതിനഞ്ചാം പ്രതി കൊഞ്ചന്റവിട ജാസിം, പതിനാറാം പ്രതി കടയങ്കോട്ടുമ്മൽ സമദ് എന്നിവരെയാണ് ശിക്ഷിച്ചത്. 2015 ലാണ് ഷിബിൻ കൊല്ലപ്പെട്ടത്. ഷിബിൻ വധക്കേസിലെ മൂന്നാം പ്രതി അസ്‌ലം 2016 ൽ കൊല്ലപ്പെട്ടിരുന്നു. ഈ കേസിൽ സിപിഎം പ്രവർത്തകരാണ് പ്രതികൾ.

മുഈനലി ശിഹാബ് തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് തവനൂർ സെൻട്രൽ ജയിലിൽ കഴിയുന്ന നാദാപുരം തൂണേരിയിലെ മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകരെ ഇന്ന് ജയിലിലെത്തി സന്ദർശിച്ചു. നാദാപുരം നിയോജക മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഇ ഹാരിസും കൂടെയുണ്ടായിരുന്നു. നേരത്തെ വിചാരണ കോടതി കുറ്റക്കാരല്ലെന്ന് കണ്ടെത്തി വെറുതെ വിട്ടവരെയാണ് ഹൈക്കോടതി ശിക്ഷിച്ചത്. ഇവരുടെ നിരപരാധിത്വം തെളിയിക്കാൻ അഡ്വ. ഹാരിസ് ബീരാൻ എം പി യുടെ നേതൃത്വത്തിൽ മുസ്ലിം ലീഗ് നേതൃത്വം സുപ്രീം കോടതിയിൽ നിയമ പോരാട്ടത്തിന് തുടക്കം കുറിച്ചിട്ടുണ്ട്. പരമോന്നത നീതി പീഡത്തിന് മുന്നിൽ നാദാപുരത്തെ യൂത്ത് ലീഗ് പ്രവർത്തകരുടെ നിരപരാധിത്വം തെളിയിക്കുന്നത് വരെ പാർട്ടി ഒറ്റക്കെട്ടായി കൂടെയുണ്ടാകും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം