'അന്നം മുട്ടിക്കുന്ന സമരത്തിൽ നിന്ന് പിന്മാറണം, സമരം സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്നു': മന്ത്രി ജി ആർ അനിൽ
സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്ന റേഷൻ വ്യാപാരി സമരം ഗൗരവമായി കാണുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം: ജനങ്ങളുടെ അന്നംമുട്ടിക്കുന്ന സമരത്തിൽ നിന്ന് റേഷൻ വ്യാപാരികൾ പിൻമാറണമെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിൽ. സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്ന റേഷൻ വ്യാപാരി സമരം ഗൗരവമായി കാണുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കമ്മീഷൻ തുക വർധിപ്പിക്കുന്നത് ഉൾപ്പടെയുള്ള ആവശ്യങ്ങൾ സർക്കാർ അനുഭാവത്തോടെയാണ് കാണുന്നത്. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മാറുമ്പോൾ പരിഹരിക്കാവുന്നതാണ് ഇവ. രാജ്യത്തെ ഏറ്റവും ഉയർന്ന കമ്മീഷനാണ് കേരളത്തിൽ റേഷൻ വ്യാപരികൾക് ഇപ്പോൾ നൽകുന്നതെന്നും മന്ത്രി പറഞ്ഞു.
ഉന്നയിച്ച 4 ആവശ്യങ്ങളിൽ രണ്ടെണ്ണം കേന്ദ്രം അംഗീകരിക്കേണ്ടതാണ്. റേഷൻ വിതരണത്തിന് ചിലവാകുന്നതിൻ്റെ 20% മാത്രമാണ് കേന്ദ്രം നൽകുന്നത്. റേഷൻ ലൈസൻസികൾക്ക് നൽകുന്നത് നാമമാത്രമായ തുകയാണ് എന്ന പ്രചരണം തെറ്റാണ്. പ്രശ്നങ്ങൾ പരിഹരിക്കാൻ ധനമന്ത്രിയുമായി ചർച്ച നടത്താൻ തയ്യാറാണെന്ന് ഇന്ന് നിയമസഭയിൽ പറഞ്ഞതാണെന്നും മന്ത്രി വെളിപ്പെടുത്തി.