കല്‍പ്പറ്റ: കഴിഞ്ഞ വര്‍ഷം കാണാതായതാണ് പുല്‍പ്പള്ളി മാരപ്പന്‍മൂല രാജീവ് നഗര്‍ കോളനിയിലെ മാധവന്‍ എന്ന 80 കാരനെ. 2019 നവംബറില്‍ ചോറ്റാനിക്കര ക്ഷേത്രത്തിലേക്കെന്ന് അറിയിച്ച് പടിയിറങ്ങി പോയതാണ് മാധവന്‍. ഒരു ദിവസം മുമ്പേ ചോറ്റാനിക്കരയിലേക്ക് പോയ ഭാര്യ മുത്തമ്മക്കൊപ്പം തിരിച്ചെത്താമെന്ന് പറഞ്ഞായിരുന്നു ഇറങ്ങിയത്. 

പക്ഷേ ചോറ്റാനിക്കരയില്‍ വെച്ച്  മുത്തമ്മയും മാധവനും പരസ്പരം കണ്ടില്ല. മാധവനില്ലാതെ മുത്തമ്മ വീട്ടിലെത്തിയതോടെയാണ് അച്ഛന്‍ അമ്മയെ തേടി വന്നിരുന്നുവെന്ന കാര്യം മക്കള്‍ മുത്തമ്മയെ അറിയിക്കുന്നു. എന്നാല്‍ ക്ഷേത്രങ്ങളില്‍ പോയി ദിവസങ്ങളോളം കഴിഞ്ഞ് തിരിച്ചെത്തുന്ന പതിവ് മാധവനുണ്ടായിരുന്നു. അതിനാല്‍ കുറച്ച് ദിവസം കാത്തിരുന്നതിന് ശേഷമാണ് കുടുംബം പൊലീസില്‍ പരാതി നല്‍കിയത്. 

എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും മാധവന്‍ തിരികെ വന്നതേയില്ല. ഈ നവംബര്‍ എത്തുമ്പോള്‍ അച്ഛനെ കാണാതായിട്ട് ഒരു വര്‍ഷം തികയുകയാണെന്ന് മകന്‍ മണികണ്ഠന്‍ പറഞ്ഞു. പുല്‍പ്പള്ളി പൊലീസിന്റെ അന്വേഷണത്തില്‍ ശുഭകരമായ ഒന്നും കുടുംബത്തിന് ലഭിച്ചിട്ടില്ല. അതിനാല്‍ തന്നെ ഭര്‍ത്താവിന് എന്ത് സംഭവിച്ചുവെന്ന് പോലും അറിയാന്‍ കഴിയാതെ വിഷമത്തിലാണ് മുത്തമ്മ. ഒരു കണ്ണിന് കാഴ്ചക്കുറവുള്ളയാളാണ് മാധവന്‍. മാധവനെ തിരഞ്ഞിറങ്ങാനാണെങ്കില്‍ ഇപ്പോള്‍ പ്രായം അനുവദിക്കാത്ത സ്ഥിതിയാണ്. മാത്രമല്ല അമ്മയെ ഇനിയൊരു ദൂരയാത്രക്ക് മക്കള്‍ അനുവദിക്കുന്നുമില്ല. 

മാധവന് തമിഴ്നാട്ടില്‍ ബന്ധുക്കളുണ്ട്. ഇക്കാരണത്താല്‍ മാധവന് വേണ്ടി തമിഴ്നാട്ടിലും കുടുംബം അന്വേഷണം നടത്തുന്നുണ്ട്. ഒരു വര്‍ഷം തികുയുമ്പോഴും ഭര്‍ത്താവ് തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് മുത്തമ്മ. അമ്മയെ തിരഞ്ഞിറങ്ങി ഒടുവില്‍ വീട്ടിലെത്താനാകാതെ പോയ അച്ഛന്‍ ജീവനോടെ എവിടെയെങ്കിലും ഉണ്ടെന്നറിഞ്ഞാല്‍ മതിയെന്നാണ് മക്കള്‍ പറയുന്നത്. മാധാവന്‍ പോയതോടെ ജീവിത ചെലവുകള്‍ താങ്ങാന്‍ മുത്തമ്മ കൂലിപ്പണിക്ക് പോയി തുടങ്ങി.