തിരുവനന്തപുരം: മുത്തൂറ്റ് ഫിനാന്‍സിലെ ജീവനക്കാരുടെ സമരം സംബന്ധിച്ച് തൊഴില്‍മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലും ധാരണയായില്ല. മുത്തൂറ്റ് മാനേജ്മെന്‍റ് ചര്‍ച്ചയുമായി സഹകരിക്കുന്നില്ലെന്നാണ് തൊഴില്‍മന്ത്രി ടി പി രാമകൃഷ്ണന്‍ കുറ്റപ്പെടുത്തി. പ്രശ്നപരിഹാരത്തിനായി ശ്രമങ്ങള്‍ തുടരുമെന്നും മന്ത്രി പറഞ്ഞു.

മൂത്തൂറ്റ് സമരം തുടങ്ങിയിട്ട് ഇന്ന് 30 ദിവസമായി. ഇതു സംബന്ധിച്ച മൂന്നാമത്തെ ചര്‍ച്ചയാണ് ഇന്ന് തീരുമാനമാകാതെ പിരിഞ്ഞത്. മുത്തൂറ്റ് ചെയര്‍മാന്‍ എം ജി ജോൺ ചര്‍ച്ചയ്ക്കെത്തിയെങ്കിലും മന്ത്രിയുമായുള്ള ചര്‍ച്ചയ്ക്കുശേഷം മടങ്ങിപ്പോയി. തൊഴിലാളിനേതാക്കളുമായി ചര്‍ച്ച നടത്താന്‍ അദ്ദേഹം തയ്യാറായില്ല. 

ധനകാര്യ മേഖലയിലെ ജീവനക്കാരുടെ ശമ്പളം സംബന്ധിച്ച സർക്കാർ ഉത്തരവ് കോടതി സ്റ്റേ ചെയ്തിട്ടുണ്ട്. പക്ഷേ, ഒരു താൽക്കാലിക വർദ്ധനയെന്ന ആവശ്യം ഉന്നയിച്ചെങ്കിലും മാനേജ്മെന്‍റ്  അംഗീകരിച്ചില്ല. പ്രശ്നം അഭിമുഖീകരിക്കുന്ന തോട്ടം മേഖല പോലും ഇടക്കാല ആശ്വാസം തൊഴിലാളികള്‍ക്ക് നല്‍കുന്നുണ്ട്. എന്നാല്‍,  തൊഴിലാളി ക്ഷേമത്തിന് വേണ്ടി മുന്നോട്ടുവച്ച നിർദ്ദേശം അംഗീകരിക്കാന്‍ മുത്തൂറ്റ് മാനേജ്മെന്റ് തയ്യാറായില്ലെന്നും മന്ത്രി പറഞ്ഞു.