കൊച്ചി: മുത്തൂറ്റ് തൊഴില്‍ തര്‍ക്കത്തില്‍ നിലപാട് കടുപ്പിച്ച് ഹൈക്കോടതി. പ്രശ്നപരിഹാരത്തിന് താല്‍പര്യം ഇല്ലെങ്കില്‍ കോടതിക്ക് ശക്തമായി ഇടപെടേണ്ടി വരും. ഇന്ന് കോട്ടയത്ത് മുത്തൂറ്റ് ജീവനക്കാര്‍ക്ക് നേരെ മുട്ടയേറുണ്ടായ സംഭവം ഒരിക്കലും നടക്കാന്‍ പാടില്ലാത്തതായിരുന്നെന്നും കോടതി അഭിപ്രായപ്പെട്ടു. കേസ് പരിഗണിക്കുന്നത് കേടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. 

തൊഴില്‍ തര്‍ക്കത്തില്‍ പരിഹാര മാര്‍ഗങ്ങള്‍ തേടുന്നതിനിടെ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാന്‍ പാടില്ലാത്തത് ആണെന്ന് കോടതി പറഞ്ഞു. രാവിലെ കോട്ടയത്തെ മുത്തൂറ്റ് ബ്രാഞ്ചില്‍ ജോലിക്കെത്തിയ വനിതാ ജീവനക്കാര്‍ക്ക് നേരെ മുട്ടയേറ് ഉണ്ടായ സംഭവം പരാമര്‍ശിച്ചായിരുന്നു കോടതിയുടെ നിരീക്ഷണം. ബേക്കര്‍ ജംഗ്ഷനിലും ക്രൗണ്‍പ്ലാസയിലും ഇല്ലിക്കലിലും ജോലിക്കെത്തിയ വനിതാ ജീവനക്കാര്‍ക്ക് നേരെ മുട്ടയെറിഞ്ഞതായാണ് കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി ലഭിച്ചത്. പത്ത് വനിതാ ജീവനക്കാരാണ് പരാതി നല്‍കിയിരിക്കുന്നത്. സ്ഥലത്തെ സിഐടിയു തൊഴിലാളികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് മുത്തൂറ്റ് ജീവനക്കാര്‍ പറയുന്നത്. 

Read Also: തൊഴിൽ നിയമങ്ങൾ ലംഘിക്കുന്ന മുത്തൂറ്റ് എംഡിയെ അറസ്റ്റ് ചെയ്യണമെന്ന് ആനത്തലവട്ടം ആനന്ദൻ

മുത്തൂറ്റ് തൊഴില്‍ തര്‍ക്കത്തില്‍ ചര്‍ച്ച തുടരണമെന്ന് നേരത്തെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ മുത്തൂറ്റ് യൂണിയൻ പ്രതിനിധി എം സ്വരാജ് എംഎല്‍എ മോശമായി പെരുമാറി എന്ന് മാനേജ്മെന്‍റ് ഹൈക്കോടതിയെ അറിയിച്ചു. അതേസമയം സിഐടിയു ജനറല്‍ സെക്രട്ടറി എളമരം കരീം മാന്യമായാണ് പെരുമാറിയതെന്നും മാനേജ്മെന്‍റ് പറഞ്ഞു. വൈകാരികമായ സംഭാഷണത്തിനിടയില്‍ അങ്ങനെ സംഭവിച്ച് പോകുമെന്ന് പറഞ്ഞ കോടതി തൊഴില്‍ തര്‍ക്കത്തില്‍ മധ്യസ്ഥ ചര്‍ച്ച തുടരണമെന്ന് വ്യക്തമാക്കിയിരുന്നു. 

Read Also: മുത്തൂറ്റ് ചർച്ച പരാജയം: പിരിച്ചു വിട്ടവരെ തിരിച്ചെടുക്കില്ലെന്ന് മാനേജ്മെന്‍റ്, സമരം തുടരും