മൂന്ന് മേഖലകളായി തിരിച്ച് വിശദമായ അന്വേഷണമാണ് ഉദ്ദേശിക്കുന്നത്. പ്രത്യേക സംഘം കേസുകൾ രജിസ്റ്റർ ചെയ്യും 

തിരുവനന്തപുരം: വിവാദമായ മുട്ടിൽ മരം മുറി കേസ് അന്വേഷണ സംഘം വിപുലീകരിച്ചു. വിജിലൻസ് ഉദ്യോഗസ്ഥരേയും വനംവകുപ്പ് ഉദ്യോഗസ്ഥരും അടങ്ങുന്ന വലിയ സംഘത്തിനാകും ഇനിമുതൽ അന്വേഷണ ചുമതല. ക്രൈം ബ്രാഞ്ച് എഡിജിപി എസ് ശ്രീജിത്തിന്‍റെ നേതൃത്വത്തിലാണ് അന്വേഷണ സംഘം പ്രവര്‍ത്തിക്കുക. 

മൂന്ന് മേഖലകളായി തിരിച്ച് അന്വേഷണം നടത്താനാണ് തീരുമാനം. മൂന്ന് മേഖലകളിൽ ഉള്‍പ്പെടുന്ന ഓരോ ജില്ലകളിലെയും കാര്യങ്ങൾ പ്രത്യേകം അന്വേഷിക്കുകയും പ്രത്യേക എഫ്ഐആര്‍ ഇട്ട് കേസെടുക്കുകയും ചെയ്യാനാണ് തീരുമാനം. എസ്പിമാരുടെ നേതൃത്വത്തിലായിരിക്കും മേഖലകളിലെ അന്വേഷണം, ഇതിനായി എസ്പിമാരായ കെവി സന്തോഷ് കുമാർ, സുദർശൻ, സാബു മാത്യു എന്നിവരെ ചുമതലപ്പെടുത്തി. ഐജി സ്പർജൻ കുമാർ അന്വേഷണ നടപടികൾ ഏകോപിപ്പിക്കും. 

മരമുറി വിവാദ ഉത്തരവ് മറയാക്കി സംസ്ഥാന വ്യാപകമായി വൻതോതിൽ മരം കൊള്ള നടന്നെന്നാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്. അതുകൊണ്ടു തന്നെ അഴിമതിയും ഉദ്യോഗസ്ഥരുടെ പങ്കും അടക്കം സമഗ്രമായ അന്വേഷണമാണ് ഉദ്ദേശിക്കുന്നതും. വിജിലൻസ്, വനം വകുപ്പുകളിൽ നിന്ന് മിടുക്കരായ ഉദ്യോഗസ്ഥരെ അന്വേഷണ സംഘത്തിൽ നിയോഗിക്കുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഈ ഉദ്യോഗസ്ഥരുടെ പേരും വിവരങ്ങളും ആയിട്ടുണ്ട്. അധികം വൈകാതെ ഇക്കാര്യത്തിൽ സര്‍ക്കാര്‍ ഉത്തവിറങ്ങും. അതിന് ശേഷം അന്വേഷ സംഘം യോഗം ചേര്‍ന്നായിരിക്കും തുടര്‍ നീക്കങ്ങള്‍ തീരുമാനിക്കുക