മുട്ടിൽ മരംമുറി കേസിൽ നേരത്തെ കോടതി മടക്കിയ കുറ്റപത്രത്തിലെ പിഴവുകൾ തിരുത്തി വനം വകുപ്പ് പുതിയ കുറ്റപത്രം സമർപ്പിച്ചു. പ്രതികളായ അഗസ്റ്റിൻ സഹോദരന്മാരെ സഹായിക്കാനാണ് ആദ്യം ദുർബലമായ കുറ്റപത്രം നൽകിയതെന്ന ആക്ഷേപം ശക്തമാണ്.

വയനാട്: മുട്ടിൽ മരംമുറി കേസിൽ പിഴവുകൾ തിരുത്തി കുറ്റപത്രം സമർപ്പിച്ച്‌ വനം വകുപ്പ്. സുൽത്താൻ ബത്തേരി മജിസ്‌ട്രേറ്റ് കോടതിയിലാണ് വീണ്ടും കുറ്റപത്രം സമർപ്പിച്ചത്. ഹൈക്കോടതി സ്റ്റേ ഉള്ളതിനാൽ ആണ് കുറ്റപത്രം വൈകിയത് എന്നാണ് വിശദീകരണം. 17 ന് സമർപ്പിച്ച കുറ്റപത്രം കോടതി മടക്കിയിരുന്നു. ആവശ്യമായ രേഖകൾ കുറ്റപത്രത്തോടൊപ്പം നൽകിയില്ല, ഗുരുതര സാങ്കേതിക പിഴവുകൾ എന്നിവയാണ് കുറ്റപത്രം മടക്കാൻ കാരണം.

അതേസമയം, ദുർബലമായ കുറ്റപത്രം ആരെ സഹായിക്കാനാണെന്ന ചോദ്യമാണ് ഉയരുന്നത്. മുട്ടിൽ മരംമുറിക്കേസിൽ നേരത്തെ കോടതിയിൽ സമ‍ർപ്പിച്ച കുറ്റപത്രത്തിൽ ഉള്ളത് ഗുരുതര പിഴവുകളായിരുന്നു. കഴിഞ്ഞ പതിനേഴിനാണ് വനംവകുപ്പ് ബത്തേരി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ മുട്ടിൽ മരംമുറിയിലെ 1/21 കേസിൽ കുറ്റപത്രം സമർപ്പിച്ചത്. എന്നാൽ ആവശ്യമായ രേഖകൾ കുറ്റപത്രത്തോടൊപ്പം നൽകിയില്ല. അഞ്ചുവ‍ർഷത്തിനുശേഷമാണ് കുറ്റപത്രം സമർപ്പിക്കുന്നത്.

എന്തുകൊണ്ട് കുറ്റപത്രം വൈകി എന്നത് വ്യക്തമാക്കിയില്ല. വനത്തിൽ നിന്നാണോ പട്ടയഭൂമിയിൽ നിന്നാണോ മരം മുറിച്ചത് എന്നതിലും കുറ്റപത്രത്തിൽ വ്യക്തത ഇല്ലായിരുന്നു. കസ്റ്റഡിയിൽ എടുത്ത തടികൾ, വാഹനം എന്നിവ കണ്ടുകെട്ടുക പോലും ചെയ്യാതെയാണ് കുറ്റപത്രം സമർപ്പിച്ചത്. മാത്രവുമല്ല ഗുരുതരമായ സാങ്കേതിക പിഴവുകളും ഉണ്ടായിരുന്നു. ഇതോടെയാണ് കുറ്റപത്രം ഫയലിൽ സ്വീകരിക്കാതെ കോടതി മടക്കിയത്. പ്രതികളായ അഗസ്റ്റിൻ സഹോദരന്മാരെ സഹായിക്കാൻ ബോധപൂർവ്വം ഉണ്ടായ നീക്കമെന്നാണ് ഉയരുന്ന ആക്ഷേപം.

1/21 കേസിൽ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികളായ അഗസ്റ്റിൻ സഹോദരന്മാർ 2021 ൽ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് കുറ്റപത്രം നൽകുന്നതിന് ഹൈക്കോടതി ഏർപ്പെടുത്തിയ വിലക്ക് ഈ മാസം എട്ടിനാണ് നീങ്ങിയത്. വിലക്ക് നീക്കിയ കോടതി പത്ത് ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാൻ നിർദേശിക്കുകയും ചെയ്തു. തുടർന്നാണ് തിടുക്കപ്പെട്ട് ഈ മാസം 17 ന് കുറ്റപത്രം സമർപ്പിച്ചത് എന്നാണ് വിശദീകരണം. കേസിൽപ്പെട്ട വീട്ടി തടികളും ടോറസ് ലോറിയും സർക്കാരിലേക്ക് കണ്ടുകെട്ടുന്നതിന് കേരള വനനിയമം സെക്ഷൻ 61A പ്രകാരമുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. പ്രതികൾക്ക് നോട്ടീസ് അയച്ചു. കണ്ടുകെട്ടൽ നടപടികൾ അടിയന്തിരമായി പൂർത്തീകരിക്കുമെന്നും വനം വകുപ്പ് കോടതിയെ അറിയിക്കും.

YouTube video player