ഹൈക്കോടതി പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ നേരത്തെ തള്ളിയിരുന്നു. അനധികൃത മരം മുറിക്ക് കൂട്ട് നിന്നതിനാണ് കെ കെ അജിയെ കേസിൽ പ്രതി ചേർത്തത്.
വയനാട്: മുട്ടിൽ മരം മുറിയിൽ (Muttil Tree Felling) കേസിൽ ആരോപണവിധേയനായ മുൻ വില്ലേജ് ഓഫീസർ അറസ്റ്റിൽ. മുട്ടിൽ സൗത്ത് വില്ലേജ് ഓഫീസറായിരുന്ന കെ കെ അജിയെ പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്.
ഹൈക്കോടതി പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ നേരത്തെ തള്ളിയിരുന്നു. സർക്കാരിന്‍റെ അനുമതിയില്ലാതെ ഈട്ടി മരങ്ങൾ മുറിച്ചു മാറ്റാൻ പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്ക് സഹായം നൽകിയതിനാണ് കേസിൽ പ്രതി ചേർത്തത്. വില്ലേജ് ഓഫീസറുടെ അനധികൃത ഇടപെടലിൽ 8 കോടി രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്. കേസിലെ മറ്റൊരു പ്രതിയായ മുൻ മുട്ടിൽ വില്ലേജ് സ്പെഷൽ ഓഫീസർ കെ ഒ സിന്ധുവിനെ ഇതുവരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിട്ടില്ല.
മുട്ടിൽ മരം മുറി കേസ്; അന്വേഷണം സംഘം സമർപ്പിച്ച റിപ്പോർട്ട് എഡിജിപി മടക്കി
മുട്ടിൽ മരം മുറി കേസില്‍ അന്വേഷണം സംഘം സമർപ്പിച്ച റിപ്പോർട്ട് മടക്കി. എഡിജിപി ശ്രീജിത്താണ് റിപ്പോർട്ട് മടക്കിയത്. മരം മുറിയിൽ വനം ഉദ്യോഗസ്ഥരുടെ ഇടപെടലിനെ കുറിച്ച് കൃത്യമായി പറയുന്നില്ല. ഡി എഫ് ഒ രഞ്ചിത്ത്, മുൻ റെയ്ഞ്ച് ഓഫീസർ ബാബുരാജ് എന്നിവർക്കെതിരായ കണ്ടെത്തലിലും കൃത്യതയില്ല. ക്രമക്കേട് കണ്ടെത്തിയ റെയ്ഞ്ച് ഓഫിസർ ഷെമീറിനെതിരെ പ്രതികൾ ഉന്നിയിച്ച ആരോപണങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരുന്നു. ഓരോരുത്തരുടെ പങ്കും പ്രത്യേകം അന്വേഷിക്കാൻ അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി സന്തോഷ് കുമാറിന് എഡിജിപി ശ്രീജിത്ത് നിർദേശം നല്‍കി.
കേസുമായി ബന്ധപ്പെട്ട് സസ്പെൻ്റ് ചെയ്ത വനം വകുപ്പ് ഉദ്യോഗസ്ഥരെ തിരിച്ചെടുത്തത് വിവാദമായിരുന്നു. ലക്കിടി ചെക്ക് പോസ്റ്റിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ വി എസ് വിനേഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർ ശ്രീജിത്ത് എന്നിവരെയാണ് തിരിച്ചെടുത്തത്. ചെക്ക് പോസ്റ്റിൽ വേണ്ടത്ര പരിശോധന നടത്താതെ ഈട്ടി മരം കൊണ്ടുവന്ന ലോറി കത്തിവിട്ടതിനാണ് ഇവരെ നേരത്തെ സസ്പെൻ്റ് ചെയ്തത്. മുട്ടിൽ മരം മുറി കേസിലെ തുടരന്വേഷണത്തെ ബാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ പിൻവലിച്ചത്. ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡി കെ വിനോദ് കുമാർ ഇറക്കിയ ഉത്തരവ് വനം വകുപ്പ് മന്ത്രി മരവിപ്പിച്ചതാണ് കീഴ് ഉദ്യോഗസ്ഥരെ ചൊടിപ്പിച്ചിരുന്നു.
Also Read: മരം മുറി കേസ്; ഉദ്യോഗസ്ഥയ്ക്ക് എതിരായ പരാമർശം നീക്കി, ഗുഡ് സർവ്വീസ് തിരികെ നൽകില്ല
