സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്നയാണ് കണ്ടു കെട്ടൽ ഉത്തരവിറക്കിയത്. 11 കേസുകളിലെ തടികളാണ് കണ്ടു കെട്ടിയത്. ബാക്കി 24 കേസുകളിൽ  നടപടി തുടരുകയാണ്. 

വയനാട്: മുട്ടിൽ മരം മുറിയിൽ (Muttil Tree Felling) കേസില്‍ പിടിച്ചെടുത്ത മര തടികൾ വനം വകുപ്പ് കണ്ടു കെട്ടി. സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്നയാണ് കണ്ടുകെട്ടൽ ഉത്തരവിറക്കിയത്. കേരള വനം നിയമ പ്രകാരം കസ്റ്റഡിയിലെടുത്ത് കുപ്പാടി വനം ഡിപ്പോയിൽ സൂക്ഷിച്ച 22 കഷ്ണം വീട്ടിത്തടികളാണ് സർക്കാരിലേക്ക് കണ്ടുകെട്ടിയത്.

11 കേസുകളിലുൾപ്പെട്ട തടികളാണിത്. ബാക്കി 24 കേസുകളിൽ നടപടി തുടരുകയാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. റവന്യൂ, വനം വകുപ്പ് ഉദ്യോഗസ്ഥർ വിവാദ ഉത്തരവിന്‍റെ മറവിൽ സംരക്ഷിത മരങ്ങൾ മുറിച്ച പ്രദേശങ്ങളിൽ പരിശോധന നടത്തി സംയുക്ത മഹസർ തയ്യാറാക്കിയിരുന്നു. മേപ്പാടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറുടെ അന്തിമ അന്വേഷണത്തിന് ശേഷമാണ് പിടിച്ചെടുത്ത തടികൾ സർക്കാരിലേക്ക് കണ്ടുകെട്ടിയത്.

കേസിൽ ആരോപണവിധേയനായ മുൻ വില്ലേജ് ഓഫീസറെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. മുട്ടിൽ സൗത്ത് വില്ലേജ് ഓഫീസറായിരുന്ന കെ കെ അജിയെ പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്. ഹൈക്കോടതി പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ നേരത്തെ തള്ളിയിരുന്നു. സർക്കാരിന്‍റെ അനുമതിയില്ലാതെ ഈട്ടി മരങ്ങൾ മുറിച്ച് മാറ്റാൻ പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്ക് സഹായം നൽകിയതിനാണ് കേസിൽ പ്രതി ചേർത്തത്. വില്ലേജ് ഓഫീസറുടെ അനധികൃത ഇടപെടലിൽ 8 കോടി രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്. കേസിലെ മറ്റൊരു പ്രതിയായ മുൻ മുട്ടിൽ വില്ലേജ് സ്പെഷൽ ഓഫീസർ കെ ഒ സിന്ധുവിനെ ഇതുവരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിട്ടില്ല.

Also Read: എൻ ടി സാജന്റെ നിയമനം വനം വകുപ്പ് അറിഞ്ഞുതന്നെയെന്ന് മന്ത്രി എകെ ശശീന്ദ്രൻ

അടിമാലി മരംമുറി കേസിൽ ഒന്നാം പ്രതി അറസ്റ്റിൽ; നടപടി മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം

അടിമാലി മരംമുറി കേസിലെ ഒന്നാം പ്രതി മുൻ റെയ്ഞ്ച് ഓഫീസർ ജോജി ജോൺ അറസ്റ്റിലായി. വെള്ളത്തൂവൽ പോലീസാണ് ജോജി ജോണിനെ അറസ്റ്റ് ചെയ്തത്. മൂന്ന് ദിവസമായി സുപ്രീം കോടതി നിർദേശത്തെ തുടർന്ന് ഇദ്ദേഹത്തെ ചോദ്യം ചെയ്യുകയായിരുന്നു. സുപ്രീം കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതോടെയാണ് ജോജി ഹാജരായത്. അടിമാലി മങ്കുവയിൽ നിന്ന് തേക്ക് മുറിച്ച് കടത്തിയ കേസിലാണ് അറസ്റ്റ്. മോഷ‌ണവും, പൊതുമുതൽ നശിപ്പിച്ചതിനുമാണ് ഇദ്ദേഹത്തിനെതിരെ കേസെടുത്തിരിക്കുന്നത്.

മങ്കുവയിലെ പുറമ്പോക്ക് ഭൂമിയിൽ നിന്ന് ജോജി റെയിഞ്ച് ഓഫീസർ ആയിരിക്കെ എട്ട് തേക്ക് മരങ്ങൾ മുറിച്ച് കടത്തിയെന്നാണ് കണ്ടെത്തൽ. വെട്ടി കടത്തിയ തേക്ക് തടികൾ ജോജിയുടെ അമ്മയുടെ പേരിലുള്ള സ്ഥലത്ത് നിന്ന് കണ്ടെത്തിയിരുന്നു. പൊതുമുതൽ നശിപ്പിച്ചതിനും മോഷണത്തിനുമാണ് വെള്ളത്തൂവൽ പോലീസ് ഇയാൾക്കെതിരെ കേസെടുത്തത്.

ഈ കേസിൽ ജോജിയുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാനായിരുന്നു ഉത്തരവ്. താൻ നിരപരാധിയെന്നാണ് ജോജി ജോൺ പറയുന്നത്. ചോദ്യം ചെയ്യലിനോട് ജോജി ജോൺ സഹകരിച്ചിരുന്നു. നേര്യമംഗലം, അടിമാലി റേഞ്ചുകളിൽ വ്യാപകമായി മരംമുറിക്ക് അനുമതി നൽകിയതിന് ജോജിക്കെതിരെ രണ്ട് കേസുകൾ വേറെയുമുണ്ട്. ഈ കേസുകളിൽ ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയിരുന്നു.