ഹൃദ്രോഗിയായ കുടുംബനാഥൻ ആശുപത്രിയിലിരിക്കെയായിരുന്നു മൂവാറ്റുപുഴ അ‍ർബൻ ബാങ്കിന്‍റെ ജപ്തി. ഇതിനെതിരെ നിയമ നടപടിയ്ക്കും കുടുംബം ആലോചിക്കുന്നുണ്ട്.

കൊച്ചി: മൂവാറ്റുപുഴയിൽ വീട്ടുടമസ്ഥൻ ഇല്ലാതിരുന്ന സമയത്ത് മൂന്ന് പെൺകുട്ടികളെ പുറത്താക്കി ജപ്തി ചെയ്ത വീടിന്‍റെ ബാധ്യത ഏറ്റെടുക്കാൻ തയ്യാറെന്ന് കാണിച്ച് മാത്യു കുഴൽനാടൻ എംഎൽഎ ബാങ്കിന് കത്ത് നൽകി. മൂവാറ്റുപുഴ അർബൻ ബാങ്കിന് അജേഷ് കൊടുക്കാനുള്ള 175000 രൂപ താൻ അടച്ചു കൊള്ളാം എന്ന് അറിയിച്ചുള്ള കത്താണ് കുഴൽനാടൻ നൽകിയത്. ഹൃദ്രോഗിയായ കുടുംബനാഥൻ ആശുപത്രിയിലിരിക്കെയായിരുന്നു മൂവാറ്റുപുഴ അ‍ർബൻ ബാങ്കിന്‍റെ ജപ്തി. ഇതിനെതിരെ നിയമ നടപടിയ്ക്കും കുടുംബം ആലോചിക്കുന്നുണ്ട്.

ജപ്തി നടപടികൾ പൂർത്തിയാക്കരുതെന്ന് വ്യക്തമാക്കിയാണ് എംഎൽഎ മാത്യു കുഴൻനാടൻ മൂവാറ്റുപുഴ അ‍ർബൻ ബാങ്കിന്‍ കത്ത് നൽകിയത്. വായ്പയും കുടിശ്ശികയും ചേർത്തുള്ള ഒന്നര ലക്ഷത്തോളം രൂപ ഉടൻ തിരിച്ചടയ്ക്കാൻ തയ്യാറാണ്. ഇതിനുള്ള നടപടികൾ ബാങ്ക് വേഗത്തിലാക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. ഇതിനൊപ്പം പട്ടിക ജാതി കുടുംബത്തിലെ മാതാപിതാക്കൾ വീട്ടിൽ ഇല്ലാതിരിക്കെ 12 വയസിൽ താഴെയുള്ള മൂന്ന് പെൺകുട്ടികളെ ഇറക്കിവിട്ടതിന് കേസ് നൽകാനും ആലോചനയുണ്ട്.

കഴിഞ്ഞ ശനിയാഴ്ചയാണ് ഗുരുതരമായ ഹൃദ്യോഗത്തിന് ഗൃഹനാഥനായ മൂവാറ്റുപുഴ പേഴയ്ക്കാപ്പള്ളി സ്വദേശി അജേഷ് സർക്കാർ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ മൂവാറ്റുപുഴ അ‍ർബൻ ബാങ്ക് ജപ്തി നടത്തിയത്. വീട് ഈട് വച്ചെടുത്ത ഒരു ലക്ഷം രൂപ കുടിശ്ശികയായതിനായിരുന്നു നടപടി. അജേഷ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർഡ് ആകുന്നത് വരെ ജപ്തി നീട്ടാൻ സമയം ചോദിച്ചെങ്കിലും ബാങ്ക് അനുവദിച്ചില്ല. എന്നാൽ കുടുംബത്തിന്‍റെ അവസ്ഥ ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്നായിരുന്നു മൂവാറ്റുപുഴ അ‍ർബൻ ബാങ്കിന്‍റെ വിശദീകരണം.

ഗൃഹനാഥന്‍ രോഗശയ്യയിൽ കിടക്കുമ്പോള്‍ കുഞ്ഞുങ്ങളെ പുറത്താക്കി വീട് ജപ്തി ചെയ്യപ്പെട്ട നടപടി കേരളത്തിന്‍റെ മനസാക്ഷിയെ ഞെട്ടിച്ചിരുന്നു. ഇനി ഇത്തരമൊരു അവസ്ഥ മറ്റാരും നേരിടരുതെന്നാണ് മൂവാറ്റുപുഴയിൽ ജപ്തി നടപടി നേരിട്ട അജേഷ് പ്രതികരിച്ചത്.. വിവരമറിഞ്ഞ് ആശുപത്രിക്കിടക്കയിൽ താൻ ഏറെ ബുദ്ധിമുട്ടിയെന്ന് അജേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഹൃദ്രോഗ ചികിത്സയ്ക്കുൾപ്പെടെ പണം കണ്ടെത്താനാവാതെ പകച്ചു നിൽകുകയാണ് അജേഷിന്റെ കുടുംബം.

നാലാമതും ഹൃദയാഘാതം വന്ന ശേഷം ഏറെ അവശത അനുഭവിക്കുന്ന അജേഷ് ചികിത്സക്കിടയിലാണ് മൂവാറ്റുപുഴ അർബൻ ബാങ്ക് അധികൃതർ വീട്ടിൽ ജപ്തി നടപടിക്കെത്തിയ വിവരം അറിയുന്നത്. ഭാര്യ മ‍ഞ്ജു വിവരങ്ങൾ അപ്പപ്പോൾ ധരിപ്പിച്ചു. വീട്ടിൽ അച്ഛനും അമ്മയും ഇല്ലെന്ന് കുഞ്ഞുങ്ങൾ അധികൃതരോട് പറ‍ഞ്ഞെന്നും പക്ഷേ ഫലമുണ്ടായില്ലെന്നും അജേഷ് പറ‍ഞ്ഞു. തനിക്ക് ഫോണിലൂടെ കാര്യങ്ങൾ ചെയ്യാൻ പരിമിതി ഉണ്ടായിരുന്നു.

നേരത്തെ തന്നെ ബാങ്ക് സിഇഒ ഉൾപ്പെടെയുള്ളവരോട് കാര്യം വ്യക്തമാക്കിയതാണെന്നും അജേഷ് പറഞ്ഞു. നാല് പൊന്നോമനകളാണുള്ളത്. ഇവരുടെ പഠിപ്പിന് പണം കണ്ടെത്തണം. ഹൃദ്രോഗ ചികിത്സയ്ക്കും ചിലവേറെയാണെന്നും വേദനയോടെ അജേഷ് പറഞ്ഞു. ബ്ലോക്ക് പ‍ഞ്ചായത്തിന്‍റെ സഹായത്തോടെ പിഴക്കാപ്പിള്ളിയിൽ നിർമ്മിച്ചു തുടങ്ങിയ വീട് പാതി വഴിയിലാണ്. ഇത് പൂർത്തിയാക്കാനും പണം വേണം. രോഗം കാരണം സ്റ്റുഡിയോ നടത്തിപ്പും നിന്നു.

സഹോദരങ്ങൾ ഉണ്ടെങ്കിലും ആർക്കും സഹായിക്കാവുന്ന സാമ്പത്തിക സ്ഥിതിയില്ല. ലോൺ തിരിച്ചടയക്കണമെന്ന് തന്നെയാണ് കരുതുന്നതെന്ന് ആവർത്തിക്കുന്ന അജേഷ് ഇപ്പോൾ ചികിത്സക്കുൾപ്പെടെ സുമമനസ്സുകളുടെ സഹായം തേടുകയാണ്.