തട്ടം പരാമര്‍ശത്തില്‍ അനില്‍ കുമാറിനെ തള്ളിയും എംവി ഗോവിന്ദന്‍ രംഗത്തെത്തി.

കണ്ണൂര്‍: കോടിയേരി ബാലകൃഷ്ണന്റെ പൊതുദര്‍ശനം സംബന്ധിച്ച് ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ നടത്തിയ പരാമര്‍ശത്തില്‍ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. അതെല്ലാം പാര്‍ട്ടി മുന്‍പേ ചര്‍ച്ച ചെയ്ത വിഷയമാണെന്ന് എംവി ഗോവിന്ദന്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിച്ചു. കോടിയേരിയുടെ ഭൗതികശരീരം തിരുവനന്തപുരത്ത് പൊതുദര്‍ശനത്തിന് വയ്ക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നുവെന്നാണ് വിനോദിനി കഴിഞ്ഞദിവസം പറഞ്ഞത്. 

അതേസമയം, തട്ടം പരാമര്‍ശത്തില്‍ കെ അനില്‍ കുമാറിനെ തള്ളി എംവി ഗോവിന്ദന്‍ രംഗത്തെത്തി. അനില്‍ കുമാറിന്റെ പരാമര്‍ശം പാര്‍ട്ടി നിലപാട് അല്ലെന്നും ഗോവിന്ദന്‍ വ്യക്തമാക്കി. അനില്‍കുമാറിന്റെ പരാമര്‍ശം വേണ്ടിയിരുന്നില്ലെന്നും ഗോവിന്ദന്‍ വ്യക്തമാക്കി. 'വസ്ത്രധാരണം ഓരോ മനുഷ്യന്റെയും ജനാധിപത്യ അവകാശമാണ്. അതിലേക്ക് കടന്നുകയറേണ്ട ഒരു നിലപാടും ഒരാളും സ്വീകരിക്കേണ്ട കാര്യമില്ലെന്നതാണ് പാര്‍ട്ടി നിലപാട്. അതുകൊണ്ട് വസ്ത്രം ധരിക്കുന്നവര്‍ പ്രത്യേക വസ്ത്രങ്ങള്‍ മാത്രമേ ധരിക്കാന്‍ പാടുകയുള്ളുവെന്ന് നിര്‍ദേശിക്കാനോ വിമര്‍ശിക്കാനോ ആരും ആഗ്രഹിക്കുന്നതല്ല. അത് ഓരോരുത്തരുടെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. അനില്‍കുമാറിന്റെ പ്രസ്താവനയിലെ ആ ഭാഗം പാര്‍ട്ടിയുടെ നിലപാടില്‍ നിന്ന് വ്യത്യസ്തമാണ്. ഇത്തരത്തിലുള്ള ഒരു പരാമര്‍ശം പാര്‍ട്ടിയുടെ ഭാഗത്തു നിന്നുണ്ടാകേണ്ടതില്ലെന്നാണ് നിലപാട്'-എം.വി ഗോവിന്ദന്‍ പറഞ്ഞു. സെക്രട്ടറിയുടെ പ്രതികരണത്തിന് പിന്നാലെ, പാര്‍ട്ടി നിലപാട് താന്‍ ഉയര്‍ത്തി പിടിക്കുമെന്ന് അനില്‍ കുമാര്‍ പറഞ്ഞു. പാര്‍ട്ടി ചൂണ്ടിക്കാണിച്ചത് കമ്മ്യൂണിസ്റ്റുകാരനായി ഏറ്റെടുക്കുമെന്ന് അനില്‍ കുമാര്‍ പ്രതികരിച്ചു. 

കഴിഞ്ഞദിവസം തിരുവനന്തപുരത്ത് യുക്തിവാദി സംഘടന സംഘടിപ്പിച്ച നാസ്തിക സമ്മേളനത്തിലായിരുന്നു അനില്‍ കുമാറിന്റെ പ്രസ്താവന. തട്ടം വേണ്ടെന്ന് പറയുന്ന പെണ്‍കുട്ടികള്‍ മലപ്പുറത്തുണ്ടായത് കമ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ വന്നതിന്റെ ഭാഗമായിട്ടാണെന്നായിരുന്നു അനില്‍ കുമാറിന്റെ പരാമര്‍ശം. മുസ്ലിം സ്ത്രീകള്‍ പട്ടിണി കിടക്കുന്നില്ലെങ്കില്‍ അതിന് നന്ദി പറയേണ്ടത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോടാണെന്നും അനില്‍ കുമാര്‍ പറഞ്ഞിരുന്നു. പരാമര്‍ശത്തിന് പിന്നാലെ രൂക്ഷവിമര്‍ശനമാണ് അനില്‍ കുമാറിനെതിരെ ഉയര്‍ന്നത്. 

തട്ടം പരാമര്‍ശം:'പാര്‍ട്ടി നിലപാട് ഉയര്‍ത്തിപ്പിടിക്കും, സംസ്ഥാന സെക്രട്ടറിയുടെ വിശദീകരണം എന്‍റെ നിലപാടാണ്'

YouTube video player