മലപ്പുറം ജില്ലയിലെ രാഷ്ട്രീയബലാബലം സംസാരിക്കുമ്പോളാണ്, അവിടെ ജമാഅത്തെ ഇസ്ലാമിയുടെയും ലീഗിന്റെയും ആശയതലം കൈകാര്യംചെയ്യുന്നത് വർഗീയ നിലപാടാണെന്ന് പറയുന്നത്. അത് രാഷ്ട്രീയപാർട്ടികളെ സംബന്ധിച്ചാണ്.
തിരുവനന്തപുരം: മലപ്പുറം ജില്ലയെക്കുറിച്ചുള്ള സിപിഎം നേതാവിന്റെ വർഗീയ പരാമർശം തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മുൻ എംഎൽഎയും സിപിഎം നേതാവുമായ പി നന്ദകുമാറിന്റെ പരാമർശത്തെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി തള്ളിപ്പറഞ്ഞത്. നന്ദകുമാറിന്റേത് പാർട്ടി നിലപാടല്ലെന്നും മുസ്ലീം മതന്യൂനപക്ഷങ്ങളെ ചേർത്തുപിടിക്കുന്നതാണ് സിപിഎം നിലപാടെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
മലപ്പുറത്തിനെതിരെ വർഗീയമായ ഒരുകാര്യങ്ങളും ഞങ്ങൾ ഒരിക്കലും പറയാറില്ല. മലപ്പുറം ദേശീയ സ്വതന്ത്രസമര പ്രസ്ഥാനത്തിന്റെ ഐതിഹാസികമായ പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുത്ത മണ്ണല്ലേ. ആ ജനതയിൽ എല്ലാ വിഭാഗങ്ങളും ഉണ്ടായിരുന്നു. മുസ്ലീങ്ങളും ഹിന്ദുക്കളും എല്ലാ ജനവിഭാഗങ്ങളും അതിലുണ്ടായിരുന്നു. അവരെല്ലാം നടത്തിയ പോരാട്ടത്തിന്റെ ഭാഗമായാണ് മലപ്പുറം ജില്ല രൂപംകൊള്ളുന്നതടക്കം ഉണ്ടായത്. മലപ്പുറം ജില്ലയിലെ രാഷ്ട്രീയബലാബലം സംസാരിക്കുമ്പോളാണ്, അവിടെ ജമാഅത്തെ ഇസ്ലാമിയുടെയും ലീഗിന്റെയും ആശയതലം കൈകാര്യംചെയ്യുന്നത് വർഗീയ നിലപാടാണെന്ന് പറയുന്നത്. അത് രാഷ്ട്രീയപാർട്ടികളെ സംബന്ധിച്ചാണ്. അല്ലാതെ മലപ്പുറം ജില്ലയെക്കുറിച്ചല്ലെന്നും എം വി ഗോവിന്ദൻ വിശദീകരിച്ചു. ഗ്യാനേഷ് കുമാറിനെതിരേ യുഡിഎഫ് സർക്കാർ നടത്തുന്ന അന്വേഷണത്തെയും സിപിഎം സ്വാഗതംചെയ്തു. ഏത് പാർട്ടി ഭരിച്ച കാലത്തെയായാലും ഗ്യാനേഷ് കുമാറിനെതിരേയുള്ള എല്ലാ കേസുകളും അന്വേഷിക്കട്ടെയെന്നായിരുന്നു എം വി ഗോവിന്ദന്റെ പ്രതികരണം.
കഴിഞ്ഞദിവസമാണ് പി നന്ദകുമാറിന്റെ വിവാദപരാമർശമുണ്ടായത്. മതമൗലിക വർഗീയവാദികളുടെ കൂടാണ് മലപ്പുറം എന്നായിരുന്നു നന്ദകുമാർ പ്രസംഗത്തിനിടെ പറഞ്ഞത്. പിണറായി വിജയനടക്കമുള്ള വേദിയിലായിരുന്നു പരാമർശം. എന്നാൽ, നന്ദകുമാർ ഇതുവരെ പരാമർശം പിൻവലിക്കുകയോ തിരുത്തിപറയുകയോ ചെയ്തിട്ടില്ല. അതിനിടെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി നന്ദകുമാറിന്റെ നിലപാടിനെ തള്ളി രംഗത്തെത്തിയത്.



