പാനൂര്‍ ബോംബ് സ്ഫോടനക്കേസിന്‍റെ പേരില്‍ ചോദ്യങ്ങള്‍ നേരിടുന്ന സാഹചര്യത്തില്‍ അക്രമരാഷ്ട്രീയത്തില്‍ നിന്ന് സിപിഎം പിൻവാങ്ങി നില്‍ക്കുന്നുവെന്ന വിശദീകരണമാണ് പ്രത്യക്ഷമായും പരോക്ഷമായും സിപിഎം നേതാക്കള്‍ നല്‍കുന്നത്

കൊച്ചി: സിപിഎം കൊലപാതക രാഷ്ട്രീയത്തിനെതിരായ നയത്തിലാണ് മുന്നോട്ട് പോകുന്നതെന്ന പരാമര്‍ശത്തിന് പിന്നാലെ ആര്‍എസ്എസും മറ്റ് പാര്‍ട്ടികളും ചേര്‍ന്ന് കൊലപ്പെടുത്തിയ സിപിഎമ്മുകാരുടെ പേരടങ്ങിയ പട്ടിക പുറത്തുവിട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. 

പാര്‍ട്ടി തയ്യാറാക്കിയ പട്ടിക തന്നെയാണിത്. 2016ന് ശേഷം ആര്‍എസ്എസും മറ്റ് പാര്‍ട്ടികളും ചേര്‍ന്ന് സിപിഎമ്മിനെതിരെ നടത്തിയ അതിക്രമങ്ങളില്‍ കൊല്ലപ്പെട്ട സിപിഎമ്മുകാര്‍ എന്ന രീതിയിലാണ് പട്ടിക. ചേര്‍ത്തലയില്‍ കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകൻ ഷിബുവിന്‍റെ പേരിലാണ് പട്ടിക തുടങ്ങുന്നത്. 

ഏറ്റവുമൊടുവില്‍ കോഴിക്കോട് കൊയിലാണ്ടിയില്‍ കൊല്ലപ്പെട്ട പിവി സത്യനാഥന്‍റെ പേരാണുള്ളത്. ആകെ 27പേരാണുള്ളത്. ഇവരുടെ സ്ഥലം, കൊന്ന രാഷ്ട്രീയ പാര്‍ട്ടി, തീയതി എന്നിവയാണ് പട്ടികയില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. നാളിതുവരെ 692 പാർട്ടി പ്രവർത്തകർ കേരളത്തിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

പാനൂര്‍ ബോംബ് സ്ഫോടനക്കേസിന്‍റെ പേരില്‍ ചോദ്യങ്ങള്‍ നേരിടുന്ന സാഹചര്യത്തില്‍ അക്രമരാഷ്ട്രീയത്തില്‍ നിന്ന് സിപിഎം പിൻവാങ്ങി നില്‍ക്കുന്നുവെന്ന വിശദീകരണമാണ് പ്രത്യക്ഷമായും പരോക്ഷമായും സിപിഎം നേതാക്കള്‍ നല്‍കുന്നത്.കേരളത്തില്‍ ഇനി പാര്‍ട്ടി സംഘര്‍ഷാവസ്ഥ ഉണ്ടാക്കില്ല, കൊലപാതത്തെ ഇനി കൊലപാതം കൊണ്ട് നേരിടില്ലെന്ന് പാർട്ടി നേരത്തെ പ്രഖ്യാപിച്ചതാണ്, ദുര്‍ബലരാണ് തിരിച്ചടിക്കുക, ബലവാന്മാര്‍ ക്ഷമിക്കുകയാണ് ചെയ്യുകയെന്ന് നേരത്തെ എംവി ഗോവിന്ദൻ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇങ്ങനെയൊരു പട്ടിക പുറത്തുവിട്ടിരിക്കുന്നത്. 

Also Read:- സ്ഫോടനത്തിൽ പിടികൂടിയ ഡിവൈഎഫ്ഐ പ്രവർത്തകൻ സാമൂഹ്യ പ്രവർത്തകൻ, സഹായിക്കാൻ പോയതെന്ന് എംവി ഗോവിന്ദൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo