വനിത പൊലീസ് ഉദ്യോഗസ്ഥ വഴിയൊരുക്കിയ ആംബുലൻസിൽ രോഗി ഇല്ലെന്ന് മോട്ടോർ വാഹന വകുപ്പിന്‍റെ കണ്ടെത്തൽ.
തൃശ്ശൂര്‍: തൃശ്ശൂർ നഗരത്തിൽ ആംബുലൻസിന് വനിത പൊലീസ് ഉദ്യോഗസ്ഥ വഴിയൊരുക്കിയ വീഡിയോ വൈറലായതിന് പിന്നാലെ മോട്ടോർ വാഹന വകുപ്പിന്റെ അന്വേഷണത്തിൽ ട്വിസ്റ്റ്. ആംബുലൻസിൽ രോഗി ഇല്ലെന്ന് മോട്ടോർ വാഹന വകുപ്പ് അന്വേഷണത്തിൽ കണ്ടെത്തി. രോഗി ഉണ്ടെന്ന് കരുതിയാണ് പൊലീസ് ഉദ്യോഗസ്ഥ ആംബുലൻസിന് വഴിയൊരുക്കിയത്. പരിശോധനയിൽ ഡ്രൈവർ വീഡിയോ എടുത്തത് വണ്ടിയോടിക്കുമ്പോഴാണെന്ന് കണ്ടെത്തിയെന്നും എം.വി. ഐ ബിജു ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. സംഭവത്തില്‍ പിഴ ഈടാക്കി ആംബുലൻസ് ഡ്രൈവറെയും സഹായിയെയും വിട്ടയച്ചു. അതേസമയം, സൈറൻ ഇട്ട് ആംബുലെൻസ് ഓടിച്ചിട്ടില്ലെന്നും അത് മറ്റുള്ളവർ എഡിറ്റ് ചെയ്തതാണെന്നും ആംബുലൻസ് ഡ്രൈവർ ഫൈസൽ പറയുന്നു.
ആംബുലൻസിന് വനിതാ പൊലീസ് ഉദ്യോഗസ്ഥ വഴിയൊരുക്കിയതിന്റെ വീഡിയോ നവമാധ്യമങ്ങളിൽ കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായിരുന്നു. രോഗിയുമായി പോയ ആംബുലൻസിന് പെട്ടെന്ന് വഴിയൊരുക്കിയ വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് കയ്യടിച്ച് നിരവധി പോസ്റ്റുകളാണ് സമൂഹമാധ്യമങ്ങളില്‍ നിരന്നത്. എന്നാല്‍, മോട്ടോർ വാഹന വകുപ്പ് നടത്തിയ അന്വേഷണത്തിൽ ആംബുലൻസിൽ രോഗിയില്ലെന്ന് കണ്ടെത്തുകയായിരുന്നു. വീഡിയോയില്‍ ആംബുലൻസിന്റെ ഡ്രൈവർ വണ്ടി ഓടിക്കുമ്പോൾ മിററിൽ ഡ്രൈവറുടെ കൈവശം ഫോൺ കണ്ടെത്തിയിരുന്നു. ഇതിനെ തുര്‍ന്നാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ അന്വേഷണം നടത്തിയത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിയെ എത്തിച്ച ശേഷം മടങ്ങുമ്പോഴാണ് ആംബുലൻസ് ബ്ലോക്കില്‍ കുരുക്കിൽപ്പെട്ടത്. രോഗി ഉണ്ടെന്ന് കരുതിയാണ് പൊലീസ് ഉദ്യോഗസ്ഥ ആംബുലൻസിന് വഴിയൊരുക്കിയത്. പരിശോധനയിൽ ഡ്രൈവർ വീഡിയോ എടുത്തത് വണ്ടിയോടിക്കുമ്പോഴാണെന്ന് കണ്ടെത്തുകയായിരുന്നു.
