തിരുവനന്തപുരം: ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കാനുള്ള സംസ്ഥാനസർക്കാരിന്‍റെ തീരുമാനം ആകാശക്കൊള്ളയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത് വെറും ധൂർത്താണെന്നും മുഖ്യമന്ത്രിക്കും പരിവാരങ്ങൾക്കും സഞ്ചരിക്കാനുള്ള വാഹനമായി ഇത് മാറുമെന്നും കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ വിമർശിച്ചു. മൂന്നര വർഷം കൊണ്ട് പിണറായി സർക്കാർ നടത്തിയത് ആയിരം കോടി രൂപയുടെ ധൂർത്താണെന്നും മുല്ലപ്പള്ളി ആരോപിച്ചു.

ഊരിപ്പിടിച്ച കത്തിക്ക് മുന്നിൽ നടന്നതല്ലേ? മുല്ലപ്പള്ളി

മുഖ്യമന്ത്രിയുടെ സംരക്ഷണത്തിന് വേണ്ടി ധൂർത്ത് നടക്കുകയാണിവിടെ എന്നാണ് മുല്ലപ്പള്ളി ആരോപിക്കുന്നത്. മുഖ്യമന്ത്രിക്ക് വേണ്ടി ബുള്ളറ്റ് പ്രൂഫ് കാർ വാങ്ങുന്നു. ഊരിപ്പിടിച്ച കത്തിക്കു മുന്നിലൂടെ വന്ന മുഖ്യമന്ത്രിക്ക് എന്തിനാണ്  ഇത്ര സുരക്ഷ? ഏറ്റവും ദുർബലമായ മാവോയിസ്റ്റ് ഗ്രൂപ്പാണ് ഇവിടെയുള്ളത്. ഇവരെ വളഞ്ഞിട്ട് ഹെലികോപ്റ്റർ വഴി ഓടിച്ചിട്ട് പിടിക്കാമെന്ന് കരുതുന്നതിലും വലിയ മണ്ടത്തരം എന്താണുള്ളത്?

എന്ത് ഓപ്പറേഷനാണ് ഇവിടെ നടക്കുന്നതെന്ന് ചോദിച്ച മുഖ്യമന്ത്രിക്കും പരിവാരങ്ങൾക്കും യാത്ര ചെയ്യാനാണ് ഹെലികോപ്റ്ററെന്നും മുല്ലപ്പള്ളി ആരോപിച്ചു. 

'സഹകരണബാങ്കുകളെ അട്ടിമറിക്കുന്നു'

അസാധാരണ ഓർസിനൻസിലൂടെയാണ് കേരളാ ബാങ്ക് രൂപീകരിച്ചതെന്ന് മുല്ലപ്പള്ളി ആരോപിക്കുന്നു. എന്തിന് വേണ്ടിയാണെന്ന് മുഖ്യമന്ത്രി വിശദീകരിക്കുന്നില്ല. വാണിജ്യ ബാങ്ക് തുടങ്ങാൻ ഭരണഘടനപരമായി സർക്കാരിന് അധികാരമില്ല. സഹകരണ ബാങ്കിംഗ് സംവിധാനത്തെ അട്ടിമറിക്കാനാണ് സർക്കാരിന്‍റെ പുതിയ നീക്കം.

ഇതിന് ഇതുവരെ ആർബിഐ അനുമതി നൽകിയിട്ടില്ല. പിന്നെ എന്തിനാണ് ഇത്ര തിടുക്കമെന്ന് മുഖ്യമന്ത്രി വിശദീകരിക്കുന്നില്ല. ഹൈക്കോടതി പ്രാഥമിക പരിശോധനക്കുള്ള അനുമതി മാത്രമാണ് നൽകിയിട്ടുള്ളത്. വാണിജ്യ ബാങ്കുകളായി സഹകരണ ബാങ്കുകൾ മാറുമ്പോൾ സാധാരണക്കാരന് ഈ ബാങ്കുകൾ അപ്രാപ്യമാവുകയാണ്. 

സഹകരണ ബാങ്കുകളിലെ പണത്തിലാണ് സർക്കാരിന്‍റെ നോട്ടം. അതെടുത്ത് സാമ്പത്തിക പ്രതിസന്ധി തീർക്കാനാണ് ശ്രമിക്കുന്നത്. ഇതിനെതിരെ നിയമപോരാട്ടം നടത്തുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

പ്രളയസമയത്ത് പോലും സർക്കാർ നടത്തിയത് അഴിമതിയാണ്. പ്രളയ സമത്ത് പോലും 250 ക്വാറികൾക്ക് അനുമതി നൽകി. ഇതിൽ മാത്രം 1000 കോടി രൂപയുടെ അഴിമതിയുണ്ടെന്നും മുല്ലപ്പള്ളി ആവർത്തിച്ചു.

വിലക്കയറ്റം കൊണ്ട് ജനം വീർപ്പുമുട്ടുമ്പോൾ സർക്കാർ ധൂർത്ത് നടത്തുകയാണ്, മുഖ്യമന്ത്രിയും പരിവാരങ്ങളും വിദേശയാത്ര നടത്തുന്നു. ഇതുകൊണ്ട് എന്താണ് ഉപയോഗം? ഒരു കരാറിൽപ്പോലും സർക്കാർ ഒപ്പുവച്ചിട്ടില്ല - എന്ന് മുല്ലപ്പള്ളി.

ഇത് സ്വകാര്യ കമ്പനികളെ സഹായിക്കാൻ - ചെന്നിത്തല

മുഖ്യമന്ത്രി ഇപ്പോൾ തന്നെ ഹെലികോപ്റ്റർ വാടകക്കെടുക്കുന്നുണ്ട്. ഇനി മാവോയിസ്റ്റുകളുടെ പേരിലും ഇത് ആവശ്യമില്ലെന്നാണ് ചെന്നിത്തല പറയുന്നത്. ഇപ്പോൾ നടക്കുന്നത് ആകാശക്കൊള്ളയാണ്. ചില വ്യക്തികൾക്ക് വേണ്ടിയാണ് സർക്കാർ ഈ തീരുമാനമെടുക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

Read more at: ഹെലികോപ്റ്റർ വാടക കരാറിൽ ദുരൂഹത; ഉപദേശകൻ രമൺ ശ്രീവാസ്തവക്കെതിരെ പിണറായിക്ക് കത്ത്