ഡിസിസിയിലെത്തി രേഖകൾ പരിശോധിച്ചു. ഡിസിസി പ്രസിഡന്‍റ് എൻ ഡി അപ്പച്ചനൊപ്പം എത്തിയാണ് അന്വേഷണസംഘം പരിശോധന നടത്തിയത്
മാനന്തവാടി: എൻ എം വിജയന്‍റെ ആത്മഹത്യാ കേസില്‍ വയനാട് ഡിസിസി ഓഫീസിൽ പൊലീസ് പരിശോധന. ചോദ്യംചെയ്യുന്നതിനിടെ ഡിസിസി പ്രസിഡൻറ് എൻ ഡി അപ്പച്ചനുമായി എത്തിയാണ് പൊലീസ് രേഖകൾ പരിശോധിച്ചത്. എൻ എം വിജയൻറെ കത്തുമായി ബന്ധപ്പെട്ട് അന്വേഷണസംഘം കെപിസിസി പ്രസിഡൻറ് കെ സുധാകരനെയും ചോദ്യംചെയ്യും.
എൻ ഡി അപ്പച്ചന്റെയും കെ കെ ഗോപിനാഥന്റെയും ചോദ്യംചെയ്യൽ രണ്ടാം ദിവസം തുടരുന്നതിനിടെയാണ് പൊലീസ് ഡിസിസി ഓഫീസിൽ എത്തിയത്. ബത്തേരി ഡിവൈഎസ്പി അബ്ദുൾ ഷെരീഫിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം മൂന്നു മണിയോടെ എത്തി 20 മിനിറ്റോളം നേരം ഡിസിസി ഓഫീസിൽ പരിശോധന നടത്തി. ചോദ്യം ചെയ്തിരുന്ന ഡിസിസി പ്രസിഡന്‍റ് അപ്പച്ചനെയും ഒപ്പം കൊണ്ടുവന്നായിരുന്നു അന്വേഷണ സംഘത്തിന്റെ പരിശോധന. ഡിസിസി ഓഫീസിലെ മിനിട്സ് ബുക്കും ട്രഷറർ എന്ന നിലയിലെ ഒപ്പുകളും പരിശോധിച്ച രേഖകളിൽപ്പെടുന്നു. ഇന്നലെ കെ കെ ഗോപിനാഥന്റെ വീട്ടിൽ നിന്നും ചില രേഖകളും ഡയറികളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. മുൻ ബാങ്ക് ചെയർമാൻ ആയിരുന്ന ഡോക്ടർ സണ്ണി ജോർജിന്റെ വീട്ടിലും അന്വേഷണ സംഘം പരിശോധന നടത്തി.
കേസുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്‍റിനെയും വൈകാതെ അന്വേഷണസംഘം ചോദ്യംചെയ്യും. ആത്മഹത്യാ കുറിപ്പിനൊപ്പം വീട്ടുകാർ പൊലീസിന് നല്‍കിയ രണ്ട് കത്തുകള്‍ കെ സുധാകരനെ അഭിസംബോധന ചെയ്തായിരുന്നു. ഈ സാഹചര്യത്തിലാണ് കെപിസിസി പ്രസിഡന്‍റിനെ ചോദ്യം ചെയ്യാൻ അന്വേഷണസംഘം തീരുമാനിച്ചത്. കെപിസിസി പ്രസിഡന്‍റിനെ എന്ന് ചോദ്യം ചെയ്യുമെന്നത് സംബന്ധിച്ച് അന്വേഷണസംഘം ഇനിയും തീരുമാനമെടുത്തിട്ടില്ല. നീക്കത്തിന് പിന്നില്‍ രാഷ്ട്രീയമാണെന്ന് കെ സുധാകരൻ കുറ്റപ്പെടുത്തി. സംഭവം കൈകാര്യം ചെയ്തതില്‍ വയനാട് ഡിസിസിക്ക് വീഴ്ച പറ്റിയെന്നും കെപിസിസി പ്രസിഡന്‍റ് പറഞ്ഞു
പ്രതിപക്ഷ നേതാവ് വി ഡി സതീശന് പിന്നാലെ നാളെ കെ സുധാകരൻ എൻ എം വിജയന്‍റെ വീട്ടില്‍ സന്ദർശനം നടത്തും. കുടുംബത്തിന്‍റെ കടബാധ്യത അടക്കം രാഷ്ട്രീയകാര്യ സമിതിയില്‍ ചർച്ചയായതിന് പിന്നാലെയാണ് സുധാകരൻ കുടുംബാംഗങ്ങളെ കാണുന്നത്.
വിഷം കഴിച്ചു മരിക്കുന്നതിന് മുൻപ് മൂത്ത മകൻ വിജേഷിന് എഴുതിയ കത്തിലാണ് സാമ്പത്തിക പ്രതിസന്ധിയുടെ ആഴം വിജയൻ വ്യക്തമാക്കിയത്. കെ പി സി സി പ്രസിഡന്റ് കെ സുധാകരന് എഴുതിയ കത്തിലാണ് പാർട്ടി നേതാക്കളുടെ വഞ്ചയനയെപ്പറ്റി അദ്ദേഹം പറയുന്നത്. ഐ സി ബാലകൃഷ്ണനും എൻ ഡി അപ്പച്ചനും ആവശ്യപ്പെട്ടത് അനുസരിച്ചാണ് ബത്തേരി അർബൻ ബാങ്ക് നിയമനത്തിന് പണം വാങ്ങിയതെന്ന് കത്തിൽ പറയുന്നു. നിയമനത്തിന് പണം വാങ്ങിയത് എംഎൽഎ ആണെന്ന് ആരോപിക്കുന്ന കത്തിൽ ഈ വിവരങ്ങളെല്ലാം കെപിസിസി നേതൃത്വത്തിന് അറിയാമെന്നും പറയുന്നുണ്ട്. ഡിസിസി പ്രസിഡന്റ സ്ഥാനം വഹിച്ചിരുന്ന മൂന്ന് നേതാക്കൾ പണം വീതിച്ചെടുത്തെന്നും ആരോപണമുണ്ട്. സമാന സ്വഭാവമുള്ള കത്തുകൾ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും സ്വന്തം കൈപ്പടയിൽ എൻ എം വിജയൻ എഴുതി സൂക്ഷിച്ചിരുന്നു.

