കോട്ടയം: ചാമ്പ്യന്‍സ് ബോട്ട് ലീഗിന്‍റെ രണ്ടാം മത്സരത്തിലും നടുഭാഗം ചുണ്ടന് ജയം. ലീഗിന്‍റെ ഭാഗമായ താഴത്തങ്ങാടി ജലോത്സവത്തിലാണ് നടുഭാഗം ചുണ്ടൻ രണ്ടാം ജയം സ്വന്തമാക്കിയത്. ഒന്‍പത് ചുണ്ടൻ വള്ളങ്ങളാണ് മീനച്ചിലാറിന്‍റെ ഓളപ്പരപ്പിൽ മാറ്റുരയ്ക്കാനിറങ്ങിയത്. 120 വർഷത്തിന്‍റെ പെരുമ പേറുന്ന കോട്ടയം താഴത്തങ്ങാടി ജലോത്സവം പ്രഥമ ചാമ്പ്യന്‍സ് ബോട്ട് ലീഗിന്‍റെ രണ്ടാം മത്സരമായാണ് ഇത്തവണ നടന്നത്.

67 വർഷത്തിന് ശേഷം നെഹ്റു ട്രോഫിയിൽ മുത്തമിട്ട നടുഭാഗം ചുണ്ടൻ തന്നെയായിരുന്നു താഴത്തങ്ങാടിയിലും ശ്രദ്ധാ കേന്ദ്രം. കാണികളുടെ പ്രതീക്ഷകൾ തെറ്റിക്കാതെ കഴിഞ്ഞ തവണയും താഴത്തങ്ങാടി ട്രോഫി നേടിയ നടുഭാഗം ചുണ്ടൻ തന്നെ ഇത്തവണയും ജേതാക്കളായി. പ്രഥമ ചാമ്പ്യന്‍സ് ലീഗിന്‍റെ രണ്ടാം മത്സരമായ താഴത്തങ്ങാടി ജലോത്സവത്തിലും വിജയിച്ചതോടെ നടുഭാഗം ലീഗിൽ ഒന്നാം സ്ഥാനം നിലനിർത്തി.

സിബിഎല്ലിലെ മൂന്നാം മത്സരം ഈ മാസം 14ന് ആലപ്പുഴ കരുവാറ്റിൽ നടക്കും. ഹീറ്റ്സിൽ ഒന്നാം സ്ഥാനത്തെത്തുന്നവർ ഫൈനലിലെത്തുന്ന പരമ്പരാഗത രീതി വിട്ട് മികച്ച സമയത്തിൽ ഫിനിഷ് ചെയ്യുന്ന വള്ളങ്ങളാണ് ചാമ്പ്യന്‍സ് ബോട്ട് ലീഗിൽ ഫൈനലിൽ എത്തുന്നത്.