കേരളത്തെക്കുറിച്ചും മലയാളികളെക്കുറിച്ചും വിസാസൊ കിക്കി പറയുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുകയാണ്.
തിരുവനന്തപുരം: പത്തുവര്‍ഷമായി കേരളത്തില്‍ താമസിക്കുന്ന നാഗാലാന്‍ഡ് സ്വദേശിയായ ഡോക്ടറുടെ അനുഭവങ്ങള്‍ പറയുന്ന വീഡിയോ പങ്കുവച്ച് മന്ത്രി എംബി രാജേഷ്. കേരളത്തെക്കുറിച്ചും ആരോഗ്യ സംവിധാനത്തെക്കുറിച്ചും മലയാളികളുടെ ആതിഥ്യമര്യാദയെക്കുറിച്ചും ഡോക്ടറായ വിസാസൊ കിക്കി സംസാരിക്കുന്നുണ്ടെന്ന് മന്ത്രി രാജേഷ് പറഞ്ഞു. കേരളത്തെക്കുറിച്ച് കേട്ടറിഞ്ഞാണ് വിസാസൊ കിക്കി ഉന്നത വിദ്യാഭ്യാസം ചെയ്യാന്‍ കോഴിക്കോട് എത്തിയത്. അദ്ദേഹം എംബിബിഎസും എംഎസും പഠിച്ചത് കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലാണെന്ന് മന്ത്രി പറഞ്ഞു.
'ഞാനിപ്പോള്‍ കേരളത്തില്‍ പത്തുവര്‍ഷമായി. കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് എംബിബിഎസ് ചെയ്തത്. എംഎസ് ജനറല്‍ സര്‍ജറി ചെയ്യാനാണ് തിരുവനന്തപുരത്തെത്തിയത്. കേരളം എന്തിന് തെരഞ്ഞെടുത്തു, എങ്ങനെ പോയി, എന്നൊക്കെ പലരും ചോദിക്കാറുണ്ട്. കേരളം വളരെ മനോഹര സ്ഥലമാണെന്ന് ഞാന്‍ പറയാറുണ്ട്. വളരെ നല്ലവരാണ് മലയാളികളെന്ന് കോഴിക്കോട് എത്തിയപ്പോള്‍ മനസിലായി.'-വിസാസൊ കിക്കി പറയുന്നു. കേരളത്തെക്കുറിച്ചും മലയാളികളെക്കുറിച്ചും വിസാസൊ കിക്കി പറയുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുകയാണ്. മലയാളത്തിലാണ് തന്റെ അനുഭവങ്ങള്‍ വിസാസൊ പങ്കുവയ്ക്കുന്നത്.
'കേരളത്തിലെ ലാബുകള്‍ക്ക് ഗുണനിലവാര സര്‍ട്ടിഫിക്കേഷന്‍'; പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചെന്ന് മന്ത്രി
തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളിലെ ലാബുകളെല്ലാം ദേശീയതലത്തിലെ ഗുണനിലവാര സര്‍ട്ടിഫിക്കേഷന്‍ ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ടെന്ന് മന്ത്രി വീണാ ജോര്‍ജ്. തലശേരി മലബാര്‍ കാന്‍സര്‍ സെന്ററിലെ ലാബുകളെല്ലാം എന്‍.എ.ബി.എല്‍ അക്രഡിറ്റേഷന്‍ നേടി. ഇവിടെയുള്ള പത്തോളജി, മൈക്രോബയോളജി, ബയോകെമിസ്ട്രി, മോളിക്യുലാര്‍ ഓങ്കോളജി തുടങ്ങിയ ലാബുകള്‍ക്കാണ് എന്‍.എ.ബി.എല്‍. അക്രഡിറ്റേഷന്‍ ലഭ്യമായത്. സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളിലെ ഉള്‍പ്പെടെയുള്ള പ്രധാന ലാബുകള്‍ എന്‍.എ.ബി.എല്‍ അക്രഡിറ്റഡ് ലാബുകള്‍ ആക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. ചികിത്സയില്‍ ഏറ്റവും നിര്‍ണായകമാകുന്ന ഒരു ഘടകം രോഗനിര്‍ണയമാണ്. മാനദണ്ഡങ്ങള്‍ പാലിച്ചുള്ള കൃത്യമായിട്ടുള്ള ലാബ് പരിശോധനകള്‍ ഉണ്ടാകുക എന്നുള്ളത് പരമപ്രധാനമായ കാര്യമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്കെതിരായ പരാമര്‍ശം; പി എം എ സലാമിനെതിരെ നടപടിയാവശ്യപ്പെട്ട് സമസ്ത

