വര്‍ഷങ്ങള്‍ക്കുമുന്‍പ് നടന്ന മുത്തങ്ങ സമരത്തെ തുടര്‍ന്നാണ് ഗോത്രജനത പൊലീസിനാലും പൊതുസമൂഹത്താലും വ്യാപകമായി ആക്രമിക്കപ്പെട്ടത്. അന്ന് നേരിട്ട യാതനകള്‍ക്ക് രാഷ്ട്രീയനിലപാടിലൂടെ മറുപടി പറയുന്നതായി മുത്തങ്ങ സമരവാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട 'നങ്ക തെറെ' (ഞങ്ങളുടെ ആഘോഷം) സാംസ്‌കാരിക ആഘോഷ പരിപാടി. 

സുല്‍ത്താന്‍ബത്തേരി: ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് തങ്ങളുടെ അച്ഛനമ്മമാരും മുത്തച്ഛന്മാരും സഹോദരങ്ങളുമൊക്കെ ഒരു വിഭാഗം നാട്ടുകാരാലും പൊലീസിനാലും വേട്ടയാടപ്പെട്ട അതേ നഗരത്തില്‍ മുഖം മുഴുക്കെ ചായമണിഞ്ഞും പരമ്പരാഗത വേഷം ധരിച്ചും രാഷ്ട്രീയ നിലപാടുകള്‍ പറയുന്ന പ്ലക്കാര്‍ഡുകളേന്തി അവരെത്തിയത് ശക്തമായ രാഷ്ട്രീയ നിലപാടുകള്‍ പറഞ്ഞു കൊണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്കുമുന്‍പ് നടന്ന മുത്തങ്ങ സമരത്തെ തുടര്‍ന്നാണ് ഗോത്രജനത പൊലീസിനാലും പൊതുസമൂഹത്താലും വ്യാപകമായി ആക്രമിക്കപ്പെട്ടത്. അന്ന് നേരിട്ട യാതനകള്‍ക്ക് രാഷ്ട്രീയനിലപാടിലൂടെ മറുപടി പറയുന്നതായി മുത്തങ്ങ സമരവാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട 'നങ്ക തെറെ' (ഞങ്ങളുടെ ആഘോഷം) സാംസ്‌കാരിക ആഘോഷ പരിപാടി. 

കെട്ടിലും മട്ടിലും വേറിട്ടു നിന്ന സാംസ്‌കാരികഘോഷ യാത്ര ആദിശക്തി സമ്മര്‍ സ്‌കൂളിന്റെ ആഭിമുഖ്യത്തിലാണ് സംഘടിപ്പിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം നാല് മണിയോടെ സുല്‍ത്താന്‍ ബത്തേരി ചുങ്കം ജംഗ്ഷനില്‍ നിന്നുമാരംഭിച്ച മാര്‍ച്ച് കവി സുകുമാരന്‍ ചാലിഗദ്ദ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് നഗരം ചുറ്റി സ്വതന്ത്ര മൈതാനിയില്‍ അവസാനിക്കുന്നത് വരെ ഘോഷയാത്ര കാണാന്‍ പാതയുടെ ഇരുവശങ്ങളിലും ആളുകള്‍ തടിച്ചു കൂടിയിരുന്നു. കലാപ്രകടനങ്ങള്‍ക്കും തുടിയടക്കമുള്ള തനത് വാദ്യോപകരണങ്ങള്‍ക്കും പുറമെ 'സ്വയംഭരണമാണ് സ്വാതന്ത്ര്യം', 'വിദ്യാഭ്യാസം ജന്‍മാവകാശമാണ്' 'ഭൂമിയാണ് അധികാരം' തുടങ്ങിയ ആദിവാസി-ഗോത്ര ജനത അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ത്തുന്ന മുദ്രവാക്യങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡുകളും ഘോഷയാത്രയില്‍ പങ്കെടുത്തവര്‍ കൈകളിലേന്തിയിരുന്നു. ഡോ. ബി ആര്‍ അംബേദ്ക്കറുടെ ഛായാചിത്രവും കുട്ടികള്‍ ഉയര്‍ത്തിപ്പിടിച്ചു. ഘോഷയാത്ര സമാപിച്ചതോടെ നഗരത്തിലുള്ള സ്വതന്ത്രമൈതാനിയില്‍ ഒരുക്കിയ വേദിയില്‍ വട്ടക്കളി അടക്കമുള്ള വിവിധ ഗോത്ര പരിപാടികളും അരങ്ങേറി. 

വിനു കിടച്ചുളന്‍, സിന്ധു മാങ്ങാനിയന്‍, നാരായണന്‍ ശങ്കരന്‍, വി. ബാലന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ആദി ശക്തി സമ്മര്‍ സ്‌കൂളിലെ നൂറുകണക്കിന് കുട്ടികളും ഊരു നിവാസികളും പരിപാടിയില്‍ പങ്കെടുത്തു. ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് പ്രവേശിച്ച പണിയ, അടിയ, കാട്ടുനായ്ക്ക, ഊരാളി തുടങ്ങിയ സമുദായങ്ങളില്‍ നിന്നുള്ള ഇരുപതോളം വിദ്യാര്‍ഥികളെ ചടങ്ങില്‍ ആദരിച്ചു. ആദിശക്തി സമ്മര്‍ സ്‌കൂളിന്റെ നേതൃത്വത്തില്‍ നടന്ന ജോഗി മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിക്കുവേണ്ടിയുള്ള ഫുട്ബാള്‍ മത്സരത്തിലെ ജേതാക്കള്‍ക്ക് സമ്മേളനത്തില്‍ ട്രോഫി സമ്മാനിച്ചു. സി. മണികണ്ഠന്‍, കെ.ആര്‍. രേഷ്മ, ടി.ബി നിഷ, മേരി ലിഡിയ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മുത്തങ്ങ സമരനേതാവ് എം. ഗീതാനന്ദന്റെ നേതൃത്വത്തിലായിരുന്നു പരിപാടികള്‍.

Read Also: ആലപ്പുഴ കാപ്പിക്കോ റിസോർട്ട് മാർച്ച് 28-നകം പൊളിക്കണം: അന്ത്യശാസനവുമായി സുപ്രീംകോടതി 

YouTube video player