രാവിലെ പ്രഭാതസവാരിക്കിറങ്ങിയവരാണ് മാലിന്യകൂമ്പാരത്തിനുള്ളില്‍ ദേശീയ പതാകയും കോസ്റ്റ് ഗാര്‍ഡിന്‍റെ പതാകയും കണ്ടത്. ഇവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഹില്‍പാലസ് പൊലീസ് സ്ഥലത്തെത്തി ദേശീയ പതാക, മാലിന്യ കൂമ്പാരത്തില്‍ നിന്ന് എടുത്ത് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. 

കൊച്ചി: എറണാകുളത്ത് ദേശീയ പതാകയോട് അനാദരവ്. ഇരുമ്പനത്ത് മാലിന്യകൂമ്പാരത്തില്‍ ദേശീയ പതാകയും കോസ്റ്റ് ഗാര്‍ഡിന്‍റെ പതാകയും ഉപേക്ഷിച്ചു. പരിസരവാസിയായ വിമുക്തഭടന്‍റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ഇന്നലെ രാത്രിയിലാണ് ഇരുമ്പനം കടവത്ത് കടവ് റോഡ് സൈഡില്‍ ആളൊഴിഞ്ഞ പറമ്പില്‍ മാലിന്യം വാഹനത്തില്‍ കൊണ്ടുവന്നത് തള്ളിയത്. രാവിലെ പ്രഭാതസവാരിക്കിറങ്ങിയവരാണ് മാലിന്യകൂമ്പാരത്തിനുള്ളില്‍ ദേശീയ പതാകയും കോസ്റ്റ് ഗാര്‍ഡിന്‍റെ പതാകയും കണ്ടത്. ഇവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഹില്‍പാലസ് പൊലീസ് സ്ഥലത്തെത്തി ദേശീയ പതാക, മാലിന്യ കൂമ്പാരത്തില്‍ നിന്ന് എടുത്ത് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. കോസ്റ്റ് ഗാര്‍ഡ് നശിപ്പിക്കാൻ ഏല്‍പ്പിച്ച ഉപയോഗ്യശൂന്യമായ ലൈഫ് ജാക്കറ്റുകളടക്കമുള്ള പാഴ് വസ്തുക്കളുടെ കൂട്ടത്തിലാണ് ദേശീയ പതാകയും കോസ്റ്റ് ഗാര്‍ഡ് പതാകയും ഉണ്ടായിരുന്നത്.

വിവരമറിഞ്ഞെത്തിയ പൊലീസ് ദേശീയ പതാകയെ അനാദരിച്ചതിലും ജനവാസ കേന്ദ്രത്തില്‍ മാലിന്യം തള്ളിയതിലും കേസെടുത്തു.ദേശീയ പതാകയും കോസ്റ്റ് ഗാര്‍ഡ് പതാകയും മാലിന്യകൂമ്പാരത്തിലെത്തിയതില്‍ കോസ്റ്റ് ഗാര്‍ഡും അന്വേഷണം തുടങ്ങിയിട്ടുണ്ട്.