നാഷണല്‍ ഹെറാള്‍ഡിലെ കുറ്റപത്രത്തെ നേരിടാന്‍ തുടര്‍ നീക്കങ്ങളുമായി മുന്നോട്ട് പോവുകയാണ് കോണ്‍ഗ്രസ്. പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്ഗെ വിളിച്ചിരിക്കുന്ന നാളത്തെ ജനറല്‍സെക്രട്ടറിമാരുടെ യോഗത്തില്‍ രൂപരേഖയാകും. 

ദില്ലി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ തുടര്‍ നീക്കങ്ങള്‍ തീരുമാനിക്കാന്‍ കോണ്‍ഗ്രസിന്‍റെ നിര്‍ണ്ണായക യോഗം നാളെ. കുറ്റപത്രം റദ്ദാക്കാന്‍ ഉയര്‍ന്ന കോടതികളിലേക്ക് പോകേണ്ടെന്നാണ് ധാരണ. അതേസമയം, അസോസിയേറ്റഡ് ജേര്‍ണ്ണലിന് കോണ്‍ഗ്രസ് വായ്പ നല്‍കിയതടക്കം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളാണ് നടന്നിരിക്കുന്നതും, കേസില്‍ പ്രതികളായ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ജാമ്യത്തില്‍ നടക്കുകയാണെന്ന കാര്യം മറക്കരുതെന്നും ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അനുരാഗ് താക്കൂര്‍ മുന്നറിയിപ്പ് നല്‍കി. 

നാഷണല്‍ ഹെറാള്‍ഡിലെ കുറ്റപത്രത്തെ നേരിടാന്‍ തുടര്‍ നീക്കങ്ങളുമായി മുന്നോട്ട് പോവുകയാണ് കോണ്‍ഗ്രസ്. പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്ഗെ വിളിച്ചിരിക്കുന്ന നാളത്തെ ജനറല്‍സെക്രട്ടറിമാരുടെ യോഗത്തില്‍ രൂപരേഖയാകും. മഹിളാ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, എന്‍എസ്യു നേതൃത്വത്തെയും യോഗത്തിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. കേസിലെ കുറ്റപത്രം ദില്ലിയിലെ റോസ് അവന്യൂ കോടതി പരിഗണിക്കുന്ന 25ന് രാജ്യവ്യാപകമായി ഇഡി ഓഫീസുകള്‍ ഉപരോധിക്കുന്നത് ആലോചനയിലുണ്ട്. ദില്ലിയിലും സംസ്ഥാനങ്ങളിലും പ്രതിഷേധം ശക്തമാക്കും. കഴിഞ്ഞ ദിവസം ദില്ലിയില്‍ നടന്ന പ്രതിഷേധത്തില്‍ പ്രധാന നേതാക്കളെത്താത്തത് പോരായ്മമയായി പാര്‍ട്ടി കാണുന്നുണ്ട്. കേസ് നടത്തിപ്പില്‍ നിയമ വിദഗ്ധരുമായി രാഹുല്‍ ഗാന്ധി ചര്‍ച്ച നടത്തി. മനു അഭിഷേക് സിംഗ്വിയുടെ നേതൃത്വത്തിലുള്ള അഭിഭാഷക സംഘമാകും ഹാജരാകുക. കുറ്റപത്രം റദ്ദാക്കാനായി ദില്ലി ഹൈക്കോടതിയിലോ, സുപ്രീംകോടതിയിലോ പോകാന്‍ ആലോചനയുണ്ടായിരുന്നെങ്കിലും വേണ്ടെന്നാണ് ഒടുവിലെടുത്ത തീരുമാനം. 

മുന്‍പ് സുപ്രീംകോടതിയിലെത്തിയപ്പോള്‍ വിചാരണ നേരിടണമെന്ന നിര്‍ദ്ദേശം തിരിച്ചടിയായിരുന്നു. 2015ല്‍ കേസില്‍ പട്യാല ഹൗസ് കോടതി നല്‍കിയ ജാമ്യത്തിലാണ് സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും നടക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ ബിജെപി നേതാവ് അനുരാഗ് താക്കൂര്‍ ഇഡി കേസ് മുറുകുമെന്ന സൂചന നല്‍കി. നാഷണല്‍ ഹെറാള്‍ഡിന്‍റെ നടത്തിപ്പുകാരായ എജെഎല്ലിന് കോണ്‍ഗ്രസ് വായ്പ നല്‍കിയതിനും, പിന്നീട് ഓഹരികള്‍ സോണിയയും രാഹുലും ഡയറക്ടര്‍മാരായ കമ്പനിയിലേക്കെത്തിയതും നിയമവിരുദ്ധമായാണെന്ന് അനുരാഗ് താക്കൂര്‍ വാദിച്ചു.

കോണ്‍ഗ്രസിനെതിരെ പ്രതിഷേധിച്ച് ബിജെപിയും നീക്കങ്ങളൾ ശക്തമാക്കുകയാണ്. സോണിയ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും അഴിമതി ഇഡി പിടിച്ചുവെന്ന പ്രചാരണം ദില്ലിയില്‍ വ്യാപകമാക്കാന്‍ വാഹനജാഥയടക്കം സജ്ജമാക്കിയിരിക്കുകയാണ്. അഞ്ച് മാസത്തിനപ്പുറം തെരഞ്ഞടുപ്പ് നടക്കുന്ന ബീഹാറിലും ബിജെപി പ്രചാരണം തുടങ്ങിക്കഴിഞ്ഞു. 

കെഎസ്ആ‍ർടിസി സ്റ്റാൻ്റിൽ ബസിന് കുറുകെ ബൈക്ക് വെച്ച് യുവാവ്; പൊലീസ് വന്ന് ബലം പ്രയോഗിച്ച് നീക്കി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം