അന്വേഷണ സമിതി ആയൂരിലെ കോളേജ് സന്ദര്‍ശിക്കും. അന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാവും തുടർനടപടി.
ദില്ലി: നീറ്റ് പരീക്ഷയ്ക്കായി അടിവസ്ത്രം അഴിപ്പിച്ചെന്ന വിദ്യാർത്ഥിനികളുടെ പരാതി അന്വേഷിക്കാന്‍ സമിതിയെ നിയോഗിച്ച് എൻടിഎ. അന്വേഷണ സമിതി കൊല്ലം സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിക്കും. ആയൂരിലെ നീറ്റ് കേന്ദ്രത്തിലെ നടപടിയെ കുറിച്ച് വ്യാപക പരാതി ഉയർന്ന സാഹചര്യത്തിലാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ നിർദ്ദേശ പ്രകാരം എൻടിഎ സമിതിയെ നിയോഗിച്ചത്. കേന്ദ്രമന്ത്രി വി മുരളിധരൻ, എൻകെ പ്രേമചന്ദ്രൻ എംപി എന്നിവർ വിഷയവുമായി ബന്ധപ്പെട്ട് ഇന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്രപ്രധാനെ കണ്ടിരുന്നു. കൂടാതെ സംസ്ഥാന ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവും കേന്ദ്രത്തിന് കത്തെഴുതിയിരുന്നു.
എൻടിഎയുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ വിദ്യാർത്ഥിനികളുടെ പരാതിക്ക് തെളിവില്ലെന്നാണ് വ്യക്തമാക്കിയത്. സംഭവത്തെ കുറിച്ച് പരീക്ഷാ കേന്ദ്രത്തിന്‍റെ സൂപ്രണ്ട്, നീരീക്ഷകൻ, സിറ്റി കോർഡിനേറ്റർ എന്നിവർ നൽകിയ വിശദീകരണത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഇത്. എന്നാൽ പാർലമെന്‍റില്‍ അടക്കം കേരളത്തിൽ നിന്നുള്ള എംപിമാർ പ്രതിഷേധം ഉയർത്തിയതും ദേശീയ ബാലാവകാശ കമ്മീഷനും വനിതാ കമ്മീഷനും സ്വമേധയാ കേസ് എടുത്തതും കൂടി കണക്കിലെടുത്താണ് പുതിയ നടപടി. അന്വേഷണ സമിതി കൊല്ലത്ത് എത്തി വിവരങ്ങൾ ശേഖരിക്കും. വിദ്യാർത്ഥികളെയും നേരിട്ട് കാണുമെന്നാണ് വിവരം. ഒന്നിലധികം വിദ്യാർത്ഥികൾ പരീക്ഷ സെന്‍ററിലെ പരിശോധന സംബന്ധിച്ച് പരാതി ഉയർത്തിയിരുന്നു.
അതേസമയം നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ പരസ്പരം പഴിചാരുകയാണ് അധികൃതർ. സംഭവത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന വാദവുമായി പരീക്ഷ സെന്‍ററായി പ്രവർത്തിച്ച മാർത്തോമാ കോളേജും പരിശോധനയുടെ ചുമതല ഉണ്ടായിരുന്ന ഏജൻസിയും രംഗത്തെത്തി. വിദ്യാർത്ഥിനികളെ പരിശോധിക്കുന്ന ചുമതല എൻടിഎ ഏൽപ്പിച്ചിരുന്നത് തിരുവനന്തപുരത്തെ സ്റ്റാർ ട്രെയിനിങ് എന്ന സ്വകാര്യ ഏജന്‍സിയെ ആയിരുന്നു. ഇവർ ഇത് കരുനാഗപ്പള്ളി സ്വദേശിക്ക് ഉപകരാർ നൽകി എന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഈ ഉപകരാറുകാരൻ നിയോഗിച്ച ഒരു പരിശീലനവും ഇല്ലാത്ത ആളുകളാണ് പെൺകുട്ടികളെ അവഹേളിച്ചത്. എന്നാൽ സംഭവം അറിഞ്ഞിട്ടില്ലെന്നാണ് തിരുവനന്തപുരത്തെ സ്റ്റാർ ഏജൻസി പറയുന്നത്.
കുട്ടികൾ കരയുന്നത് കണ്ടപ്പോൾ തങ്ങളുടെ രണ്ട് വനിതാ ജീവനക്കാർ മാനുഷിക സഹായം നൽകുക മാത്രമാണ് ചെയ്‍തതെന്ന് പരീക്ഷാ സെന്‍റര്‍ ആയിരുന്ന ആയൂർ മാർത്തോമാ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഇൻഫർമേഷൻ ആൻഡ് ടെക്‌നോളജി അധികൃതർ പറഞ്ഞു. കൊട്ടാരക്കര ഡിവൈഎസ്‍പി ജി ഡി വിജയകുമാർ ആണ് കേസ് അന്വേഷിക്കുന്നത്. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് പിന്നാലെ വനിതാ കമ്മീഷനും കേസെടുത്തു.
- Read Also : തങ്ങളുടെ ജീവനക്കാർ അടിവസ്ത്രം അഴിപ്പിച്ച് പരിശോധിച്ചിട്ടില്ല: നീറ്റ് പരീക്ഷാ ചുമതലയുണ്ടായിരുന്ന ഏജൻസി
അതേസമയം വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ പരീക്ഷാ കേന്ദ്രത്തിനെതിരെ യുവജന സംഘടനകൾ നടത്തിയ മാർച്ചിൽ വൻ സംഘർഷം ഉണ്ടായി. എബിവിപി പ്രവർത്തകർ കോളേജിന്‍റെ ജനൽ ചില്ല് അടിച്ചു തകർത്തു. കെഎസ്‍യു, ഡിവൈഎഫ്ഐ പ്രവർത്തകർ പൊലീസിന് നേരെ കല്ലെറിഞ്ഞു. രാവിലെ വിവിധ വിദ്യാർത്ഥി സംഘടനകൾ കോളേജിലേക്ക് മാർച്ച് നടത്തിയിരുന്നെങ്കിലും പൊലീസിന് പ്രതിഷേധക്കാരെ നിയന്ത്രിക്കാൻ കഴിഞ്ഞു.
ഉച്ചയോടെ കോളേജ് അധികൃതർ മാധ്യമങ്ങളെ കണ്ട് തങ്ങളുടെ ഭാഗത്ത് വീഴ്ച്ചയില്ല എന്ന് പറഞ്ഞതോടെ സ്ഥിതി മാറി. ആദ്യം കെഎസ്‍യു പ്രവർത്തകർ കോളേജിനുള്ളിലേക്ക് ചാടിക്കയറി. പ്രവർത്തകനെ പൊലീസ് മർദ്ദിച്ചതോടെ യൂത്ത് കോണ്‍ഗ്രസുകാര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞു. തൊട്ട് പിന്നാലെ കോളേജിലേക്ക് എത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർ പൊലീസിന് നേരെ കരി ഓയിൽ ഒഴിച്ചു. കോളേജിന്‍റെ ഗേറ്റ് ചാടി കടന്ന എബിവിപി പ്രവർത്തകൻ ജനൽ ചില്ലകൾ അടിച്ചു പൊട്ടിച്ചു.
