നിലമ്പൂർ: റവന്യു ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം നിലമ്പൂരിൽ ഉരുൾപൊട്ടലുണ്ടായ കവളപ്പാറയിലെയും സമീപപ്രദേശങ്ങളിലെയും ദുരിതബാധിതർക്ക് ഉറക്കമില്ലാത്ത രാത്രി. ഭൂതാനം സെന്റ് മേരീസ് പള്ളിയിലെ ക്യാംപിൽ കഴിയുന്നവരാണ് കഴിഞ്ഞ രാത്രി നിന്നും ഇരുന്നും നേരം വെളുപ്പിച്ചത്. നാനൂറിലേറെ ദുരിതബാധിതർ താമസിച്ചുവന്നിരുന്ന ഭൂതാനത്തെ ക്യാംപിലേക്ക് പൂളപ്പാടം മദ്രസ ക്യാംപിൽ താമസിച്ചിരുന്ന 264 അംഗങ്ങളെ മാറ്റിപ്പാർപ്പിച്ചതോടെയാണ് മണ്ണിടിച്ചില്‍ ദുരിതത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് വീണ്ടും ദുരിതം പേറേണ്ടി വന്നത്.

പൂളപ്പാടം ക്യാമ്പില്‍ നിന്ന് ആളുകള്‍ ഒഴിഞ്ഞുപോയതോടെയാണ് ബാക്കിയുള്ള ആളുകളെ ഭൂതാനം പള്ളിയിലേക്ക് മാറ്റിയതെന്നാണ് പോത്തുകല്‍ വില്ലേജ് ഓഫീസര്‍ റെനി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞത്. എല്ലാവര്‍ക്കും കഴിയാനുള്ള സാഹചര്യമുണ്ടാകുമെന്ന് കരുതിയാണ് പള്ളി ക്യാമ്പിലേക്ക് മാറ്റിയത്. എന്നാല്‍ ആളുകളുടെ എണ്ണം കൂടുതലായിരുന്നു. ഭൂതാനം സ്കൂളില്‍ ക്യാംപ് സജ്ജീകരിക്കാതിരുന്നത് സ്കൂളുകളില്‍ ക്യാംപ് തുടങ്ങരുതെന്ന നിര്‍ദ്ദേശമുണ്ടായിരുന്നത് കൊണ്ടാണെന്നും വില്ലേജ് ഓഫീസര്‍ വ്യക്തമാക്കി. എന്നാല്‍ ഞായാറാഴ്ച സ്കൂള്‍ അവധി ദിവസമായിട്ടും താല്‍ക്കാലിക സൗകര്യം പോലും ഒരുക്കാത്തത് എന്താണെന്ന ചോദ്യത്തിന് വില്ലേജ് ഓഫീസര്‍ പ്രതികരിച്ചില്ല.

"

സെന്റ് മേരീസ് പള്ളി ക്യാംപിൽ ഇത്രയും പേർക്ക് കിടന്നുറങ്ങാൻ സൗകര്യമില്ലെന്നറിഞ്ഞിട്ടും വില്ലേജ് ഓഫീസര്‍ തങ്ങളോട് കാട്ടിയത് ക്രൂരതയാണെന്നാണ് ക്യാംപ് നിവാസികള്‍ പ്രതികരിച്ചത്. പള്ളിയിലെ ഹാളിലും ഒന്നാം നിലയിലുമാണ് ദുരിതബാധിതർ താമസിച്ചിരുന്നത്. ഇരുനൂറോളം പേർക്ക് താമസിക്കാനുള്ള സൗകര്യത്തിൽ  416 ദുരിതബാധിതരാണ് കഴിഞ്ഞുവന്നിരുന്നത്. ഇവിടേക്കാണ് 264 അംഗങ്ങളെ കൂടി മാറ്റിപ്പാർപ്പിച്ചത്. 100 പേര്‍ക്ക് തികച്ച് കഴിയാനാവാത്ത ചാപ്പല്‍ ഹാളില്‍ മൂന്നൂറിലേറെ സ്ത്രീകള്‍ ഞെങ്ങിഞെരുങ്ങി നേരം വെളുപ്പിക്കുകയായിരുന്നു. തൊട്ടടുത്ത് സർക്കാർ സ്‌കൂൾ ഉണ്ടായിട്ടും അവിടെ സൗകര്യമൊരുക്കാതെ ദുരിതബാധിതരെ പള്ളി ക്യാംപിലേക്ക് റവന്യു ഉദ്യോഗസ്ഥർ മാറ്റുകയായിരുന്നു.

പരിമിതമായ സൗകര്യമാണെന്ന് അറിയിച്ചിട്ടും വില്ലേജ് ഓഫീസറടക്കം ദുരിതബാധിതരെ കൈയ്യൊഴിഞ്ഞു. "ഇവിടെ ഇത്രയും ആളുകള്‍ക്ക് കിടക്കാനോ നില്‍ക്കാനോ ഉള്ള സ്ഥലമില്ലെന്ന് ഒറ്റ നോട്ടത്തില്‍ തന്നെ ഏതൊരാള്‍ക്കും കണ്ടാല്‍ മനസിലാവും. എന്നിട്ടും ഞങ്ങളെ ഇവിടെ കൊണ്ടുവന്നിട്ടിട്ട് അധികൃതര്‍ പോയി. അറുനൂറിലേറ ദുരിതബാധിതരുള്ള ക്യാമ്പില്‍ പരിമിതമായ ടോയ്‍ലറ്റ് സംവിധാനമാണ് ഉള്ളത്.  ക്യാംപിലെ അന്തേവാസികൾ പ്രതിഷേധിച്ചതോടെ രാത്രി വൈകി വില്ലേജ് ഓഫീസർ ക്യാംപിലെത്തിയിരുന്നു." എന്നാൽ ഇന്നൊരു രാത്രി മറ്റ് വഴികളില്ലെന്നും ലഭ്യമായ സൗകര്യത്തിൽ കഴിയണമെന്നുമാണ് വില്ലേജ് ഓഫീസർ ക്യാംപിലെ അംഗങ്ങളോട് പറഞ്ഞത്.