തൃശ്ശൂര്‍: തൃശ്ശൂര്‍ പാലിയേക്കര ടോൾ പ്ലാസയിൽ വീണ്ടും പ്രദേശവാസികൾ സമരം തുടങ്ങി. സൗജന്യ യാത്ര നിഷേധിച്ചതിനെതിരെയാണ് നാട്ടുകാർ സമരം തുടങ്ങിയിരിക്കുന്നത്. പ്ലാസയ്ക്ക് ചുറ്റും പ്ലക്കാർഡുകൾ പിടിച്ചെത്തി, തുടർച്ചയായി വാഹനങ്ങൾ പ്ലാസ വഴി പ്രവേശിപ്പിച്ചാണ് നാട്ടുകാർ പ്രതിഷേധിക്കുന്നത്.

മുമ്പ് വലിയ ജനകീയ സമരം നടന്നതിന്‍റെ ഫലമായി പ്രദേശവാസികളെ ടോള്‍ പ്ലാസയിലൂടെ ഇരുഭാഗത്തേക്കും സൗജന്യമായി പോകാന്‍ അനുവദിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി സമീപ പ്രദേശങ്ങളിലുള്ളവര്‍ ടോള്‍ അടച്ചാണ് യാത്ര ചെയ്യുന്നത്. കുട്ടികളെ സ്കൂളില്‍ കൊണ്ടുപോകാനോ കടയില്‍ പോകാനോ പുറത്തിറങ്ങുമ്പോള്‍ ടോള്‍ അടയ്ക്കേണ്ട അവസ്ഥ.

ഒരുതവണ രണ്ട് ഭാഗത്തേക്ക് പോകാന്‍ 105 രൂപയാണ് അടയ്‍ക്കേണ്ടത്.  പ്രദേശത്തെ എല്ലാ വീടുകളിലെയും ആളുകള്‍ ടോള്‍ അടയ്‍ക്കേണ്ട സ്ഥിതി വന്നതോടെയാണ് നാട്ടുകാര്‍ സമരവുമായെത്തിയത്. നിരവധി തവണ പരാതി നല്‍കിയെന്നും ടോൾ പ്ലാസ അധികൃതർ മിണ്ടുന്നില്ലെന്നും പ്രദേശവാസികൾ ആരോപിക്കുന്നു. ഇതേത്തുടർന്നാണ് നാട്ടുകാർ സ്വന്തം വാഹനങ്ങളുമായെത്തി പ്രതിഷേധിക്കുന്നത്. 

2012 ഫെബ്രുവരി 9-നാണ് ഇവിടെ ടോള്‍ പിരിവ് തുടങ്ങിയത്. ഇക്കഴിഞ്ഞ ജൂലൈ 31 നുള്ളില്‍ 714.39 കോടി രൂപ പാലിയേക്കര ടോള്‍ പ്ലാസ വഴി പിരിച്ചെടുത്തു. എന്നാല്‍ മണ്ണുത്തി മുതല്‍ ഇടപ്പള്ളി വരെ 64.94 കിലോമീറ്റര്‍ ദേശീയപാത വികസനത്തിന് 721.17 കോടിരൂപ മാത്രമാണ് ചിലവായിട്ടുള്ളത്.