തിരുവനന്തപുരം: പ്രളയക്കെടുതികള്‍ നേരിടാന്‍ മൂന്ന് വര്‍ഷമെങ്കിലും വേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. ദുരിതാശ്വാസ നിധി പ്രളയക്കെടുതിക്ക് എങ്ങനെ വിനിയോഗിക്കാമെന്ന് ക്രിയാത്മകമായി ചിന്തിക്കുകയാണ്. 'റീബിൽഡ് കേരള' പ്രളയ ദുരന്തനിവാരണത്തിൽ നിന്നും മാറി നിന്നവരാണ് പദ്ധതി പരാജയമാണെന്ന് ആരോപിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നവകേരള നിര്‍മ്മാണം പരാജയപ്പെട്ടെന്നാരോപിച്ച്  നല്‍കിയ  അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. ഏഷ്യാനെറ്റ് ന്യൂസിന്‍റെ കരകയറാത്ത നവകേരളം പരമ്പര കൂടി ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം അടിയന്തരപ്രമേയം അവതരിപ്പിച്ചത്. 

പ്രളയം ഉണ്ടായി പത്തു മാസം പിന്നിട്ടിട്ടും പതിനായിരക്കണക്കിന് ആളുകള്‍ ഇപ്പോഴും സര്‍ക്കാരിന്‍റെ നടപടികള്‍ കാത്തിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നാലായിരത്തിലേറെ കോടി രൂപ കിട്ടിയിട്ടും 2275 കോടി രൂപ ഇനിയും ചെലവഴിച്ചിട്ടില്ല. കേരള പുനര്‍നിര്‍മ്മാണ പദ്ധതി പൂര്‍ണമായും പരാജയപ്പെട്ടു തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചാണ് പ്രതിപക്ഷത്തിന് വേണ്ടി വി.ഡി.സതീശന്‍ എംഎല്‍എ അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയത്.

പുനർ നിർമ്മാണത്തിന് പാരിസ്ഥിതി പ്രശ്നങ്ങൾ പരിഗണിക്കുകയാണെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. മൂന്നു വർഷമെങ്കിലും ദുരന്ത കെടുതി നേരിടാനായി വേണ്ടിവരും. പദ്ധതികൾ വിഭാവനം ചെയ്ത് നടപ്പാക്കി വരുന്നു. മൂന്നു ഘട്ടങ്ങളായാണ് നടപ്പാക്കുന്നത്. വീടുകൾ പൂർത്തിയാകുന്ന മുറക്ക് ഗഡുക്കളായി സഹായം നൽകും.  നാശനഷ്ടമുണ്ടായ ഒരു കുടുംബത്തെയുo ധനസഹായം നല്‍കുന്നതില്‍ നിന്ന് ഒഴിവാക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

2019 ജനുവരി 31  വരെയുള അപ്പീൽ കേൾക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. 2019 ജൂണ്‍ 30 വരെയുള്ള  അപ്പീൽ കേൾക്കാൻ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. പ്രളയ ശേഷം റിക്കോർഡ് വിളവെടുപ്പുണ്ടായി.  വൈദ്യുതി മേഖലയിൽ 90 ലക്ഷം കണക്ഷൻ നൽകി. മത്സ്യതൊഴിലാളികൾക്ക് പ്രത്യേക പദ്ധതി, ഗ്രാമീണ റോഡുകളുടെ നിര്‍മ്മാണം എന്നിവ സമയബന്ധിതമായി നടപ്പാക്കും. ഇത്രയും വിലയ ദുരന്തത്തെ ഐക്യരാഷ്ട്രസഭയുടെ കൂടി സഹകരണത്തോടെ വിജയകരമായി നടപ്പാക്കാൻ കഴിഞ്ഞത് കേരളത്തിന്‍റെ വിജയമാണ്. 

റീ ബില്‍ഡ് കേരള  പ്രളയ ദുരന്തനിവാരണ പദ്ധതി മാത്രമല്ല. കേവലമൊരു സര്‍ക്കാര്‍ സംവിധാനവുമല്ല.പുതിയ കേരളം കെട്ടിപ്പടുക്കുകയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം. അടിയന്തര ദുരിതാശ്വാസമല്ല,ദീർഘകാല ആശ്വാസ പദ്ധതികളാണ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്.  റീ ബിൽഡ് കേരള പരാജയമെന്ന് വർ പ്രത്യേക മനസ്ഥിതിയുള്ളവരാണ്. അത്തരക്കാര്‍ ദിവാസ്വപ്നം കാണുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

പ്രളയം കഴിഞ്ഞ് പത്ത് മാസം പിന്നിടുമ്പോഴും തകർന്നതിന്‍റെ മൂന്നിലൊന്ന് വീടുകൾ പോലും നിർമ്മിക്കാനായില്ലെന്ന് പറഞ്ഞ് പ്രമേയം അവതരിപ്പിച്ച വി.ഡി.സതീശന്‍ വികാരാധീനനായി. റീ ബിൽഡ് കേരളയുടെ ലോഗോ ആയി ഒച്ചിന്റെ ചിത്രം കൊണ്ട് വരണമെന്ന് അദ്ദേഹം പരിസഹിച്ചു. തകർന്ന വീടുകളുടെ എണ്ണം കുറയ്ക്കാന്‍ ഉദ്യോഗസ്ഥർക്ക് സർക്കാർ നിർദ്ദേശം നൽകിയെന്നും പ്രതിപക്ഷം ആരോപിച്ചു.