മുംബൈ: സംസ്ഥാന എൻസിപിയിലെ തർക്കം പരിഹരിക്കാൻ ശരദ് പവാർ എത്തുന്നു. 23ആം തീയതി ശരദ്പവാർ കൊച്ചിയിലെത്തും. സംസ്ഥാന നേതാക്കളുമായി വെവ്വേറെ ചർച്ച നടത്തും. നിയമസഭാ സമ്മേളനം തീരുന്നതിന് തൊട്ടടുത്ത ദിവസമാണ് പവാർ എത്തുന്നത്. നിർവാഹക സമിതി അംഗങ്ങളെയും ജില്ലാ ഭാരവാഹികളെയും പവാർ‍ കാണുമെന്നാണ് വിവരം. 

പാലായടക്കം സീറ്റ് വിഭജന കാര്യങ്ങളിൽ മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിലെ വിശദാംശങ്ങൾ ഇന്ന് രാവിലെ നടന്ന ചർച്ചയിൽ പീതാംബരൻ മാസ്റ്റർ പവാറിനെ അറിയിച്ചിരുന്നു. പാലാ സീറ്റ് മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടില്ലെന്ന കാര്യം പീതാംബരൻ മാസ്റ്റർ പവാറിനെ ധരിപ്പിച്ചിട്ടുണ്ട്. അന്തിമ തീരുമാനം പവാറിന്റേതായിരിക്കുമെന്നാണ് പീതാംബരൻ മാസ്റ്റർ ചർച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞത്. സിപിഎം കേന്ദ്ര നേതൃത്വവുമായും പവാർ ചർച്ച നടത്തുന്നുണ്ട്. 

പാലാ സീറ്റിനെ ചൊല്ലിയുള്ള തർക്കത്തിൽ കേരളത്തിലെ എൻസിപി പിള‌ർപ്പിന്റെ വക്കിലാണ്. പ്രശ്നം പരിഹരിക്കാനായി മുഖ്യമന്ത്രി തന്നെ നേരിട്ട് നടത്തിയ ചർച്ചയിലും സമവായമുണ്ടായില്ല. നാല് സീറ്റിൽ ഉടൻ ഉറപ്പ് വേണമെന്നായിരുന്നു ടി പി പീതാംബരൻ മാസ്റ്റർ ആവശ്യപ്പെട്ടത്. എന്നാൽ ഇക്കാര്യത്തിൽ ഒറ്റക്ക് തീരുമാനമെടുക്കാൻ കഴിയില്ലെന്നും ഇടതുമുന്നണി നേതാക്കളുമായി ചർച്ച ചെയ്ത് തീരുമാനമെടുക്കാമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

ചർച്ചയിൽ മന്ത്രി എ കെ ശശീന്ദ്രനുമുണ്ടായിരുന്നുവെങ്കിലും  മാണി സി കാപ്പൻ പങ്കെടുത്തിരുന്നില്ല. വിട്ടുവീഴ്ച വേണ്ടെന്ന ഉറച്ച നിലപാടിലാണ് മാണി സി കാപ്പൻ. അന്തിമതീരുമാനം കേന്ദ്രനേതൃത്വമെടുക്കട്ടേയെന്നാണ് കാപ്പന്റ നിലപാട്. വരും ദിവസങ്ങളിലെ ചർച്ച എൻസിപിക്ക് നിർണ്ണയകമാണ്. 

മന്ത്രി എ കെ ശശീന്ദ്രന്‍റെ സിറ്റിങ്ങ് സീറ്റായ എലത്തൂരും മത്സരിക്കാന്‍ സിപിഎമ്മിന് നീക്കമുണ്ട്. ഇതിന് എന്‍സിപിക്ക് കുന്ദമംഗലം നല്‍കാന്‍ ധാരണയാക്കാനാണ് ശ്രമം. എലത്തൂര്‍ കിട്ടിയാല്‍  മുഹമ്മദ് റിയാസിനെ മത്സരിപ്പിക്കാനാണ് സാധ്യത. എന്നാല്‍ സിറ്റിങ്ങ് സീറ്റ് വിട്ടു നല്‍കില്ലെന്ന എന്‍സിപി നിലപാടില്‍ പാര്‍ട്ടി ഉറച്ചു നില്‍ക്കുമെന്ന് ജില്ല ഘടകവും വ്യക്തമാക്കിയിട്ടുണ്ട്.