Asianet News MalayalamAsianet News Malayalam

വിട്ടുവീഴ്‌ചക്കില്ലെന്ന് വീണ്ടും എൻസിപി; പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്ന് ടിപി പീതാംബരൻ

പാലാ വിട്ടുകൊടുക്കണമെന്ന് സിപിഎം ആവശ്യപ്പെടുമെന്ന് കരുതുന്നില്ല. ഇക്കാര്യത്തിൽ പാർട്ടിയിൽ ഭിന്നാഭിപ്രായമില്ല. മാണി സി കാപ്പൻ എൻസിപി വിടില്ലെന്നും അദ്ദേഹം പറഞ്ഞു

NCP wont give pala assembly seat to anyone says TP peethamabaran master
Author
Kochi, First Published Oct 16, 2020, 8:32 AM IST

കൊച്ചി: ജോസ് കെ മാണി വിഭാഗം കേരള കോൺഗ്രസിന്റെ ഇടതുമുന്നണി പ്രവേശനം ഉറപ്പായതോടെ പാലാ സീറ്റിൽ വിട്ടുവീഴ്ച ചെയ്യില്ലെന്ന് ആവർത്തിച്ച് എൻസിപി. മാണി സി കാപ്പൻ വിജയിച്ച സീറ്റ് ആർക്കും വിട്ടുകൊടുക്കില്ലെന്ന് ടിപി പീതാംബരൻ മാസ്റ്റർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പാലാ, കുട്ടനാട്, ഏലത്തൂർ മണ്ഡലങ്ങളിൽ എൻസിപി തന്നെ മത്സരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പാലാ വിട്ടുകൊടുക്കണമെന്ന് സിപിഎം ആവശ്യപ്പെടുമെന്ന് കരുതുന്നില്ല. ഇക്കാര്യത്തിൽ പാർട്ടിയിൽ ഭിന്നാഭിപ്രായമില്ല. മാണി സി കാപ്പൻ എൻസിപി വിടില്ലെന്നും അദ്ദേഹം പറഞ്ഞു. ജോസ് കെ മാണി പാലാ സീറ്റിന് വേണ്ടി അവകാശവാദം ഉന്നയിച്ചിട്ടുണ്ടെങ്കിൽ അക്കാര്യം അവരോട് ചോദിക്കണമെന്നും എൻസിപി സംസ്ഥാന അധ്യക്ഷൻ വ്യക്തമാക്കി. കേരളാ കോൺഗ്രസ് വിഷയം ഇന്നത്തെ എൻസിപി സംസ്ഥാന നേതൃയോഗത്തിന്റെ അജണ്ടയിൽ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചിയിലാണ് പാർട്ടി നേതാക്കൾ യോഗം ചേരുന്നത്. പാലാ സീറ്റ് വിഷയത്തില്‍ തത്കാലം ചര്‍ച്ച വേണ്ടെന്ന നിലപാടിലാണ് എന്‍സിപി നേതൃത്വമെങ്കിലും വിഷയം യോഗത്തില്‍ ഉന്നയിക്കാനാണ് മാണി സി കാപ്പന്‍റെ നീക്കം. പാലാ സീറ്റിന്‍റെ കാര്യത്തില്‍ വിട്ടു വീഴ്ച വേണ്ടെന്ന നിലപാടിലാണ് മാണി സി കാപ്പന്‍. കാപ്പനൊപ്പം എന്‍സിപിയിയിലെ ഒരു വിഭാഗവുമുണ്ട്. സിപിഎം പാലാ സീറ്റ് ജോസ് കെ മാണിക്ക് കൊടുത്താല്‍ മുന്നണി വിടുമെന്ന നിലപാടിലാണ് ഇവർ. അങ്ങനെ വന്നാല്‍ യുഡിഎഫ് പിന്തുണയോടെ പാലായില്‍ തന്നെ മത്സരിക്കണം. എന്‍സിപി ദേശീയ നേതൃത്വവും പാലാ സീറ്റ് വിട്ടുകൊടുക്കരുതെന്ന നിലപാടിലാണ്.

പാലായുടെ പേരില്‍ കടുത്ത നിലപാട് സ്വീകരിച്ച് സിപിഎമ്മുമായി അകലുന്നത് ബുദ്ധിയല്ലെന്നാണ് മന്ത്രി സഭയിലെ എന്‍സിപി പ്രതിനിധി എകെ ശശീന്ദ്രന്‍റെ അഭിപ്രായം. പാലാ സീറ്റ് ജോസ് കെ മാണിക്ക് നല്‍കണമെന്ന് സിപിഎം ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. അതിനാല്‍ ഇത്തരമൊരു ചര്‍ച്ച പോലും ഇപ്പോള്‍ വേണ്ടന്നാണ് സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാട്. പാലാ സീറ്റിന്‍റെ പേരില്‍ എന്‍സിപിയില്‍ രണ്ട് ചേരിയുണ്ടെന്ന് സിപിഎം കരുതുന്നു. അതില്‍ കാപ്പന്‍റെ എതിര്‍പ്പ് കാര്യമാക്കേണ്ടതില്ലെന്നാണ് സിപിഎം നിലപാട്. എന്‍സിപിയിലെ ഒരു വിഭാഗത്തെ ഒപ്പം നിര്‍ത്തി മുന്നോട്ട് പോകാനാണ് സിപിഎമ്മിന്‍റേയും ശ്രമം.

സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗവും ഇന്ന് ചേരും. ഇടതുമുന്നണി വിപുലീകരണവും ജോസ് കെ മാണി മുന്നോട്ട് വച്ച ആവശ്യങ്ങളും ചർച്ചയാകും. പാല സീറ്റിൽ എൻസിപിയും ജോസ് വിഭാഗവും ഉറച്ച് നിൽക്കുമ്പോൾ പ്രശ്ന പരിഹാരമാണ് സിപിഎമ്മിന് മുന്നിലെ കടമ്പ. ജോസിന്റെ മുന്നണി പ്രവേശനത്തിൽ സിപിഐ നിലപാടറിയാൻ സെക്രട്ടേറിയേറ്റ് യോഗത്തിന് ശേഷം കാനം രാജേന്ദ്രനുമായി കോടിയേരി ചർച്ച നടത്തും. ലൈഫ് മിഷൻ കേസിലെ സി ബി ഐ അന്വേഷണത്തിലെ ഇടക്കാല സ്റ്റേ ഉയർത്തിക്കാട്ടിയുള്ള രാഷ്ട്രീയ പ്രചാരണത്തിനും സി പി എം സെക്രട്ടറിയേറ്റ് യോഗം രൂപം നൽകും.

Follow Us:
Download App:
  • android
  • ios