കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെള്ളിയാഴ്ച മുതൽ റാപിഡ് ആന്റി ബോഡി പരിശോധന നടത്തും. വിദേശത്ത് നിന്ന് എത്തുന്നവർക്കാണ് പരിശോധന നടത്തുക. മണിക്കൂറിൽ 200 പേർക്ക് എന്ന കണക്കിന് പരിശോധന നടത്തും.

പരിശോധനയ്ക്കായുള്ള ആന്റിബോഡി കിറ്റ് എല്ലായിടത്തും എത്തിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു. നാളെ മുതൽ ദിവസം 40-50 വിമാനങ്ങൾ സംസ്ഥാനത്തേക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊച്ചിയിലും കോഴിക്കോടുമാണ് കൂടുതൽ വിമാനങ്ങൾ എത്തുക. എല്ലാ വിമാനത്താവളങ്ങളിലും വിപുലമായ സൗകര്യമൊരുക്കി. റാപിഡ് ആന്റി ബോഡി ടെസ്റ്റിനായി വിമാനത്താവളങ്ങളിൽ പ്രത്യേക ബൂത്തൊരുക്കി. ചുമതല വഹിക്കുന്നവർക്ക് വ്യക്തമായ മാർഗനിർദ്ദേശം നൽകിയതായും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന്  123 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തുടർച്ചയായ ഏഴാമത്തെ ദിവസവും നൂറിലധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. 53 പേർ ഇന്ന് രോ​ഗമുക്തരായി. പുതിയ രോഗബാധിതരിൽ 84 പേർ വിദേശത്ത് നിന്നെത്തിയവരാണ്. 33 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരാണ്. ആറ് പേർക്ക് സമ്പർക്കത്തിലൂടെ രോഗം പകർന്നു. പാലക്കാട് 24, ആലപ്പുഴ 18, പത്തനംതിട്ട 13, കൊല്ലം 13, എറമാകുളം 10, തൃശ്ശൂർ 10, കണ്ണൂർ 9, കോഴിക്കോട് 7, മലപ്പുറം 6, കാസർകോട് 4, ഇടുക്കി 3, തിരുവനന്തപുരം, കോട്ടയം, വയനാട് രണ്ട് വീതം ആളുകൾക്കാണ് ഇന്ന് രോ​ഗം സ്ഥിരീകരിച്ചത്.