നെടുമ്പ്രം പഞ്ചായത്തിലെ കുടുംബശ്രീ ഫണ്ട് തട്ടിപ്പ് കേസ് അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം
കുടുംബശ്രീ യോഗത്തിന്‍റെ മിനിറ്റ്സ് തയ്യാറായില്ലെന്ന സാങ്കേതിക കാരണം പറഞ്ഞ് പൊലീസിൽ പരാതി നൽകാതെ ഉഴപ്പുകയാണ് ഭരണസമിതി

പത്തനംതിട്ട: നെടുമ്പ്രം പഞ്ചായത്തിലെ 69 ലക്ഷത്തിന്‍റെ കുടുംബശ്രീ ഫണ്ട് തട്ടിപ്പിൽ അന്വേഷണം അട്ടിമറിക്കാൻ നീക്കം. കുറ്റക്കാരായ സിഡിഎസ് അധ്യക്ഷ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ ഭരണസമിതി ഇതുവരെ പൊലീസിൽ പരാതി നൽകിയില്ല. സിപിഎം നേതാക്കൾക്ക് തട്ടിപ്പിൽ പങ്കുള്ളതു കൊണ്ടാണ് അന്വേഷണത്തെ ഭയക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു.
ലക്ഷങ്ങളുടെ തട്ടിപ്പിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ സിഡിഎസ് അധ്യക്ഷ പികെ സുജ, അക്കൗണ്ടന്‍റ് എ ഷീനമോൾ, മുൻ വിഇഒ ബിൻസി എന്നിവർക്കെതിരെ പൊലീസിൽ രേഖാമൂലം പരാതി നൽകാൻ പഞ്ചായത്തുതല കുടുംബശ്രീ യോഗം തീരുമാനിച്ചതാണ്. നിലവിലെ മെമ്പർ സെക്രട്ടറി ആയ വിഇഒയെ ചുമതലപ്പെടുത്തുകയും ചെയ്തു. എന്നാൽ നടപടി തീരുമാനിച്ച കുടുംബശ്രീ യോഗത്തിന്‍റെ മിനിറ്റ്സ് തയ്യാറായില്ലെന്ന സാങ്കേതിക കാരണം പറഞ്ഞ് പൊലീസിൽ പരാതി നൽകാതെ ഉഴപ്പുകയാണ് ഭരണസമിതി.
പ്രളയസഹായം, കിറ്റ് വിതരണം, മുഖ്യമന്ത്രിയുടെ വായ്പാ സഹായം തുടങ്ങി കുടുംബശ്രീയുടെ എല്ലാ പദ്ധതികളിലും കുടുംബശ്രീ ഓഡിറ്റ് വിഭാഗം ക്രമക്കേട് കണ്ടെത്തിയിരുന്നു. സിപിഎം ഭരിക്കുന്ന പഞ്ചായത്തിൽ നേതാക്കളുടെ അറിവോടെയാണ് വമ്പൻ തട്ടിപ്പ് നടന്നതെന്നാണ് പ്രതിപക്ഷ ആരോപണം. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് സമരം തുടങ്ങാനാണ് യുഡിഎഫ് തീരുമാനം. കുറ്റക്കാരെ സംരക്ഷിക്കില്ലെന്നും പഞ്ചായത്ത് കമ്മിറ്റി ചേർന്നാലുടൻ പുളിക്കീഴ് പൊലീസിന് പരാതി കൈമാറുമെന്നും നെടുമ്പ്രം പഞ്ചായത്ത് പ്രസിഡന്‍റ് അറിയിച്ചു.
Asianet News | Nipah Virus | Nipah Virus Kerala | Asianet News Live