കൊച്ചി: നെടുങ്കണ്ടം കസ്റ്റഡിമരണക്കേസിലെ ഒന്നാം പ്രതിയായ എസ്ഐ കെ എസ് സാബു സമർപ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. എസ്പി അടക്കമുളളവർ അറിഞ്ഞാണ് രാജ്കുമാറിനെ കസ്റ്റഡിയിലെടുത്തതെന്നും ജയിലിലെത്തിക്കുന്നത് വരെ പരിക്ക് ഉണ്ടായിരുന്നില്ലെന്നുമാണ് എസ്ഐയുടെ ജാമ്യാപേക്ഷയിലെ പ്രധാന വാദം. 

പൊലീസ് കസ്റ്റഡിയിൽ രാജ്കുമാറിന് നേരിടേണ്ടിവന്നത് അതിക്രൂരമായ പീഡനമായിരുന്നുവെന്ന് സർക്കാർ കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോൾ കോടതിയെ അറിയിച്ചിരുന്നു. രാജ്കുമാറിനെ കോടതിയിൽ ഹാജരാക്കിയപ്പോൾ നടക്കാൻ പോലും കഴിയാത്ത സ്ഥിതിയിലായിരുന്നുവെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കേസിൽ രാജ്കുമാറിന്‍റെ പോസ്മോർട്ടം റിപ്പോർട്ട്, മെഡിക്കൽ രേഖകൾ അടക്കം എല്ലാ രേഖകളും ഇന്ന് ഹാജരാക്കാൻ ഹൈക്കോടതി സർക്കാറിന് നിർദ്ദേശം നൽകിയിരുന്നു. 

അതേസമയം, രാജ്കുമാറിനെ കസ്റ്റഡിയിലെടുത്തത് മേൽ ഉദ്യോഗസ്ഥരുടെ അറിവോടെയായിരുന്നുവെന്നും കസ്റ്റഡിയിൽ നിന്ന് ജയിലിൽ എത്തിക്കുന്നത് വരെ രാജ്കുമാറിന് പരിക്കുണ്ടായിട്ടില്ലെന്നുമാണ് കേസിലെ ഒന്നാം പ്രതിയായ സാബു ജാമ്യ ഹർജിയിൽ വ്യക്തമാക്കുന്നത്. നിലവിൽ ദേവികുളം സബ് ജയിലിൽ റിമാൻഡിൽ കഴിയുകയാണ് സാബു. എസ്ഐ സാബുവടക്കം ഏഴ് പേരാണ് കേസില്‍ അറസ്റ്റിലായിരിക്കുന്നത്.