Asianet News MalayalamAsianet News Malayalam

NEET Exam: അടിവസ്ത്രം അഴിപ്പിച്ച സംഭവം; കേന്ദ്രത്തെ പ്രതിഷേധമറിയിച്ച് കേരളം; ആരോപണം മാത്രമെന്ന് എന്‍ടിഎ

ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു കേന്ദ്രസര്‍ക്കാരിന്  കത്തയച്ചു. വിഷയത്തില്‍ കർശന നടപടി വേണമെന്നാണ് കത്തിലെ ആവശ്യം. ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നും കേരളം വ്യക്തമാക്കിയിട്ടുണ്ട്.
 

neet exam undressing incident kerala informed concern to central government
Author
Thiruvananthapuram, First Published Jul 19, 2022, 9:09 AM IST

തിരുവനന്തപുരം: കൊല്ലത്ത് നീറ്റ് പരീക്ഷക്കിടെ പെൺകുട്ടിയുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെ എതിർപ്പ് അറിയിച്ച് സംസ്ഥാനം. ഇതു സംബന്ധിച്ച് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു കേന്ദ്രസര്‍ക്കാരിന്  കത്തയച്ചു. വിഷയത്തില്‍ കർശന നടപടി വേണമെന്നാണ് കത്തിലെ ആവശ്യം. ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നും കേരളം വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, സംഭവത്തില്‍ വിശദീകരണവുമായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) രംഗത്തെത്തി. പരീക്ഷാ സമയത്തോ പരീക്ഷക്ക് ശേഷമോ പരാതി ലഭിച്ചിട്ടില്ലെന്ന് പരീക്ഷ സെന്‍റർ നീരീക്ഷകർ എൻ ടി എക്ക് റിപ്പോർട്ട് നൽകി. എൻടിഎക്ക് നേരിട്ട് പരാതി ലഭിച്ചിട്ടില്ലെന്നും വിശദീകരണത്തിലുണ്ട്.  ആരോപണം ഉയർന്ന തരത്തിലുള്ള സംഭവങ്ങൾ അനുവദിക്കില്ലെന്നും  എൻ ടി എ പ്രതികരിച്ചു.

പ്രാഥമിക അന്വേഷണത്തിൽ ഇത് പെൺകുട്ടിയുടെ ആരോപണം മാത്രമെന്നാണ് റിപ്പോർട്ടെന്ന് എൻ ടി എ ഡി ജി (NTA DG) വീനീത് ജോഷി പ്രതികരിച്ചു. എൻ ടി എ യുമായി ബന്ധപ്പെട്ട എല്ലാവരിൽ നിന്നും റിപ്പോർട്ട് തേടിയിരുന്നു. ഇത്തരം ഒരു പ്രശ്നം നടന്നിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. വിഷയത്തിൽ കൂടൂതൽ അന്വേഷണം നടത്തും. പൊലീസ് അന്വേഷണവുമായി എന്‍ടിഎ സഹകരിക്കും. രാജ്യത്ത് ഈ സെന്‍ററിൽ നിന്ന് മാത്രമാണ് ഇത്തരം ഒരു പരാതിയെന്നും എൻ ടി എ ഡി ജി പറഞ്ഞു. 

അന്വേഷണത്തിന്‍റെ ഭാഗമായി പരീക്ഷാ കേന്ദ്രത്തിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിക്കും. കോളേജ് അധികൃതരിൽ നിന്നും മൊഴിയെടുക്കും.

Read Also: വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ചത് അപലപനീയം; കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി

അതേസമയം, സംഭവത്തിൽ ആയൂരിലെ പരീക്ഷ കേന്ദ്രത്തിനെതിരെ പരാതിയുമായി കൂടുതൽ പെണ്‍കുട്ടികൾ രംഗത്തെത്തി. മോശം അനുഭവമാണ് ഉണ്ടായതെന്ന് പെണ്‍കുട്ടികൾ പറയുന്നു. അടിവസ്‌ത്രം അഴിപ്പിച്ചതോടെ മുടി മുന്നിലേക്ക് ഇട്ട് ഇരുന്നാണ് പരീക്ഷ എഴുതിയത്. പരീക്ഷ കഴിഞ്ഞ് കോളേജിൽ വച്ച് അടിവസ്ത്രം ഇടാൻ അനുവദിച്ചില്ലെന്നും പെണ്‍കുട്ടികൾ പരാതിപ്പെടുന്നു. എന്നാല്‍, താൻ നടത്തിയ അന്വേഷണത്തിൽ കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ചതായി തെളിവ് കിട്ടിയിട്ടില്ലെന്നാണ് നീറ്റ് ജില്ലാ കോ – ഓർഡിനേറ്റർ എൻ ജെ ബാബു പറയുന്നത്.  

സംഭവത്തിൽ പരീക്ഷയുടെ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന ഏജൻസിയിലെ ജീവനക്കാർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിക്കൽ, സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റം എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. 

Read Also: NEET Exam : നീറ്റ് പരീക്ഷാ തട്ടിപ്പ് : അറസ്റ്റിലായ പ്രതികൾ നടത്തിയത് വൻ റാക്കറ്റെന്ന് കണ്ടെത്തൽ

Follow Us:
Download App:
  • android
  • ios