71ാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ നിരണം, വിയപുരം, മേൽപ്പാടം എന്നീ ചുണ്ടൻ വള്ളങ്ങള്‍ ഹീറ്റ്സിൽ മികച്ച സമയം കുറിച്ച് ഫൈനൽ മത്സരത്തിന് യോഗ്യത നേടി. ഫൈനൽ അൽപ്പസമയത്തിനകം നടക്കും
ആലപ്പുഴ: 71ാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ ചുണ്ടൻ വള്ളങ്ങളുടെ ഫൈനൽ അൽപ്പസമയത്തിനകം നടക്കും. ഹീറ്റ്സ് മത്സരത്തിൽ മികച്ച സമയവുമായി നടുഭാഗം ചുണ്ടൻ ഒന്നാമതെത്തി. കാരിച്ചാൽ ചുണ്ടൻ ഫൈനൽ കാണാതെ പുറത്തായി. നടുഭാഗം, നിരണം, വീയപുരം, മേൽപ്പാടം എന്നീ ചുണ്ടൻ വള്ളങ്ങളാണ് ഹീറ്റ്സിൽ മികച്ച സമയം കുറിച്ച് ഫൈനൽ മത്സരത്തിന് യോഗ്യത നേടിയത്. അൽപ്പസമയത്തിനകം പുന്നടമക്കായിലെ ജലരാജാവ് ആരാണെന്ന് അറിയാനുള്ള ചുണ്ടൻ വള്ളങ്ങളുടെ ഫൈനൽ നടക്കും. അതേസമയം, ഫൈനലിലെത്തിയ നടുഭാഗം ചുണ്ടനിൽ ഇതര സംസ്ഥാന തുഴക്കാര്‍ കൂടതലാണെന്ന പരാതിയുമായി യുബിസിയും പിബിസിയും രംഗത്തെത്തി. ഇതുസംബന്ധിച്ച് സംഘാടകര്‍ക്ക് ക്ലബ്ബുകള്‍ പരാതി നൽകി.
ഫൈനൽ ലൈനപ്പ് (ഹീറ്റ്സിലെ സമയം )
നടുഭാഗം (4.20.904) -പുന്നമട ബോട്ട് ക്ലബ്
നിരണം (4.21.269)- നിരണം ബോട്ട് ക്ലബ്
വീയപുരം (4.21.810)- കൈനകരി വില്ലേജ് ബോട്ട് ക്ലബ്
മേൽപ്പാടം (4.22.123)- പള്ളാത്തുരുത്തി ബോട്ട് ക്ലബ്
ഫൈനലിൽ മേൽപ്പാടം ട്രാക്ക് ഒന്നിലും നിരണം രണ്ടാം ട്രാക്കിലും നടുഭാഗം മൂന്നാം ട്രാക്കിലും വീയപുരം നാലാം ട്രാക്കിലും മത്സരിക്കും.4 മിനുട്ട് 30 സെക്കന്‍ഡിലാണ് കാരിച്ചാൽ ഹീറ്റ്സ് പൂര്‍ത്തിയാക്കിയത്. ആറ് ഹീറ്റ്സ് മത്സരങ്ങളാണ് നടന്നത്. വിവിധ ജില്ലകളിൽ നിന്നായി വൻ ജനാവലിയാണ് നെഹ്റു ട്രോഫി വള്ളംകളിക്ക് സാക്ഷിയാകാനെത്തിയിരിക്കുന്നത്. ഉച്ചയ്ക്ക് രണ്ടുമണിക്കാണ് ചുണ്ടൻ വള്ളങ്ങളുടെ പ്രാഥമിക മത്സരം ആരംഭിച്ചത്. വൈകിട്ട് അഞ്ചരയോടെയാണ് ഫൈനൽ മത്സരം നടക്കുക.
കുറ്റമറ്റ സ്റ്റാർട്ടിങ്ങും ഫിനിഷിങ്ങും ഉറപ്പാക്കുന്നതിന് വേണ്ടിയുള്ള സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഫലപ്രഖ്യാപനത്തെ കുറിച്ചുള്ള പരാതികൾ ഒഴിവാക്കാൻ ഇത്തവണ വെർച്ചൽ ലൈനോടുകൂടിയ ഫിനിഷിംഗ് സംവിധാനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. മത്സര വള്ളം കളിയിൽ 21 ചുണ്ടൻ വള്ളങ്ങൾ അടക്കം 75 വള്ളങ്ങളാണ് മത്സരിക്കുന്നത്.നിലവിലെ ജേതാക്കളായ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന് ഇത്തവണ ജയിച്ചാൽ ഡബിൾ ഹാട്രിക്ക് നേട്ടമാകും. കഴിഞ്ഞ തവണ നിസ്സാര സമയത്തിന് ട്രോഫി നഷ്ടപ്പെട്ട വില്ലേജ് ബോട്ട് ക്ലബ് കൈനകരി ഇത്തവണ വീണ്ടും വിയപുരം ചുണ്ടനിൽ ആണ് തുഴയുന്നത്.



