ഇവരുടെ ദുരവസ്ഥ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. വാർത്തക്ക് പിന്നാലെ സഹായം നൽകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രഖ്യാപിച്ചിരുന്നു.
പാലക്കാട്: നെൻമാറയിൽ കൊല്ലപ്പെട്ട സുധാകരന്റെ മക്കൾക്ക് ആശ്വാസം. മൂത്ത മകൾ അതുല്യയ്ക്ക് സർക്കാർ ജോലി നൽകും. ഇളയ മകൾ അഖിലയ്ക്ക് പഠനത്തിനായി സഹായവും നൽകും. മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. ഇവരുടെ ദുരവസ്ഥ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. വാർത്തക്ക് പിന്നാലെ സഹായം നൽകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രഖ്യാപിച്ചിരുന്നു. പാലക്കാട് ഡിസിസി പ്രസിഡൻ്റ് എ തങ്കപ്പൻ്റെ വീട്ടിൽവെച്ചാണ് സുധാകരൻ്റെയും സജിതയുടെയും മക്കളായ അതുല്യയെയും അഖിലയെയും രമേശ് ചെന്നിത്തല സന്ദർശിച്ചത്. മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച് ഉടൻ തീരുമാനമെടുക്കുമെന്നും ചെന്നിത്തല അറിയിച്ചിരുന്നു.
നെന്മാറയിൽ 2025 ജനുവരിയിലാണ് പോത്തുണ്ടി തിരുത്തംപാടത്ത് സുധാകരൻ (56), അമ്മ ലക്ഷ്മി (75) എന്നിവരെ അയൽവാസിയായ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. 2019 ഓഗസ്റ്റിൽ സുധാകരൻ്റെ ഭാര്യ സജിതയെ ചെന്താമര കൊലപ്പെടുത്തിയിരുന്നു. ചെന്താമരയും ഭാര്യയും തമ്മിലുള്ള പ്രശ്നങ്ങൾക്ക് കാരണം ഭാര്യയുടെ സുഹൃത്തായ സജിതയാണെന്ന് ആരോപിച്ചായിരുന്നു കൊലപാതകം. ഇതിന് ശേഷം പൊലീസ് പിടിയിലായ ചെന്താമര, ജാമ്യം ലഭിച്ചു പുറത്തിറങ്ങിയ ശേഷമായിരുന്നു സുധാകരനെയും ലക്ഷ്മിയെയും കൊലപ്പെടുത്തിയത്. തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ച ചെന്താമരയെ നാട്ടുകാരും പൊലീസും ചേർന്ന് പിടികൂടുകയായിരുന്നു. കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ ചെന്താമരയ്ക്ക് 2026 ജൂലൈ മാസം 20ന് പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വധശിക്ഷ വിധിച്ചത്. കേസ് അപൂർവങ്ങളിൽ അപൂർവമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിവിധി.






