ബാംഗ്ലൂരിൽ നിന്നും കൊച്ചിയിൽ വിൽപ്പനയ്ക്ക് എത്തിച്ച 41.56 ഗ്രാം എംഡിഎംഎയുമായി നേപ്പാൾ സ്വദേശിയായ യുവാവും അസം സ്വദേശിയായ യുവതിയും പാലാരിവട്ടത്ത് അറസ്റ്റിലായി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്.
കൊച്ചി: നേപ്പാൾ സ്വദേശിയും യുവതിയും എറണാകുളം പാലാരിവട്ടം പൊലീസിൻ്റെ പിടിയിലായി. ബാംഗ്ലൂരിൽ നിന്നും രാസലഹരിയുമായി കൊച്ചിയിലെത്തിയപ്പോഴാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതികൾ വലയിലായത്. നേപ്പാളിലെ സാന്താപുർ നാജിൻ ടോലെ സ്വദേശി പൊക്കാറെൽ ടിക്കാറാം (29), അസമിലെ മാരിഗോൻ ഹാർട്ടിമുറിയ സ്വദേശി മുഹ്‌സിന മെഹബൂബ (24) എന്നിവരാണ് പിടിയിലായത്.
ബാംഗ്ലൂരിൽ നിന്നും ഉയർന്ന അളവിൽ എംഡിഎംഎ എറണാകുളത്തെത്തിച്ച് വിൽക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. പാലാരിവട്ടം പാലത്തിന് സമീപത്ത് നിന്നാണ് ഇരുവരെയും പൊലീസ് പിടികൂടിയത്. ഈ സമയത്ത് പ്രതികളുടെ കൈവശം 41.56 ഗ്രാം എംഡിഎംഎയാണ് ഉണ്ടായിരുന്നത്. ഇത് പൊലീസ് പിടിച്ചെടുത്തു.
പ്രതികളെ കുറിച്ച് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യക്ക് നേരത്തെ തന്നെ രഹസ്യ വിവരം ലഭിച്ചിരുന്നതായാണ് വിവരം. തുടർന്ന് നാർകോട്ടിക് സെൽ അസിസ്റ്റൻ്റ് കമ്മീഷണർ കെഎ അബ്‌ദുൾ സലാമിൻ്റെ നേതൃത്വത്തിലായിരുന്നു പരിശോധന. കൊച്ചി സിറ്റി ഡാൻസാഫ് സംഘമാണ് പ്രതികളെ പിടികൂടിയത്. പിന്നീട് പ്രതികളെ പാലാരിവട്ടം പൊലീസ് സ്റ്റേഷനിലെത്തിച്ചു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.



