തിരുവനന്തപുരം: നേപ്പാളിൽ മരണമടഞ്ഞ മലയാളികളായ എട്ട് വിനോദസഞ്ചാരികളുടെ മൃതദേഹങ്ങൾ, നടപടികൾ പൂർത്തിയാക്കി എത്രയും വേഗം നാട്ടിൽ എത്തിക്കുന്നതിന് നേപ്പാൾ പൊലീസ് അടിയന്തര നടപടി സ്വീകരിക്കും. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്‌റ നേപ്പാൾ പൊലീസ് മേധാവിയുമായി ഫോണിൽ സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണിത്.

ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നിർദ്ദേശപ്രകാരമാണ് സംസ്ഥാന പൊലീസ് മേധാവി നേപ്പാൾ പൊലീസുമായി ബന്ധപ്പെട്ടത്. പോസ്റ്റ്മോർട്ടം  ഉൾപ്പടെയുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിൽ എത്തിക്കാനാണ് നേപ്പാൾ പൊലീസിന്റെ സഹായം തേടിയത്. ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടെന്നും നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ അവർ ശ്രമിച്ചുവരികയാണെന്നും സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു.

കുന്നമംഗലം, ചെമ്പഴന്തി സ്വദേശികളെയാണ് നേപ്പാളിലെ ഹോട്ടൽ മുറിയ്ക്കകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.  മരിച്ചവരിൽ നാല് പേർ കുട്ടികളാണ്. രണ്ട് പേർ സ്ത്രീകളും രണ്ട് പേർ പുരുഷന്മാരുമാണ്. ദമാനിൽ ഇവർ താമസിച്ചിരുന്ന എവറസ്റ്റ് പനോരമ റിസോർട്ടിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.  പ്രവീൺ കുമാർ നായർ(39), ശരണ്യ(34), ടിബി രഞ്ജിത്ത് കുമാർ(39), ഇന്ദു രഞ്ജിത്ത്(35), ശ്രീഭദ്ര(ഒൻപത്), അഭിനബ് സൊരയ (ഒൻപത്), അബി നായർ(ഏഴ്), ബൈഷ്ണബ് രഞ്ജിത്ത്(രണ്ട്) എന്നിവരാണ് മരിച്ചത്. 

Also Read: നേപ്പാളിൽ നാല് കുട്ടികളടക്കം എട്ട് മലയാളികളെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി