Asianet News MalayalamAsianet News Malayalam

രവീന്ദ്രൻ പട്ടയം; പുതിയ അപേക്ഷ സ്വീകരിച്ചു തുടങ്ങിയിട്ടില്ല, വ്യാജ പ്രചാരണങ്ങളിൽ വഞ്ചിതരാകരുതെന്നറിയിപ്പ്

ഔദ്യോഗിക അറിയിപ്പ് ലഭിച്ചതിന് ശേഷം അപേക്ഷ സമർപ്പിച്ചാൽ മതി. പട്ടയ അപേക്ഷ സംബന്ധിച്ച വ്യാജ പ്രചാരണങ്ങളിൽ വഞ്ചിതരാകരുത് എന്നും തഹസിൽദാർ അറിയിച്ചു. 

new application for raveendran pattayam  has not been accepted says devikulam thahasildar
Author
Devikulam, First Published Jan 23, 2022, 9:23 AM IST

ദേവികുളം: രവീന്ദ്രൻ പട്ടയങ്ങൾക്കുള്ള (Raveendran Pattayam) പുതിയ അപേക്ഷ സ്വീകരിച്ചു തുടങ്ങിയിട്ടില്ലെന്നു ദേവികുളം (Devikulam) തഹസിൽദാരുടെ അറിയിപ്പ്. ഔദ്യോഗിക അറിയിപ്പ് ലഭിച്ചതിന് ശേഷം അപേക്ഷ സമർപ്പിച്ചാൽ മതി. പട്ടയ അപേക്ഷ സംബന്ധിച്ച വ്യാജ പ്രചാരണങ്ങളിൽ വഞ്ചിതരാകരുത് എന്നും തഹസിൽദാർ അറിയിച്ചു. 

അതേസമയം,  ദേവികുളം താലൂക്കിൽ എം ഐ രവീന്ദ്രൻ നൽകിയ 530 പട്ടയങ്ങളിൽ 104 എണ്ണം മാത്രമാണ് ലാൻറ് അസൈൻമെൻറ് കമ്മറ്റി പാസാക്കിയത് എന്ന്  വിജിലൻസ് കണ്ടെത്തി. നടപടി ക്രമങ്ങൾ കൃത്യമായി പാലിക്കാതെയാണ് ഭൂരിഭാഗം പട്ടയങ്ങളും തയ്യാറാക്കിയത്. ചുരുക്കത്തിൽ 530 പട്ടയം റദ്ദാക്കുമ്പോൾ പുതിയതായി പട്ടയം കിട്ടുന്നത് അർഹരായ കുറച്ചു പേർക്ക് മാത്രമായിരിക്കും. 

ദേവികുളം താലൂക്കിലെ ഒൻപതു വില്ലേജുകളിലായാണ് എം ഐ രവീന്ദ്രൻ പട്ടയം നൽകിയത്. അപേക്ഷ നൽകുന്നതു മുതൽ ഒൻപതു നടപടി ക്രമങ്ങൾ പൂർത്തിയാക്കിയാണ് പട്ടയം അനുവദിക്കുന്നത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ലാൻറ് അസൈൻമെൻറ് കമ്മറ്റിയുടെ അംഗീകാരം. 1999 ൽ പട്ടയം അനുവദിക്കുമ്പോൾ മൂന്നു തവണയാണ് ലാൻറ് അസൈൻമെൻറ് കമ്മറ്റി യോഗം ചേർന്നത്. ഈ യോഗങ്ങളിൽ 104 പട്ടയം അനുവദിക്കാനാണ് അനുമതി നൽകിയതെന്ന് എം ഐ രവീന്ദ്രൻ തന്നെ വിജിലൻസിന് മൊഴി നൽകിയിട്ടുണ്ട്. മൂന്നാർ ടൗൺ ഉൾപ്പെടുന്ന കെഡിഎച്ച് വില്ലേജിൽ മാത്രം 105 പട്ടയങ്ങൾ നൽകിയിട്ടുണ്ട്.

അപേക്ഷ നൽകിയ അന്നു തന്നെ പട്ടയം അനുവദിച്ച കേസുകളും വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തി. അതോടൊപ്പം നിരവധി പട്ടയങ്ങളിൽ അപേക്ഷ മുതൽ പട്ടയം വരെ ഒൻപത് രേഖകളും എഴുതിയത് എം ഐ രവീന്ദ്രനാണ്. തൻറെ ഒപ്പിട്ട് നിരവധി വ്യാജപ്പട്ടയങ്ങൾ മറ്റാരോ തയ്യാറാക്കിയിട്ടുണ്ടെന്നും രവീന്ദ്രൻ വിജിലൻസിനോട് സമ്മതിച്ചിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios