പത്തനംതിട്ട മെഴുവേലിയിൽ നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി
പത്തനംതിട്ട: നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട മെഴുവേലിയിലാണ് സംഭവം. ഇലവുംതിട്ട പൊലീസാണ് മൃതദേഹം കണ്ടെത്തിയത്. 21 വയസുള്ള അവിവാഹിതയാണ് കുഞ്ഞിന് ജന്മം നൽകിയത്. ഇവരുടെ ആൾപാർപ്പില്ലാത്ത അയൽവീട്ടിലെ പറമ്പിലാണ് കുഞ്ഞിനെ ഉപേക്ഷിച്ചത്.
രക്തസ്രാവത്തെ തുടർന്ന് ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ അവിവാഹിതയായ 21 കാരി ഇന്ന് രാവിലെ ചികിത്സയ്ക്കെത്തിയിരുന്നു. പരിശോധനയിൽ യുവതി പ്രവസിച്ചിട്ടുണ്ടെന്ന് ഡോക്ടർമാർ കണ്ടെത്തി. കുഞ്ഞിനെ കുറിച്ച് ചോദിച്ചപ്പോൾ പരസ്പരവിരുദ്ധമായ മൊഴികളാണ് നൽകിയത്. ഇതോടെ, ഇലവുംതിട്ട പൊലീസിനെ ആശുപത്രി അധികൃതർ വിവരമറിയിച്ചു. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് യുവതിയുടെ അയൽപക്കത്തെ വീട്ടുപറമ്പിൽ നിന്ന് തന്നെ മൃതദേഹം കണ്ടെത്തിയത്.
ബിരുദ പഠനം പൂർത്തിയാക്കിയ 21 കാരി നിർധന കുടുംബത്തിലെ ഇളയ മകളാണ്. അമ്മയിൽ നിന്നും മൂത്ത സഹോദരിയിൽ നിന്നും പൊലീസ് പ്രാഥമിക വിവരങ്ങൾ തേടി. ചികിത്സയിലുള്ള യുവതിയെ വിശദമായി ചോദ്യം ചെയ്ത ശേഷം കേസിൽ വ്യക്തത വരുത്താനാണ് പൊലീസിൻ്റെ ശ്രമം. നവജാത ശിശുവിന്‍റെ മരണ കാരണം തിരിച്ചറിയാൻ നാളെ കോന്നി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തും. കുഞ്ഞിനെ അപായപ്പെടുത്തിയതെന്ന് ബോധ്യമാവുകയാണെങ്കിൽ യുവതിയെ കൂടാതെ മൃതദേഹം ഉപേക്ഷിക്കാൻ കൂട്ടു നിന്നവരും പ്രതികളാകും.


