ആറ് നിലകളുള്ള സ്ത്രീകളുടെയും കുട്ടികളുടെയും വിഭാഗം പണി തീർത്ത് കൈമാറിയിട്ട് ഒരു കൊല്ലമായി
വയനാട്: ബത്തേരി താലൂക്ക് ആശുപത്രിയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി നിര്‍മിച്ച വിഭാഗം ഇനിയും ഉദ്ഘാടനം ചെയ്യാതെ കിടക്കുന്നു. നിർമാണം കഴിഞ്ഞ് ഒരു വർഷമായിട്ടും പ്രവർത്തനം ആരംഭിക്കാഞ്ഞതോടെ ആശുപത്രിയിലെ ആധുനികമായ യന്ത്രങ്ങള്‍ പലതും തകരാറിലാകുന്ന സ്ഥിതിയാണ്. 25 കോടി രൂപ മുടക്കിയാണ് സർക്കാർ പുതിയ വിഭാഗം പൂര്‍ത്തിയാക്കിയത്.
കേരളത്തില്‍ ആരോഗ്യരംഗത്ത് ഏറ്റവും കൂടുതല്‍ പ്രതിസന്ധി അനുഭവിക്കുന്ന ജില്ലയാണ് വയനാട്. അവിടെയാണ് ആരോഗ്യവകുപ്പിന്‍റെ ഈ ക്രൂരത. ആറ് നിലകളുള്ള സ്ത്രീകളുടെയും കുട്ടികളുടെയും വിഭാഗം പണി തീർത്ത് കൈമാറിയിട്ട് ഒരു കൊല്ലമായി. എന്നിട്ടും തുറക്കാൻ ഒരു നടപടിയും ഇല്ല. പല തവണ പ്രതിഷേധങ്ങളും സമരങ്ങളും ഉയർന്നിട്ടും അധികൃതർക്ക് ഒരു കുലുക്കവും ഇല്ല. 133 ജീവനക്കാരെ താല്‍ക്കാലികമായി വെച്ചാണ് നല്ല തിരക്കുണ്ടായിട്ടും ബത്തേരി ആശുപത്രി കഷ്ടിച്ച് പ്രവർത്തിക്കുന്നത്. പുതിയ വിഭാഗം തുറന്നാൽ ഡോക്ടർമാരെയും നഴ്സുമാരെയും മറ്റ് ജീവനക്കാരെയും അധികമായി നിയമിക്കേണ്ടി വരുമെന്നതിലെ പ്രതിസന്ധിയാണ് കെട്ടിടം ഉദ്ഘാടനം ചെയ്യാതിരിക്കുന്നതിന് കാരണമെന്നാണ് വിവരം.
അത്യാധുനിക ചികിത്സ യന്ത്രങ്ങളാണ് മാതൃ ശിശു വിഭാഗത്തില്‍ കോടികള്‍ ചിലവിട്ട് വാങ്ങിയിരിക്കുന്നത്. ഉടൻ പ്രവർത്തനം തുടങ്ങുമെന്ന തരത്തിലായിരുന്നു എല്ലാം സജ്ജീകരിച്ചത്. എന്നാല്‍ ഒരു വർഷം കഴിഞ്ഞിരിക്കെ ഇതില്‍ ഏതൊക്കെ സംവിധാനങ്ങള്‍ നശിച്ചുപോയിട്ടുണ്ടെന്ന ആശങ്ക ആത്മാർത്ഥയുള്ള ജീവനക്കാർക്ക് ഉണ്ട്. കേടാകാതിരിക്കാൻ ഇടക്ക് ഇതൊക്കെ ഓണ്‍ ചെയ്ത് നോക്കുക മാത്രമാണ് ചെയ്യാവുന്ന ഏക കാര്യമെന്നും പലരും പറയുന്നു. ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലാത്തതിന്‍റെ പ്രതിസന്ധി നിലവിലുണ്ട്.

