20 കോടി രൂപ ചെലവിൽ നിർമ്മിച്ച ആധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ കെട്ടിടമാണ് ഉദ്ഘാടനം ചെയ്യുന്നത്.
തിരുവനന്തപുരം: പെരളശ്ശേരി എകെജി സ്മാരക ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിന്റെ പുതിയ കെട്ടിടം ഫെബ്രുവരി 15 -നു ഉദ്ഘാടനം ചെയ്യുമെന്ന് മുഖ്യമന്ത്രി. കെട്ടിടത്തിന്റെ പഴയതും പുതിയതുമായ ചിത്രം പങ്കുവച്ചാണ് മുഖ്യമന്ത്രി ഫേസ്ബുക്കിൽ മുഖ്യമന്ത്രിയുടെ കുറിപ്പ്. 20 കോടി രൂപ ചെലവിൽ നിർമ്മിച്ച ആധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ കെട്ടിടമാണ് ഉദ്ഘാടനം ചെയ്യുന്നത്.
കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖല സമാനതകളില്ലാത്ത നേട്ടങ്ങളുമായി കുതിപ്പു തുടരുകയാണ് എന്ന് തുടങ്ങുന്ന കുറിപ്പിൽ അടച്ചുപൂട്ടലിന്റെ വക്കിലായിരുന്ന സ്കൂളുകൾ ലോകശ്രദ്ധ നേടുന്ന മികവിന്റെ കേന്ദ്രങ്ങളാക്കി പൊതുവിദ്യാലയങ്ങളെ മാറ്റാൻ എൽഡിഎഫ് സർക്കാരിനു സാധിച്ചുവെന്നും മുഖ്യമന്ത്രി കുറിപ്പിൽ പറഞ്ഞു.
മുഖ്യമന്ത്രിയുടെ കുറിപ്പിങ്ങനെ..
കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖല സമാനതകളില്ലാത്ത നേട്ടങ്ങളുമായി കുതിപ്പു തുടരുകയാണ്. കഴിഞ്ഞ എട്ടു വർഷങ്ങൾക്കിടയിൽ പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളിൽ സ്വപ്നതുല്യമായ മാറ്റങ്ങൾ കൊണ്ടുവരാൻ നമുക്കു സാധിച്ചു. പ്രാഥമിക വിദ്യാഭ്യാസ മേഖലയിലെ കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊണ്ട് വിദ്യാലയങ്ങളെ ആധുനികവൽക്കരിച്ചും പഠന സമ്പ്രദായങ്ങൾ നവീകരിച്ചുമാണ് കേരളം മുന്നോട്ടു പോകുന്നത്. പെരളശ്ശേരി എ.കെ.ജി സ്മാരക ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ ഫെബ്രുവരി 15 -നു ഉദ്ഘാടനം ചെയ്യപ്പെടാൻ പോകുന്നത് 20 കോടി രൂപ ചെലവിൽ നിർമ്മിച്ച ആധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ കെട്ടിടമാണ്.
5 കോടി രൂപ ചെലവിൽ നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ഇതിനകം കഴിഞ്ഞു. അശ്രദ്ധയും അവഗണനയും കാരണം തകർച്ച നേരിടുകയും വിദ്യാർത്ഥികളുടെ അഭാവത്തിൽ അടച്ചുപൂട്ടൽ ഭീഷണി നേരിടേണ്ടി വരികയും ചെയ്തിരുന്ന അവസ്ഥയിൽ നിന്നും ലോകശ്രദ്ധ നേടുന്ന മികവിന്റെ കേന്ദ്രങ്ങളാക്കി പൊതുവിദ്യാലയങ്ങളെ മാറ്റാൻ എൽഡിഎഫ് സർക്കാരിനു സാധിച്ചു. വിദ്യാലയത്തിന്റെ ഈ നേട്ടം പൂർവ്വ വിദ്യാർത്ഥി എന്ന നിലയിൽ വ്യക്തിപരമായ സന്തോഷം കൂടിയാണ്. എല്ലാവർക്കും ഒരുപോലെ മികച്ച വിദ്യാഭ്യാസ സൗകര്യങ്ങൾ ഉറപ്പു വരുത്തേണ്ടതുണ്ട്. അതു സാക്ഷാൽക്കരിക്കാനായി നിശ്ചയദാർഢ്യത്തോടെ സർക്കാർ മുന്നോട്ടു പോകും.
