കൊച്ചി: സ്വപ്ന സുരേഷിനെതിരെ കസ്റ്റംസ് ചുമത്തിയ പുതിയ കേസിന്‍റെ വിശദാംശങ്ങൾ പുറത്ത്. രാജ്യത്ത് നിന്ന് അനധികൃതഡോളർ വിദേശത്തേക്ക് കടത്തിയതിൽ എം ശിവശങ്കറിന് പങ്കുണ്ടെന്നാണ് കസ്റ്റംസ് വൃത്തങ്ങൾക്ക് ലഭിച്ചിരിക്കുന്ന വ്യക്തമായ വിവരം. വിദേശത്തേക്ക് കടത്തിയത് 1.90 ലക്ഷം യുഎസ് ഡോളറാണ്. ഈ ഡോളർ കിട്ടാൻ ബാങ്കുദ്യോഗസ്ഥരിൽ ശക്തമായ സമ്മർദ്ദം ചെലുത്തിയ ശിവശങ്കറാണെന്നാണ് കസ്റ്റംസിന് വ്യക്തമായി കിട്ടിയ വിവരം.

വൻസമ്മർദ്ദം മൂലമാണ് ഡോളർ കൈമാറിയതെന്ന് ബാങ്ക് ഉദ്യോഗസ്ഥൻ പറ‍ഞ്ഞതായുള്ള മൊഴിയും കസ്റ്റംസിന്‍റെ പക്കലുണ്ട്. ഈ പണമാണ് പിന്നീട് കവടിയാറിലെ കഫേ കോഫി ഡേയ്ക്ക് മുന്നിൽ വച്ച് കോൺസുലേറ്റിലെ ധനകാര്യവിഭാഗത്തിന്‍റെ ചുമതലയിലുണ്ടായിരുന്ന ഖാലിദിന് കൈമാറുന്നത്. ഖാലിദാണ് ഈ തുക വിദേശത്തേക്ക് കടത്തിയത്. ഇങ്ങനെ പണം കൈമാറിയ വിവരം കൈരളി ചാനൽ എംഡി ജോൺ ബ്രിട്ടാസ് അവരുടെ എഡിറ്റോറിയൽ പരിപാടിയിൽ വെളിപ്പെടുത്തുകയും, അത്തരം വിവരം തനിക്കുണ്ടെന്ന്, ധനമന്ത്രി തോമസ് ഐസക് സമ്മതിക്കുകയും ചെയ്തിരുന്നു.

ഈ ഇടപാടിനായി സ്വപ്നപ്രഭാസുരേഷ്, സന്ദീപ് നായർ, എം ശിവശങ്കർ എന്നിവർ ഗൂഢാലോചന നടത്തിയെന്നാണ് കസ്റ്റംസിന്‍റെ കണ്ടെത്തൽ. ഇതിന്‍റെ അടിസ്ഥാനത്തിലാണ് രണ്ട് തവണ ശിവശങ്കറിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. എന്നാൽ രണ്ട് തവണയും ശിവശങ്കർ ചോദ്യം ചെയ്യാനെത്തിയില്ല. ആരോഗ്യകാര്യങ്ങൾ പറഞ്ഞ് ഒഴിഞ്ഞുമാറി. കൃത്യമായ നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിൽ ശിവശങ്കറിനെ പ്രതി ചേർക്കാമെന്ന നീക്കത്തോടെ മുന്നോട്ടുപോകുകയായിരുന്നു കസ്റ്റംസ്. ആദ്യഘട്ട ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റിലേക്ക് നീങ്ങുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പുതിയ OR - Occurance Report കൊച്ചിയിലെ പ്രത്യേക സാമ്പത്തിക കുറ്റകൃത്യകോടതിയിൽ റജിസ്റ്റ‍ർ ചെയ്യുകയും ചെയ്തു. 

എം ശിവശങ്കറിന്‍റെ ചോദ്യം ചെയ്യൽ അങ്ങനെ നിർണായകമായ വഴിത്തിരിവിലെത്തിയപ്പോഴാണ് അദ്ദേഹം ആശുപത്രിയിൽ അനാരോഗ്യം മൂലം പ്രവേശിപ്പിക്കപ്പെടുന്നത്. സ്വപ്ന സുരേഷ് വിദേശത്തേക്ക് ഡോളർ അടക്കമുള്ള വിദേശനാണ്യം കടത്തിയ കേസിൽ എമിഗ്രേഷൻ വിഭാഗത്തിൽ നിന്നും കസ്റ്റംസ് വിവരങ്ങൾ ശേഖരിച്ചതായി തിരുവനന്തപുരം ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നു. സ്വപ്നയ്ക്ക് ഒപ്പം വിദേശയാത്ര നടത്തിയവരുടെ വിവരങ്ങളാണ് ശേഖരിച്ചത്. 

ഇതിന് മുമ്പ് രണ്ട് തവണ ചോദ്യം ചെയ്യാനായി കസ്റ്റംസ് ശിവശങ്കറിനെ വിളിച്ചിരുന്നെങ്കിലും അദ്ദേഹം ഒഴിഞ്ഞുമാറുകയായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച വിളിച്ചെങ്കിലും അദ്ദേഹം എത്താനാകില്ലെന്ന് പറഞ്ഞു. അതിന് ശേഷം, വെള്ളിയാഴ്ചയും അദ്ദേഹത്തെ കസ്റ്റംസ് വിളിച്ചു. അപ്പോഴും അസുഖമുണ്ടെന്നും, ആരോഗ്യപ്രശ്നമുണ്ടെന്നും അദ്ദേഹം കസ്റ്റംസിനോട് പറഞ്ഞു. എന്താണ് അസുഖമെന്ന കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ചോദ്യത്തിന് എം ശിവശങ്കർ കൃത്യമായ വിവരങ്ങൾ നൽകിയതുമില്ല. 

ഇതേത്തുടർന്നാണ് കസ്റ്റംസ് നേരിട്ടെത്തി ശിവശങ്കറിന് ചോദ്യം ചെയ്യാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകുന്നത്. അത് പരിശോധിച്ചപ്പോഴാണ് സ്വർണക്കടത്ത് കേസല്ല, പുതിയൊരു കേസ് നമ്പറാണ് നോട്ടീസിലുള്ളതെന്ന് എം ശിവശങ്കറിന് മനസ്സിലായത്. കസ്റ്റംസ് ആക്ടിലെ 108- പ്രകാരം അന്വേഷണ ഉദ്യോഗസ്ഥന് കേസിൽ ബന്ധമുണ്ടെന്ന് വിവരം ലഭിക്കുന്നവരെ വിളിച്ചുവരുത്താനുള്ള നോട്ടീസാണ് ശിവശങ്കറിന് നൽകിയത്. ഇതിന് പിന്നാലെ നോട്ടീസിലെ വിവരങ്ങൾ കൊച്ചിയിലെ അഭിഭാഷകരുമായി ശിവശങ്കർ ചർച്ച ചെയ്തു. ചോദ്യം ചെയ്യൽ നീട്ടിവയ്ക്കാൻ കഴിയുമോ എന്ന് വീണ്ടും ശിവശങ്കർ ഉദ്യോഗസ്ഥരോട് ആരാഞ്ഞു. ഇല്ല, വന്നേ തീരൂ എന്ന് ഉദ്യോഗസ്ഥർ പറഞ്ഞതോടെ, അദ്ദേഹം വീട്ടിൽ നിന്ന് ഉദ്യോഗസ്ഥരോടൊപ്പം തിരുവനന്തപുരത്തെ കസ്റ്റംസ് ഓഫീസിലേക്ക് പോകുന്നതിനിടെയാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. 

Read more at: കസ്റ്റംസ് ശിവശങ്കറിന് നോട്ടീസ് നൽകിയത് സ്വർണക്കടത്തിലല്ല, പുതിയ കേസിൽ, അറസ്റ്റിലേക്ക്