പുതിയ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും മറ്റ് ഭാരവാഹികളും ഇന്ന് ഡൽഹിയിൽ ഹൈക്കമാൻഡ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, ദീപ ദാസ് മുൻഷി തുടങ്ങിയവർ കൂടിക്കാഴ്ചയിൽ പങ്കെടുക്കും.
ദില്ലി: പുതിയ കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫും മറ്റ് ഭാരവാഹികളും ഇന്ന് ഹൈക്കമാന്‍ഡ് നേതാക്കളെ കാണും. വൈകീട്ട് നാല് മണിക്ക് എ ഐ സി സി ആസ്ഥാനത്താണ് കൂടിക്കാഴ്ച. രാഹുല്‍ ഗാന്ധി, മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ, കേരളത്തിന്‍റെ ചുമതലയുള്ള ജനറല്‍സെക്രട്ടറി ദീപ ദാസ് മുന്‍ഷി തുടങ്ങിയവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുക്കും. തെരഞ്ഞെടുപ്പുകള്‍ അടുത്ത് വരുമ്പോള്‍ നേതൃത്വത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ ഹൈക്കമാന്‍ഡ് നല്‍കും. പാര്‍ട്ടി പുനസംഘടനയുടെ ഭാഗമായുള്ള നേതൃത്വത്തിന്‍റെ നിലപാടും വിശദീകരിക്കും.
ഇന്നലെയാണ് കോണ്‍ഗ്രസിനെ ഭരണത്തിൽ തിരിച്ചെത്തിക്കുമെന്ന പ്രതീക്ഷയോടെ കെ പി സി സിയുടെ പുതിയ നേതൃത്വം ചുമതലയേറ്റത്. പ്രവര്‍ത്തകരുടെയും നേതാക്കളുടെയും ആവേശം നിറഞ്ഞു നിന്ന അന്തരീക്ഷത്തിലായിരുന്നു പുതിയ നേതൃത്വത്തിന്‍റെ സ്ഥാനരോഹണം. പിണറായി സര്‍ക്കാരിന്‍റെ ദുര്‍ഭരണം അവസാനിപ്പിക്കുമെന്നും പാര്‍ട്ടിയെ ഒറ്റക്കെട്ടായി നയിക്കുമെന്നും സ്ഥാനമേറ്റതിന് പിന്നാലെ പുതിയ കെ പി സി സി പ്രസിഡന്‍റ് സണ്ണി ജോസഫ് പറഞ്ഞിരുന്നു. സ്ഥാനരോഹണത്തിന് സാക്ഷിയാകാൻ പ്രവര്‍ത്തകരും നേതാക്കളും പാര്‍ട്ടി അസ്ഥാനത്തേയ്ക്ക് കൂട്ടത്തോടെ എത്തി. സ്ഥാനമൊഴിയുന്ന അധ്യക്ഷനിൽ നിന്ന് പുതിയ കെ പി സി സി പ്രസിഡന്‍റ് സണ്ണി ജോസഫ് ചുമതലയേറ്റതിനൊപ്പം യു ഡി എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശും വര്‍ക്കിങ് പ്രസിഡന്‍റുമാരായ പി സി വിഷ്ണുനാഥും ഷാഫി പറമ്പിലും എ പി അനിൽകുമാറും സ്ഥാനമേറ്റു. പുതിയ നേതൃത്വത്തിൽ വാനോളം പ്രശംസിച്ചും യു ഡി എഫ് അധികാരത്തിൽ തിരിച്ചെത്തുമെന്ന് പ്രതീക്ഷയര്‍പ്പിച്ചുമാണ് നേതാക്കള്‍ പ്രസംഗിച്ചത്. എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവരും പ്രസംഗിച്ചു. പാര്‍ട്ടിയെ ഒറ്റക്കെട്ടായി കൊണ്ടു പോകുമെന്ന് പുതിയ കെ പി സി സി അധ്യക്ഷനൻ പറഞ്ഞു. യു ഡി എഫിനെ അധികാരത്തിലെത്തിക്കുമെന്ന് പുതിയ കണ്‍വീനറും വ്യക്തമാക്കി. ചുമതലയേൽക്കും മുമ്പ് പുതിയ നേതൃത്വം പ്രവര്‍ത്തക സമിതി അംഗം എ കെ ആന്‍റണിയെ വീട്ടിലെത്തി കണ്ടിരുന്നു. പുതിയ കെ പി സി സി പ്രസിഡന്‍റിനെ കത്തോലിക്ക സഭ നിര്‍ദ്ദേശിച്ചെന്ന പ്രചാരണങ്ങള്‍ക്കിടെയാണ് സണ്ണി ജോസഫ് മലയോര കര്‍ഷകന്‍റെ പുത്രനെന്ന ആന്‍റണിയുടെ വാക്കുകള്‍ ഉണ്ടായതെന്നത് ശ്രദ്ധേയമായി.


